പാട്ടും പ്രണയവുമുള്ള ത്രില്ലര്‍, നായകനായി മുഹമ്മദ് മുഹസിന്‍; നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഇനിയും റെഡിയെന്ന് എം.എല്‍.എ

പാട്ടും പ്രണയവുമുള്ള ത്രില്ലര്‍, നായകനായി മുഹമ്മദ് മുഹസിന്‍; നല്ല കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ഇനിയും റെഡിയെന്ന് എം.എല്‍.എ

പട്ടാമ്പി എം എല്‍ എയും ജെഎന്‍യു സമരമുഖത്തെ സാന്നിധ്യവുമായ മുഹമ്മദ് മുഹ്സിന്‍ സിനിമയില്‍ നായകനാകുന്നുവെന്ന വാര്‍ത്ത അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. വസന്തത്തിന്റെ കനല്‍വഴികള്‍ എന്ന സിനിമയൊരുക്കിയ അനില്‍ വി നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'തീ' എന്ന സിനിമയില്‍ നായകനായാണ് വെള്ളിത്തിരയിലേക്കുള്ള മുഹമ്മദ് മുഹ്സിന്റെ അരങ്ങേറ്റം. ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതമാണ് സിനിമയില്‍ എം എല്‍ എ അവതരിപ്പിക്കുന്നത്. രാഷ്ട്രീയപരമായി ഗൗരവമുള്ള ഒരു വിഷയം കൈകാര്യം ചെയ്തു കൊണ്ടിരുന്ന സമയത്തായിരുന്നു സിനിമയിലെ ഒരു പാട്ട് സീന്‍ ഷൂട്ട് ചെയ്തതെന്നും വലിയ കുഴപ്പങ്ങള്‍ ഒന്നും കൂടാതെ താന്‍ പെര്‍ഫോം ചെയ്തെന്നും മുഹമ്മദ് മുഹ്സിന്‍ മീഡിയ വണ്‍ ചാനലില്‍ പറയുന്നു.

റൊമാന്റ്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'തീ'. ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതവും തിന്മയ്ക്കെതിരെയുള്ള പോരാട്ടവുമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. കൊമേര്‍ഷ്യല്‍ സിനിമയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും സിനിമയില്‍ ഉണ്ട്. നായകനായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ ജനപ്രതിനിധിയെന്ന നിലയില്‍ ഒരുപാട് പ്രതിബന്ധങ്ങള്‍ ഉണ്ടെന്നും കലാകാരന്‍ കൂടിയായതിനാല്‍ നല്ലൊരു കഥാപാത്രം കിട്ടിയത് കൊണ്ടാണ് അത് ഏറ്റെടുത്തതെന്നും മുഹമ്മദ് മുഹ്സിന്‍ പറഞ്ഞു.

ഹൃസ്വ ചിത്രങ്ങളിലും, നാടകങ്ങളിലുമെല്ലാം മുഹ്സിന്‍ വേഷമിട്ടിട്ടുണ്ട്. സിനിമയില്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നതെന്ന് മുഹ്സിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. ലോക്ക്ഡൗണ്‍ കാരണം ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ഇനിയും നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സ്വീകരിക്കാന്‍ തന്നെയാണ് ആഗ്രഹമെന്ന് മുഹമ്മദ് മുഹ്സിന്‍ പറഞ്ഞു.

സി.ആർ മഹേഷ് എംഎൽഎ, കെ സുരേഷ് കുറുപ്പ്, കെ സോമപ്രസാദ് എംപി, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സൂസൻ കോടി എന്നി രാഷ്ട്രീയക്കാരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഇന്ദ്രൻസ്, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, വിനുമോഹൻ. രമേഷ് പിഷാരടി, ഋതേഷ്, ഉല്ലാസ് പന്തളം, പ്രസാദ് കണ്ണൻ, വി കെ ബൈജു, പയ്യൻസ് ജയകുമാർ എന്നിങ്ങനെ നിരവധി താരങ്ങളും സിനിയിൽ അണിചേരുന്നു. യു ക്രിയേഷൻസും വിശാരദ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓണത്തിന് റിലീസ് ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

No stories found.
The Cue
www.thecue.in