നായാട്ട് ഏറെ ഇഷ്ടമായി, ജോജി ഗംഭീരം; മലയാള സിനിമയുടെ സുവര്‍ണകാലമെന്ന് മണിരത്‌നം

നായാട്ട് ഏറെ ഇഷ്ടമായി, ജോജി ഗംഭീരം; മലയാള സിനിമയുടെ സുവര്‍ണകാലമെന്ന് മണിരത്‌നം
Mani Ratnam on Navarasa

പുതിയ മലയാള സിനിമകളിലേറെയും ഗംഭീരമെന്ന് സംവിധായകന്‍ മണിരത്‌നം. ഒട്ടേറെ പുതിയ സംവിധായകര്‍, കഥാകൃത്തുക്കള്‍, പുതിയ കലാകാരന്‍മാര്‍. ശരിക്കും മലയാള സിനിമയുടെ സുവര്‍ണകാലമാണ് ഇതെന്നു വിശേഷിപ്പിക്കാനാണ് ഇഷ്ടമെന്നും മണിരത്‌നം. കൂടുതല്‍ കൂടുതല്‍ പ്രതീക്ഷിക്കുകയാണ് മലയാള സിനിമയില്‍നിന്നെന്നും മണിരത്‌നം. മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദക്ഷിണേന്ത്യയിലെ മുന്‍നിര സംവിധായകന്‍ മലയാളത്തെക്കുറിച്ച് വാചാലനാകുന്നത്.

മണിരത്‌നം പറഞ്ഞത്

ഈയിടെ 'നായാട്ട്' എന്ന ചിത്രം കണ്ടു; ഏറെ ഇഷ്ടമായി. പിന്നെ ജോജി കണ്ടു. അതും ഗംഭീരം. ശരിക്കും ഈ കോവിഡ് കാലത്തെ പ്രതിസന്ധികളെയൊക്കെ മറികടന്ന് ഇത്രയ്ക്ക് മികച്ച സിനിമകള്‍ മലയാളത്തില്‍ വരുന്നു എന്നതുതന്നെ ഏറെ സന്തോഷം.

ലോക്ക് ഡൗണില്‍ സിനിമ നിശ്ചലമായപ്പോള്‍ പ്രതിസന്ധിയിലായ തൊഴിലാളികളെ സഹായിക്കാന്‍ മണിരത്‌നവും സംവിധായകന്‍ ജയേന്ദ്ര പഞ്ചാപകേശന്‍ ചേര്‍ന്ന് നിര്‍മ്മിച്ച നവരസ എന്ന ആന്തോളജി നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തുവരികയാണ്. ഒമ്പത് ചെറുസിനിമകളാണ് ആന്തോളജിയില്‍.

നവരസയിലൂടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് 50 കോടി രൂപ സമാഹരിച്ച് നല്‍കാനാണു ശ്രമമെന്നും മണിരത്‌നം. 12000 പേര്‍ക്ക് നിശ്ചിത തുക അടങ്ങിയ ക്രെഡിറ്റ് കാര്‍ഡ് നല്‍കും. ഓരോ മാസവും 1500 രൂപ വീതം ആ കാര്‍ഡില്‍നിന്നു ചെലവാക്കാം. അവര്‍ക്ക് ആവശ്യമുള്ളതു വാങ്ങാം. കാര്‍ഡുകള്‍ വഴി മൂന്നുമാസത്തെ തുക ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.

നവരസയിലെ സിനിമകള്‍

ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര് എന്ന സിനിമ ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്നു. സൂര്യയുടെ നായികയായി പ്രയാഗ റോസ് മാര്‍ട്ടിന്‍

തുനിന്ത പിന്‍(കറേജ്) എന്ന ചിത്രമൊരുക്കുന്നത് കെ.എം.സര്‍ജുന്‍ ആണ്. അഥര്‍വ, അഞജലി, കിഷോര്‍ എന്നിവരാണ് താരങ്ങള്‍.

രൗദിരം എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി സംവിധായകനാകുന്നു ഋതിക, ശ്രീറാം, രമേഷ് തിലക് എന്നിവരാണ് താരങ്ങള്‍.

എതിരി എന്ന ചിത്രം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യും. വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍ എന്നിവരാണ് അഭിനേതാക്കള്‍.

സമ്മര്‍ ഓഫ് 92 ഒരുക്കുന്നത് പ്രിയദര്‍ശനാണ്. യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു എന്നിവരാണ് താരങ്ങള്‍.

കാര്‍ത്തിക് സുബ്ബരാജ് പീസ് എന്ന പേരിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഗൗതം മേനോന്‍, ബോബി സിംഹ, സനന്ത് എന്നിവരാണ് താരങ്ങള്‍.

No stories found.
The Cue
www.thecue.in