ഹിന്ദിയില്‍ നിര്‍മ്മാതാവായി പൃഥ്വിരാജ്; ഡ്രൈവിങ്ങ് ലൈസന്‍സ് റീമേക്കില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹഷ്മിയും

ഹിന്ദിയില്‍ നിര്‍മ്മാതാവായി പൃഥ്വിരാജ്; ഡ്രൈവിങ്ങ് ലൈസന്‍സ് റീമേക്കില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹഷ്മിയും

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 9 എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണ കമ്പനിക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് ഡ്രൈവിങ്ങ് ലൈസന്‍സ്, കുരുതി എന്നീ ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രേക്ഷകരിലേക്ക് എത്തിച്ചു. നിര്‍മ്മാണത്തിന് പുറമെ മറ്റ് ഭാഷകളിലെ ചിത്രങ്ങളുടെ കേരളത്തിലെ വിതരണവും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡിലേക്ക് നിര്‍മ്മാതാവ് എന്ന നിലയില്‍ അരംങ്ങേറ്റത്തിന് ഒരുങ്ങുകയാണ് പൃഥ്വിരാജ്.

പൃഥ്വിരാജ് തന്നെ നായകനായി എത്തിയ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കാണ് താരം നിര്‍മ്മിക്കാനൊരുങ്ങുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിനൊപ്പമാണ് പൃഥ്വിരാജ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുവരും നിര്‍മ്മാണ പങ്കാളികളായിരിക്കുമെന്ന് പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തത്. ചിത്രത്തിന്റെ റൈറ്റ്‌സുമായി ബന്ധപ്പെട്ട സംഭാഷണത്തിനിടയില്‍ സഹ നിര്‍മ്മാണത്തിന് താത്പര്യമുണ്ടെന്ന് പൃഥ്വിരാജ് കരണ്‍ ജോഹറിനെ അറിയിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2019ല്‍ പുറത്തിറങ്ങിയ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്നത് നേരത്തെ വാര്‍ത്തയായിരുന്നു. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരായിരുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഹിന്ദി റീമേക്കില്‍ പൃഥ്വിരാജിന്റെ വേഷം അക്ഷയ് കുമാറും സുരാജിന്റെ വേഷം ഇമ്രാന്‍ ഹഷ്മിയുമാണ് അവതരിപ്പിക്കുന്നത്. ഗുഡ് ന്യൂസിന്റെ സംവിധായകനായ രാജ് മേഹ്തയാണ് സംവിധാനം.

2022ലാണ് റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 50 ദിവസത്തെ ഷെഡ്യൂളാണ് ചിത്രത്തിനുള്ളത്. അക്ഷയ് കുമാറും ഇമ്രാന്‍ ഹഷ്മിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയറാണ് ഡ്രൈവിങ്ങ് ലൈസന്‍സ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഒറിജിനല്‍ തിരക്കഥ അക്ഷയ് കുമാറിന് ഇഷ്ടപ്പെട്ടങ്കിലും ഹിന്ദി പ്രേക്ഷകര്‍ക്കായി ചില മാറ്റങ്ങള്‍ വരുത്തുമെന്ന് സംവിധായകന്‍ രാജ് മേഹ്ത വ്യക്തമാക്കി.

Related Stories

No stories found.