പണക്കാര്‍ എന്തിനാണ് നികുതി ഇളവിനായി കോടതിയെ സമീപിക്കുന്നത്, വിജയ്ക്ക് പിന്നാലെ ധനുഷിനെയും വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

പണക്കാര്‍ എന്തിനാണ് നികുതി ഇളവിനായി കോടതിയെ സമീപിക്കുന്നത്, വിജയ്ക്ക് പിന്നാലെ ധനുഷിനെയും വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി

നടൻ വിജയ്ക്ക് പിന്നാലെ ധനുഷിനെയും വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ആഡംബര കാർ ഇറക്കുമതി ചെയ്യാനുള്ള നികുതി ഇളവുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ ആയിരുന്നു കോടതിയുടെ പരാമർശം. നികുതി ഇളവിനായി പണക്കാര്‍ എന്തിനാണ് കോടതിയെ സമീപിക്കുന്നതെന്നും 50 രൂപയ്ക്ക് പെട്രോള്‍ അടിക്കുന്ന പാവപ്പെട്ടവർ വരെ നികുതി കൃത്യമായി അടയ്ക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. നടൻ വിജയ് യുടെ ഹർജി പരിഗണിച്ച ജസിറ്റിസ് എസ് എം സുബ്രഹ്‌മണ്യമായിരുന്നു ധനുഷിന്റേയും കേസിൽ വിധി പറഞ്ഞത്.

നികുതി അടയ്ക്കുന്നവരുടെ പണം കൊണ്ട് പണിത റോഡിലൂടെയാണ് നിങ്ങള്‍ ആഡംബര കാര്‍ ഓടിക്കാന്‍ പോകുന്നത്. പാല്‍ കച്ചവടക്കാരനും ദിവസവേതനക്കാരനുമൊക്കെ ഓരോ ലിറ്റര്‍ പെട്രോളിനും നികുതി അടയ്ക്കുന്നുണ്ട്. അവരാരും നികുതി അടവിൽ നിന്നും മോചിപ്പിക്കണമെന്ന ആവശ്യയുമായി കോടതിയെ സമീപിച്ചിട്ടില്ല. നിങ്ങള്‍ ഹെലികോപ്റ്റര്‍ വേണമെങ്കിലും വാങ്ങിക്കോളൂ. പക്ഷേ കൃത്യമായി നികുതി അടയ്ക്കണം- ജസ്റ്റിസ് സുബ്രഹ്‌മണ്യം പറഞ്ഞു.

നികുതിയുടെ 50 ശതമാനം ധനുഷ് അടച്ചുകഴിഞ്ഞെന്നും ബാക്കി തുക അടക്കാന്‍ തയ്യാറാണെന്നും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഹർജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹർജി പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി അനുവദിച്ചില്ല. ‘നിങ്ങള്‍ക്ക് കോടതിയെ സമീപിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. പക്ഷെ ഇപ്പോള്‍ പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍, 2018ല്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷമെങ്കിലും നിങ്ങള്‍ നികുതി അടക്കുമായിരുന്നു. പക്ഷെ, ഇപ്പോള്‍ ഹൈക്കോടതി ഹർജിയിൽ വിധി പറയാന്‍ പരിഗണിച്ചപ്പോഴാണ് നിങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി വരുന്നത്.' കോടതി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in