കുറുപ്പില്‍ പൃഥ്വിരാജ് ഉണ്ടോ? ദുല്‍ഖറിന്റെ മറുപടി

കുറുപ്പില്‍ പൃഥ്വിരാജ് ഉണ്ടോ? ദുല്‍ഖറിന്റെ മറുപടി

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പില്‍ പൃഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നടന്‍ ഭരത് ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ അതിഥിവേഷം സംബന്ധിച്ച് പറഞ്ഞത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.

ചിത്രത്തെ കുറിച്ച് ഒരുപാട് തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും, അതിഥിവേഷങ്ങളെ കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യമല്ലെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'കുറുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹജനകമാണ്. നിങ്ങളിലേക്ക് ചിത്രം വേഗത്തില്‍ എത്തിക്കാനുള്ള ആവേശത്തിലാണ് ഞാനും. എന്നിരുന്നാലും, നിലവില്‍ ചിത്രത്തെക്കുറിച്ച് ഒട്ടേറെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ശരിയായ സമയമാകുമ്പോള്‍, ചിത്രം കണ്ട്, അതില്‍ ആരൊക്കെയാണ് അതിഥി വേഷത്തിലെത്തുന്നതെന്ന് നേരിട്ടുതന്നെ നിങ്ങള്‍ക്ക് അറിയാനാവും. നിലവില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ല. അത്തരത്തിലുള്ള പ്രചരണങ്ങളില്‍ നിന്നും പിന്തിരിയണമെന്ന് നിങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയിട്ട്, പിന്നീട് അവരെ നിരാശരാക്കേണ്ടിവരുന്നത് ശരിയല്ല', ദുല്‍ഖര്‍ കുറിച്ചു.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് കുറുപ്പ്. 35 കോടിയാണ് മുതല്‍മുടക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.

ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഭരത്, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശോഭിത ധുലിപാലയാണ് നായിക.

ചിത്രം ഒടിടി റിലീസായാകും പ്രദര്‍ശനത്തിനെത്തുക എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നതെന്നാണ് വിവരം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും കുറുപ്പ് പ്രേക്ഷകരിലേക്കെത്തും.

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായിരുന്നു. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ഡിസൈനര്‍. മവിവേക് ഹര്‍ഷനാണ് എഡിറ്റിംഗ്.

കുറുപ്പില്‍ പൃഥ്വിരാജ് ഉണ്ടോ? ദുല്‍ഖറിന്റെ മറുപടി
യൊഹാനിയുടെ പാട്ടിന് താളമിട്ട് പൃഥ്വിരാജ്; നിങ്ങള്‍ക്ക് അറിയാത്തത് വല്ലതും ഉണ്ടോയെന്ന് സോഷ്യല്‍ മീഡിയ

Related Stories

No stories found.
logo
The Cue
www.thecue.in