'നയന്‍താര ഉള്‍പ്പടെ വലിയൊരു താരനിരയുണ്ട്'; ഗോള്‍ഡ് രസകരമായൊരു ത്രില്ലറായിരിക്കുമെന്ന് പൃഥ്വിരാജ്

'നയന്‍താര ഉള്‍പ്പടെ വലിയൊരു താരനിരയുണ്ട്'; ഗോള്‍ഡ് രസകരമായൊരു ത്രില്ലറായിരിക്കുമെന്ന് പൃഥ്വിരാജ്

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് രസകരമായൊരു ത്രില്ലറായിരിക്കുമെന്ന് നടന്‍ പൃഥ്വിരാജ്. നയന്‍താരക്കും തനിക്കും പുറമെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ടെന്നും പൃഥ്വിരാജ് പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ പൃഥ്വിരാജ് ഗോള്‍ഡിന്റെ ഷൂട്ടിങ്ങിലാണ്. നായകന് പുറമെ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് പൃഥ്വി. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് ഗോള്‍ഡ് നിര്‍മ്മിക്കുന്നത്.

പൃഥ്വിരാജ് പറഞ്ഞത്: 'ഞാന്‍ ഇപ്പോള്‍ ഗോള്‍ഡിന്റെ ചിത്രീകരണത്തിലാണ്. സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ഞാന്‍. അല്‍ഫോന്‍സ് പുത്രന്റെ ഇതുവരെയുള്ള സിനിമകള്‍ പോലെ തന്നെ ഗോള്‍ഡും രസകരമായൊരു എന്റര്‍ട്ടെയിനറായിരിക്കും. ഒരു നടന്‍ എന്ന നിലയില്‍ ഇത്രയധികം രസകരമായൊരു സിനിമയുടെ ഭാഗമാവാന്‍ എനിക്ക് സാധിച്ചു. സാധാരണ അങ്ങനെ സംഭവിക്കാറില്ല.

നയന്‍താരക്കും എനിക്കും പുറമെ ചിത്രത്തില്‍ 50 ആര്‍ട്ടിസ്റ്റുകളുണ്ട്. ഇതൊരു അല്‍ഫോന്‍സ് പുത്രന്‍ സിനിമയാണ് എന്നതിലുപരി ഒന്നും തന്നെ ഞാന്‍ പറയേണ്ട ആവശ്യമില്ല. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇതൊരു രസകരമായ ത്രില്ലര്‍ ചിത്രമായിരിക്കും. അല്‍ഫോന്‍സിന്റെ നേരം പോലെ എന്ന് വേണമെങ്കില്‍ പറയാം.'

പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അല്‍ഫോന്‍സ് പുത്രനാണ്. നിഴല്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര നായികയാവുന്ന മലയാളം ചിത്രവുമാണ് ഗോള്‍ഡ്. ഇതിന് മുമ്പ് ഫഹദ് ഫാസിലിനെയും നയന്‍താരയെയും കേന്ദ്ര കഥപാത്രമാക്കി പാട്ട് എന്നൊരു ചിത്രവും അല്‍ഫോന്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരുന്നു.

Related Stories

No stories found.