രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവല്‍; എന്‍ട്രികള്‍ ക്ഷണിക്കുന്നു

രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവല്‍; എന്‍ട്രികള്‍ ക്ഷണിക്കുന്നു
Published on

അഞ്ച് മിനിറ്റില്‍ താഴെയുള്ള ചെറുചിത്രങ്ങള്‍ക്കായി രാജ്യാന്തര മൈക്രോഫിലിം ഫെസ്റ്റിവലിന് കൊച്ചിയില്‍ വേദിയോരുങ്ങുന്നു. മികച്ച വിദേശ ചിത്രം, ദേശീയ ചിത്രം, പ്രാദേശിക ചിത്രം, സാമൂഹ്യ പ്രസക്തിയുള്ള ചിത്രം, പരിസ്ഥിതി സൗഹൃദ ചിത്രം, എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലും, വിദ്യാര്‍ത്ഥികള്‍ക്കായും, വ്യക്തിഗത വിഭാഗങ്ങളിലും പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മികച്ച ചിത്രത്തിന് 50,000 രൂപയും ക്രിസ്റ്റല്‍ ലീഫ് അവാര്‍ഡ് ശില്പവും പ്രശസ്തി പത്രവും പുരസ്‌ക്കാരമായി നല്‍കും. അന്തര്‍ദേശീയ തലത്തില്‍ 200 ല്‍ പരം സിനിമാ പ്രവര്‍ത്തകരില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന ചിത്രമാണ് മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കുക. പ്രമേയത്തെ അടിസ്ഥാനമാക്കിയും അല്ലാതെയുമുള്ള ചിത്രങ്ങള്‍ക്കും പങ്കെടുക്കാം.

പ്രദര്‍ശന വിഭാഗത്തില്‍ പ്രശസ്ത സിനിമാ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ക്കായുള്ള സെലിബ്രിറ്റി ലീഗായ ' പര്‍പ്പിള്‍ സോണ്‍' ആണ് മേളയുടെ പ്രധാന ആകര്‍ഷണം. വിവിധ വിഭാഗങ്ങളിലായി 5 ലക്ഷത്തില്‍പരം രൂപയുടെ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.

ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടത്തുന്ന ഫെസ്റ്റിവലിന് മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ ചെയര്‍മാനായും, സംവിധായകന്‍ മധു നാരായണന്‍ ഫെസ്റ്റിവല്‍ ഡയറക്ടറായും, സംവിധായകന്‍ ജിയോ ബേബി പ്രോഗ്രാം ഡയറക്ടറായും, സംവിധായകന്‍ സെന്തില്‍ രാജന്‍ ക്രിയേറ്റീവ് ഡയറക്ടറായുമുള്ള സംഘാടക സമിതിയാണ് നേതൃത്വം നല്‍കുന്നത്.

തിരഞ്ഞെടുക്കപ്പെടുന്ന അവസാനഘട്ട ചിത്രങ്ങള്‍ നീസ്ട്രീം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും പ്രദര്‍ശിപ്പിക്കും. കാഴ്ചക്കാരില്‍ നിന്ന് കൂടുതല്‍ വോട്ട് നേടുന്ന ചിത്രങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പുരസ്‌ക്കാരമുണ്ട്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന ദിവസം ഒക്ടോബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.imffk.com എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടുക, ഫോണ്‍: 9497131774.

Related Stories

No stories found.
logo
The Cue
www.thecue.in