'ഞാന്‍ ആ സിനിമയുടെ നിര്‍മ്മാതാവോ സംവിധായകനോ അല്ല'; വാരിയംകുന്നനില്‍ നിന്നുള്ള പിന്‍മാറ്റം വ്യക്തിപരമല്ലെന്ന് പൃഥ്വിരാജ്

'ഞാന്‍ ആ സിനിമയുടെ നിര്‍മ്മാതാവോ സംവിധായകനോ അല്ല'; വാരിയംകുന്നനില്‍ നിന്നുള്ള പിന്‍മാറ്റം വ്യക്തിപരമല്ലെന്ന് പൃഥ്വിരാജ്

വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയത് തന്റെ വ്യക്തിപരമായ തീരുമാനമല്ലെന്ന് നടന്‍ പൃഥ്വിരാജ്. തന്റെ പുതിയ ചിത്രമായ ഭ്രമത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ആ സിനിമയുടെ നിര്‍മ്മാതാവോ സംവിധായകനോ അല്ല. അതിനാല്‍ ഈ വിഷയത്തില്‍ മറുപടി പറയേണ്ടത് അവരാണെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

വാരിയംകുന്നനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളും ചര്‍ച്ചകളും ശ്രദ്ധിച്ചിരുന്നോ എന്ന ചോദ്യത്തിനാണ് പൃഥ്വിരാജ് മറുപടി പറഞ്ഞത്.

പൃഥ്വിരാജ് പറഞ്ഞത്: 'ഞാന്‍ എന്റെ വ്യക്തി ജീവിതത്തിനും തൊഴില്‍ ജീവിതത്തിനും പുറത്തുനടക്കുന്ന കാര്യങ്ങള്‍ക്ക് മനപ്പൂര്‍വ്വം ശ്രദ്ധ കൊടുക്കാതിരിക്കുന്ന വ്യക്തിയാണ്. അത് എന്റെ ജീവിതവും തൊഴില്‍ മേഖലയും പഠിപ്പിച്ച കാര്യമാണ്. ആ സിനിമ ഞാന്‍ നിര്‍മ്മിക്കാനോ സംവിധാനം ചെയ്യാനോ തീരുമാനിച്ചിരുന്നില്ല. അതുകൊണ്ട് ഈ ചോദ്യം ചോദിക്കേണ്ടത് അതിന്റെ നിര്‍മ്മാതാക്കളോടും സംവിധായകനോടുമാണ്.'

മലയാള സിനിമയില്‍ റീമേക്കുകള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഭാഷയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് സഞ്ചരിക്കാന്‍ സാധിക്കുന്ന ചിത്രങ്ങളോടായിരിക്കും നിര്‍മ്മാതാക്കള്‍ക്കും കൂടുതല്‍ താത്പര്യം ഉണ്ടാവുക. സംവിധായകരും അത്തരം സിനിമകള്‍ സൃഷ്ടിക്കാനായിരിക്കും ഇനി ശ്രമിക്കുക എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രമായ അന്ധാദുന്നിന്റെ റീമേക്കാണ് ഭ്രമം. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ഭ്രമത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Related Stories

No stories found.