എന്റെ വാരിയംകുന്നന്‍ നടക്കും, പടപ്പാട്ട് എഴുതിക്കഴിഞ്ഞു: പി.ടി കുഞ്ഞുമുഹമ്മദ്

pt kunjumuhammed on his variyamkunnan movie
pt kunjumuhammed on his variyamkunnan movie

മലബാര്‍ കലാപത്തെക്കുറിച്ച് ആലോചിച്ച തന്റെ സിനിമയുമായി മുന്നോട്ട് തന്നെയെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ്. വാരിയംകുന്നന്‍ എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമയില്‍ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറിയ സാഹചര്യത്തിലാണ് പി.ടി കുഞ്ഞിമുഹമ്മദിന്റെ പ്രതികരണം. വലിയ കാന്‍വാസിലുള്ള സിനിമയാണ് കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയാലാകും ചിത്രീകരണമെന്നും പി.ടി.

ഈ സിനിമ ഞാന്‍ ചെയ്യാന്‍ വേണ്ടിയാണ് പ്രഖ്യാപിച്ചത്. ചെയ്യാതിരിക്കാന്‍ വേണ്ടിയല്ല. ഞാന്‍ ഈ സിനിമയില്‍ നിന്നും പിന്‍മാറുന്ന പ്രശ്നമില്ല. ഞാന്‍ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ച സിനിമയാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടാണ് ഞാന്‍ സ്്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. ഒരു സിനിമ നടക്കുമോ എന്നതില്‍ നമുക്ക് ഒരിക്കലും ഉറപ്പ് പറയാന്‍ സാധിക്കില്ല. ഷൂട്ടിങ്ങ് തുടങ്ങിയാല്‍ നമുക്ക് അതില്‍ ഉറപ്പ് ഉണ്ടാവും. ഞാന്‍ എന്റെ കര്‍മ്മം ചെയ്യുന്നു എന്നതാണ് പ്രധാനം. റിപ്പോര്‍ട്ടര്‍ ചാനലിലാണ് പി.ടിയുടെ പ്രതികരണം.

ഷഹീദ് വാരിയംകുന്നന്‍ പി.ടി മുമ്പ് ദ ക്യുവിനോട് പറഞ്ഞത്

ആഷിഖ് അബു ചരിത്രത്തെ നോക്കുന്ന പോലെയായിരിക്കില്ല താന്‍ കാണുന്നതെന്ന് സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ്. മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ അധികരിച്ച് 'ഷഹീദ് വാരിയംകുന്നന്‍' എന്ന ചിത്രം പ്രഖ്യാപിച്ചതില്‍ ദ ക്യുവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആഷിഖ് ചരിത്രത്തെയും സിനിമയെയും നോക്കിക്കാണുന്ന പോലെയായിരിക്കില്ല ഞാന്‍ കാണുന്നത്. മലബാറിന്റെ നിര്‍ണായക ചരിത്ര സംഭവങ്ങളുമായി വിഷ്വല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഇടപെട്ടയാളാണ് ഞാന്‍. കേരളത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അപൂര്‍വം സിനിമകളേയുള്ളൂ. 1921 ന്റെ പ്രാധാന്യത്തെക്കുറിച്ച് ചിത്രമുണ്ട്. പക്ഷേ നാഷണല്‍ മൂവ്‌മെന്റിനെക്കുറിച്ചുള്ള ഏക സിനിമ എന്റേതാണ്. അതാണ് വീരപുത്രന്‍. മലബാറില്‍ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രമാണ് ആ സിനിമ. അത് അബ്ദുറഹ്മാന്‍ സാഹിബിന്റെ കാഴ്ചപ്പാടിലൂടെ ചരിത്രത്തെ നോക്കിക്കാണുന്നതായിരുന്നു.

ഇന്ത്യ -പാക് വിഭജനം കേരളത്തെ,വിശേഷിച്ച് മലബാറിനെ എങ്ങനെയാണ് ബാധിച്ചത് എന്നെല്ലാമാണ് പരദേശി കൈകാര്യം ചെയ്യുന്നത്. അതായത് പൗരത്വത്തെക്കുറിച്ച് മലയാളത്തില്‍ വന്ന ഏക സിനിമയാണത്. പൗരത്വ പ്രക്ഷോഭം നടക്കുന്നതിനിടെ ഒരുപാടിടത്ത് ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദ്യകാലത്ത് കുറവായിരുന്നെങ്കിലും പിന്നീട് അതിന്റെ ഉള്ളടക്കവും രാഷ്ട്രീയവും ആളുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എനിക്ക് എന്റേതായ രീതിയുണ്ട്. ആ തലത്തിലാണ് ചിത്രം ഒരുക്കുക. കഥകളിയാചാര്യന്‍ കാവുങ്ങല്‍ ശങ്കരപ്പണിക്കരെക്കുറിച്ച്‌ 5 സിനിമയുണ്ട്. മറ്റൊരാള്‍ അയാളുടെ വീക്ഷണത്തിലാണ് സിനിമയെടുക്കുന്നത്. അത് ക്ലാഷ് ആകുമെന്നൊന്നും കരുതുന്നില്ല. 2021 ല്‍ തന്നെ ചിത്രം പുറത്തിറക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍. രണ്ടുവര്‍ഷത്തോളമായി ഇതിന്റെ റിസര്‍ച്ച് നടക്കുന്നുണ്ട്. ഞാന്‍ അനൗണ്‍സ് ചെയ്യാനിരിക്കെയാണ് ആഷിഖിന്റെ പടം പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഷഹീദ് വാര്യംകുന്നനും പ്രഖ്യാപിക്കട്ടേയെന്ന് ഇതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ചോദിച്ചു. ആ നിര്‍ദേശത്തിന് സമ്മതം മൂളുകയായിരുന്നുവെന്നും പി.ടി കുഞ്ഞുമുഹമ്മദ് ദ ക്യുവിനോട് പറഞ്ഞു.

