'ഹിന്ദുക്കള്‍ വില്ലന്‍മാരയാപ്പോള്‍ വിവാദമില്ല'; സൂര്യവന്‍ശിയിലെ മുസ്ലീം വിരുദ്ധതയെ ന്യായീകരിച്ച് രോഹിത്ത് ഷെട്ടി

'ഹിന്ദുക്കള്‍ വില്ലന്‍മാരയാപ്പോള്‍ വിവാദമില്ല'; സൂര്യവന്‍ശിയിലെ മുസ്ലീം വിരുദ്ധതയെ ന്യായീകരിച്ച് രോഹിത്ത് ഷെട്ടി

അക്ഷയ് കുമാര്‍ നായകനായ സൂര്യവന്‍ശിയിലെ മുസ്ലീം വിരുദ്ധതയെ ന്യായീകരിച്ച് സംവിധായകന്‍ രോഹിത്ത് ഷെട്ടി. ഇതിന് മുമ്പ് രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത മൂന്ന് സിനിമകളില്‍ ഹിന്ദുക്കളായിരുന്നു വില്ലന്‍മാര്‍. അന്ന് ഈ രീതിയിലുള്ള വിവാദങ്ങളും ചര്‍ച്ചകളും എന്താണ് ഉണ്ടാകാത്തതെന്നാണ് രോഹിത്ത് ഷെട്ടി ചോദിക്കുന്നത്. ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രോഹിത്ത് ഷെട്ടിയുടെ പ്രതികരണം.

രോഹിത്ത് ഷെട്ടി പറഞ്ഞത്:

'എന്റെ മൂന്ന് സിനിമകളില്‍ വില്ലന്‍മാരായി വന്നവര്‍ ഹിന്ദുക്കളായിരുന്നു. അതെന്താണ് വിവാദമാകാത്തത്? പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു തീവ്രവാദിയെ ചിത്രീകരിക്കുമ്പോള്‍ അയാളുടെ മതം എന്തായിരിക്കും? നമ്മള്‍ സിനിമയില്‍ ഒരാളുടെയും മതത്തെ കുറിച്ച് സംസാരിക്കുന്നില്ല. ചില വാര്‍ത്തകളില്‍ ഞാന്‍ കണ്ടു 'ബാഡ് മുസ്ലീംസ്' എന്ന ചിന്താഗതി പ്രചരിപ്പിക്കുന്നത് സവര്‍ണ്ണ ഹിന്ദുക്കളാണെന്ന്. അത് തെറ്റാണ്. സൂര്യവന്‍ശിയുടെ നിര്‍മ്മാണത്തില്‍ ഒരിക്കല്‍ പോലും ജാതിയെ കുറിച്ചോ മതത്തെ കുറിച്ചോ ഞങ്ങള്‍ ചിന്തിച്ചിട്ടില്ല. ഞങ്ങള്‍ സിനിമയില്‍ അത് പറയാന്‍ ശ്രമിച്ചിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ആളുകള്‍ അതേ കുറിച്ച് സംസാരിക്കുന്നത്. എന്തുകൊണ്ടാണ് നല്ല മനുഷ്യന്‍ ചീത്ത മനുഷ്യന്‍ എന്നത് അവരുടെ മതവുമായി ബന്ധപ്പെടുത്തുന്നത്. സിനിമയില്‍ ചിത്രീകരിച്ചത് തെറ്റായിരുന്നെങ്കില്‍ എല്ലാവരും അതേ കുറിച്ച് സംസാരിച്ചേനെ. എന്നാല്‍ അതേ കുറിച്ച് ചിലര്‍ മാത്രം സംസാരിക്കുകയാണെങ്കില്‍ അത് അവരുടെ ചിന്താഗതിയുടെ പ്രശ്‌നമാണ്. അത് അവരാണ് തിരുത്തേണ്ടത്.'

അതേസമയം സൂര്യവന്‍ശിയിലെ മുസ്ലീം വിരുദ്ധതയെ വിമര്‍ശിച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തക റാണാ അയൂബിന്റെ വാഷിങ്ങ്ടണ്‍ പോസ്റ്റിലെ ലേഖനം ചര്‍ച്ചയായിരുന്നു. സിനിമയില്‍ മിക്ക സീനുകളിലും സവര്‍ണ്ണ ഹിന്ദു കഥാപാത്രങ്ങള്‍ രാജ്യസ്‌നേഹത്തെ കുറിച്ച് പറയുമ്പോള്‍ മുസ്ലീം വില്ലന്‍മാര്‍ അതിനെതിരെ വെറുപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് റാണാ അയൂബ് പറയുന്നു.

'സൂര്യവന്‍ശി മുസ്ലീംവിരുദ്ധ സിനിമയാണ്. സിനിമയില്‍ പല സീനുകളിലും മുസ്ലീം വ്യക്തികള്‍ ഹിന്ദുക്കളായ സ്ത്രീകളെയും പെണ്‍കുട്ടികളെയും മതം മാറ്റുന്നതിനായി തട്ടിക്കൊണ്ട് പോവുകയും അവരോട് സൗഹൃദം പുലര്‍ത്തുകയും ചെയ്യുന്നു എന്നാണ് പറഞ്ഞുവെക്കുന്നത്. അത് മാത്രമല്ല സിനിമയില്‍ മിക്ക സീനുകളിലും സവര്‍ണ്ണ ഹിന്ദു കഥാപാത്രങ്ങള്‍ രാജ്യസ്‌നേഹത്തെ കുറിച്ച് പറയുമ്പോള്‍ മുസ്ലീം വില്ലന്‍മാര്‍ അതിനെതിരെ വെറുപ്പ് പ്രകടിപ്പിക്കുകയാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് റാണാ അയൂബ് പറയുന്നു്. സൂര്യവന്‍ശിയില്‍ 1993ലെ മുംബൈ സ്‌ഫോടനം ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍ 1992ലെ മുസ്ലീം വിരുദ്ധ കലാപാങ്ങള്‍ സൗകര്യപൂര്‍വ്വം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.' എന്നാണ് റാണാ അയൂബ് ലേഖനത്തില്‍ പറഞ്ഞത്.

The Cue
www.thecue.in