'ബ്രോ ഡാഡി'യിലും കാക്കിയിട്ട് ആന്റണി പെരുമ്പാവൂര്‍

'ബ്രോ ഡാഡി'യിലും കാക്കിയിട്ട് ആന്റണി പെരുമ്പാവൂര്‍

രാജാക്കാട് ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ ചാര്‍ജ് എടുക്കാന്‍ ആന്റണി എന്ന പൊലീസുദ്യോഗസ്ഥന്‍ ബസില്‍ വരുന്നിടത്താണ് ദൃശ്യം സിനിമ തുടങ്ങുന്നത്. സിനിമയിലെ ആദ്യസംഭാഷണവും ഈ കഥാപാത്രത്തെ അവതരിപ്പിച്ച നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റേതായിരുന്നു. ദൃശ്യം സെക്കന്‍ഡ് വന്നപ്പോള്‍ എസ്.ഐ റോളിലായിരുന്നു ആന്റണി പെരുമ്പാവൂര്‍. ഇപ്പോഴിതാ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയിലും പൊലീസ് ഓഫീസറായി ആന്റണി കാക്കിയിട്ടെത്തുന്നു.

ഹൈദരാബാദില്‍ ഷൂട്ടിംഗ് അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിനും പൃഥ്വിക്കുമൊപ്പം നില്‍ക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

മോഹന്‍ലാലിന്റെ ഡ്രൈവറായെത്തി പിന്നീട് സന്തത സഹചാരിയും നിര്‍മ്മാതാവുമായി മാറിയ ആന്റണി പെരുമ്പാവൂര്‍ കിലുക്കത്തിലാണ് ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയത്. ഡ്രൈവര്‍ ആന്റണിയായി തന്നെ. പിന്നീട് കമലദളം, അദ്വൈതം, ഹരികൃഷ്ണന്‍സ്, അലിഭായ്, പുലിമുരുകന്‍, വില്ലന്‍ എന്നീ സിനിമകളിലും അഭിനയിച്ചു.

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ ആദി എന്ന സിനിമയില്‍ ആന്റണി പെരുമ്പാവൂരായിത്തന്നെ അഭിനയിച്ചു. പുതുതായി പണിപൂര്‍ത്തിയായ രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ ജോയിന്‍ ചെയ്തതിന് പിന്നാലെ വരുണ്‍ വധക്കേസുമായി ബന്ധപ്പെട്ട് ഒപ്പിടാനെത്തിയ മോഹന്‍ലാല്‍ കഥാപാത്രത്തെ നോക്കി 'ഇതാ ജോര്‍ജുകുട്ടിയല്ലേ', എന്ന ചോദ്യം ആന്റണി ചോദിക്കുന്നതിന് പിന്നാലെയാണ് ദൃശ്യം ഫ്‌ളാഷ് ബാക്ക്.

നരസിംഹം എന്ന സിനിമ നിര്‍മ്മിച്ചാണ് ആന്റണി പെരുമ്പാവൂര്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്ത് എത്തുന്നത്. ആശിര്‍വാദ് സിനിമാസ് എന്ന ബാനറില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സച്ചിദാനന്ദനും ആന്റണിയും ചേര്‍ന്ന് രൂപീകരിച്ച നിര്‍മ്മാണക്കമ്പനി സച്ചിദാനന്ദന്റെ മരണത്തിന് പിന്നാലെ ആന്റണിക്ക് ഏറ്റെടുക്കേണ്ടി വരികയായിരുന്നു.

പ്രധാനമായും മോഹന്‍ലാല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ആശിര്‍വാദ് ദൃശ്യം സെക്കന്‍ഡ് റീമേക്കിലൂടെ തെലുങ്കിലും പ്രവേശിച്ചു. രാവണപ്രഭു, നരന്‍, രസതന്ത്രം, ബാബ കല്യാണി, പരദേശി, ഇവിടം സ്വര്‍ഗമാണ്, ദൃശ്യം എന്നിവയാണ് ആശിര്‍വാദ് സിനിമാസിന്റെ പ്രധാന സിനിമകള്‍.

'ബ്രോ ഡാഡി'യിലും കാക്കിയിട്ട് ആന്റണി പെരുമ്പാവൂര്‍
'എക്കാലത്തെയും മികച്ച നടനും ഏറ്റവും മികച്ച അമ്മയും ഒറ്റ ഫ്രെയിമില്‍', പൃഥ്വിരാജിന്റെ പോസ്റ്റ്

Related Stories

No stories found.
The Cue
www.thecue.in