അഞ്ചടി രണ്ടിഞ്ചായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉയരം. കറുത്ത നിറത്തിലുമായിരുന്നു.ആരാണ് വാരിയം കുന്നനായെത്തുകയെന്ന് ഇപ്പോള്‍ പറയുന്നില്ല. മറ്റ് അഭിനേതാക്കളെക്കുറിച്ചും പങ്കുവെയ്ക്കാനില്ല. പരദേശി മമ്മൂട്ടിയെ വെച്ചാണ് ആലോചിച്ചത്. പക്ഷേ ഒടുവില്‍ മോഹന്‍ലാലായി കേന്ദ്രകഥാപാത്രം. വീരപുത്രനില്‍ പൃഥ്വിരാജിനെയായിരുന്നു ഉദ്ദേശിച്ചത്. അതുമാറി നരേന്‍ ആയി. അങ്ങനെ പല മാറ്റങ്ങളും ഇതിലും സംഭവിച്ചേക്കാം. എന്തായാലും കാസ്റ്റിംഗ് പിന്നീടാണ് പ്രഖ്യാപിക്കുക. ചിത്രത്തിന്റെ എഴുത്ത് നേരത്തേ തുടങ്ങിവെച്ചതാണ്. ക്ലൈമാക്‌സെല്ലാം രൂപപ്പെടുത്തിയിട്ടുണ്ട്. കുറച്ചുകാര്യങ്ങളില്‍ കൂടി റിസര്‍ച്ച് വേണ്ടതായുണ്ട്. സൗദി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മലയാളി ഗ്രൂപ്പ് ആണ് പ്രൊഡക്ഷന്‍. വലിയ ക്യാന്‍വാസിലായിരിക്കും ചിത്രം. മലബാറിന്റെ സമഗ്രമായ ചരിത്ര വീക്ഷണത്തില്‍ നിന്നുകൊണ്ടേ ഷഹീദ് വാരിയംകുന്നന്‍ ഒരുക്കൂ. സമാന്തര സിനിമയുടേയോ മുഖ്യധാരാ സിനിമയുടേയോ ആളല്ല ഞാന്‍. എനിക്ക് എന്റേതായ ദൃശ്യഭാഷയുണ്ട്. ആ പേര്‍സ്‌പെക്ടീവിലാകും ഈ ചിത്രവും. മലബാറില്‍ നിലനിന്നിരുന്ന അനുഷ്ഠാന കലകളില്‍ ഒക്കെ കുഞ്ഞഹമ്മദ് ഹാജിയുടെ പങ്കാളിത്തമുണ്ട്. അത്തരത്തിലുള്ള അടരുകളും കൂടി ചിത്രത്തിലുള്‍പ്പെടുത്തും. അത്തരത്തില്‍ പാട്ടിനെക്കുറിച്ചൊക്കെ രചയിതാവ് റഫീഖ് അഹമ്മദുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധനല്ല. വലിയ മതേതര വാദിയായിരുന്നു. മലയാള രാജ്യം എന്ന തന്റെ രാജ്യത്ത് എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ദ ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദുക്കളെ കൊല്ലാനൊരുങ്ങുന്ന ആളുകളെ കര്‍ശനമായി നേരിടുമെന്ന് അതില്‍ പരാമര്‍ശിക്കുന്നുണ്ട്. മുസല്‍മാനായ അധികാരിയുടെ അതായത് വില്ലേജ് ഓഫീസറെ പോലെ അന്നത്തെ ഉയര്‍ന്ന പദവിയിലുള്ള ഒരാളുടെ തല അറുത്തതെല്ലാം ചരിത്രത്തിലുണ്ട്. തലയറുത്ത് ആനക്കയത്തുനിന്ന് മഞ്ചേരിയിലേക്ക് അഞ്ഞൂറുപേരുടെ ജാഥ നയിച്ചു. മുറിച്ചെടുത്ത തല അദ്ദേഹമാണ് കുത്തിപ്പിടിച്ചത്. ആ ജാഥയില്‍ അഞ്ഞൂറില്‍ നൂറുപേര്‍ ഹിന്ദുക്കളും നാനൂറുപേര്‍ മുസ്ലീങ്ങളുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in