സുരേഷ് ഗോപിയുടെ 'കാവല്‍'; നവംബറില്‍ തിയറ്ററിലേക്ക്

സുരേഷ് ഗോപിയുടെ 'കാവല്‍'; നവംബറില്‍ തിയറ്ററിലേക്ക്

നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത് സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായ കാവലിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 25ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നേരത്തെ പൂര്‍ത്തിയായിരുന്നെങ്കിലും തിയറ്റര്‍ തുറക്കാത്ത സാഹചര്യത്തില്‍ റിലീസ് നീണ്ട് പോവുകയായിരുന്നു. സംസ്ഥാനത്ത് തിയറ്ററുകള്‍ വീണ്ടും തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് കാവലിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കാവല്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യേണ്ട സിനിമയാണെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു. തിയറ്ററില്‍ ഉത്സവ പ്രതീതി തീര്‍ക്കേണ്ട സിനിമയാണ്. അതിനാല്‍ ചിത്രം തിയറ്റര്‍ റിലീസ് അല്ലെങ്കില്‍ നില്‍ക്കില്ലെന്ന് സംവിധായകനും നിര്‍മ്മാതാവും അറിയിച്ചിരുന്നു.

'കാവലി'ല്‍ സുരേഷ് ഗോപിയോടൊപ്പം രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രഹണം. സഞ്ജയ് പടിയൂര്‍ - പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പ്രദീപ് രംഗന്‍ - മേയ്ക്കപ്പ്, മോഹന്‍ സുരഭി - സ്റ്റില്‍സ്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വരനെ ആവശ്യമുണ്ടാണ് അവസാനമായി റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായിരുന്നു. ജോഷി ചിത്രം പാപ്പന്‍, ഒറ്റക്കൊമ്പന്‍ എന്നിവയാണ് വരാനിരിക്കുന്ന സുരേഷ് ഗോപി ചിത്രങ്ങള്‍.

Related Stories

No stories found.