മിന്നൽ മുരളി ഒടിടി റെക്കോർഡ് തുകയ്ക്ക്, തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സിൽ

മിന്നൽ മുരളി ഒടിടി  റെക്കോർഡ് തുകയ്ക്ക്, തിയറ്റർ റിലീസിന് പിന്നാലെ നെറ്റ്ഫ്ലിക്സിൽ

ടൊവീനോ തോമസ് ബേസില്‍ ജോസഫ് ചിത്രം 'മിന്നല്‍ മുരളി' റെക്കോർഡ് തുകയ്ക്ക് വാങ്ങി നെറ്റ്ഫ്ലിക്സ്. സിനിമയുടെ ഒടിടി അവകാശം നെറ്റ്ഫ്ളിക്സിന് ആയിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്. ടൊവീനോ ചിത്രം 'കള'യ്ക്ക് ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്ളിക്സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചു. തിയറ്റര്‍ റിലീസിന് ശേഷമാണ് ആമസോണ്‍ പ്രൈമിലൂടെ 'കള' എത്തിയത്. തീയേറ്റർ റിലീസിന് ശേഷമായിരിക്കും 'മിന്നല്‍ മുരളി'യും നെറ്റ്ഫ്ലിക്സിൽ എത്തുക.

പ്രേക്ഷക പ്രശംസ നേടിയ 'ഗോദ'ക്ക് ശേഷം ടോവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും . മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിര്‍മ്മാണം. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി.

ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.

Related Stories

No stories found.
The Cue
www.thecue.in