'ചുരുളി' നവംബര്‍ 19ന് സോണി ലിവ്വില്‍ റിലീസ്; ട്രെയ്‌ലര്‍

'ചുരുളി' നവംബര്‍ 19ന് സോണി ലിവ്വില്‍ റിലീസ്; ട്രെയ്‌ലര്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി റിലീസിന് ഒരുങ്ങുന്നു. ഒടിടി പ്ലാറ്റഫോമായ സോണി ലിവ്വില്‍ നവംബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സോണി ലിവ്വ് ചുരുളിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

ഐഎഫ്എഫ്‌കെ പ്രേക്ഷകര്‍ക്ക് വേണ്ടി ഒരുക്കിയ ചുരുളിയില്‍ നിന്ന് വ്യത്യസ്തമായ വേര്‍ഷനാണ് സോണി ലിവ്വില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ട് ചുരുളിയുടെ ഒടിടി റിലീസിനെ കുറിച്ച് ദ ക്യു അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. 19 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതെന്നും വിനയ് പറഞ്ഞു.

വിനോയ് തോമസിന്റെ കഥയെ ആധാരമാക്കിയാണ് ചുരുളി ഒരുക്കിയിരിക്കുന്നത്. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ. മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ തേടി ചെമ്പന്‍ വിനോദ് ജോസും, വിനയ് ഫോര്‍ട്ടും ഏറെ പ്രത്യേകതയുള്ള സ്ഥലത്തേക്ക് എത്തുന്നതാണ് പ്രമേയമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം.

ചുരുളിയുടെ ഭൂരിഭാഗം രംഗങ്ങളും കാട്ടിനകത്താണ് ചിത്രീകരിച്ചിരിക്കുന്നത്. വിനയ് ഫോര്‍ട്ടും ചെമ്പന്‍ വിനോദ് ജോസുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് താരങ്ങള്‍.

The Cue
www.thecue.in