ഭരണകൂടത്തിന്റെ അധികാര പ്രയോഗങ്ങളെ വിചാരണ ചെയ്യുന്ന വിശുദ്ധരാത്രികൾ

ഭരണകൂടത്തിന്റെ അധികാര പ്രയോഗങ്ങളെ വിചാരണ ചെയ്യുന്ന വിശുദ്ധരാത്രികൾ
ADMIN
Summary

ഡോ.ഷിബു ബി വിശുദ്ധരാത്രികള്‍ എന്ന സിനിമയെക്കുറിച്ച്‌

ആഖ്യാനത്തിന്റെ ഒരു തായ് വേര് - അതിൽ നിന്നും മുളപൊട്ടുന്ന ഉപാഖ്യാനങ്ങളുടെ വേരുപടലങ്ങൾ - അവ വീണ്ടുമൊന്നിച്ച് തായ് വേരിലേക്ക് സന്ധിക്കുന്നു. പൊടുന്നനെ സ്വന്തം ആഖ്യാനത്തിലെ ദുരന്ത കഥാപാത്രങ്ങളായി കഥചൊല്ലുന്നവർ മാറുന്നു. ഡോ. എസ്.സുനിൽ സംവിധാനം ചെയ്ത 'വിശുദ്ധ രാത്രികൾ ' ആഖ്യാന രീതിയിലെ പുതുമ കൊണ്ടു മാത്രമല്ല നമ്മെ അമ്പരപ്പിക്കുന്നത് - ജീവിത സന്ദർഭങ്ങളിൽ പതിയിരിക്കുന്ന അധികാര രാഷ്ട്രീയത്തെ സൂക്ഷ്മമായി അനാവരണം ചെയ്തു കൊണ്ടു കൂടിയാണ്. സവർണ്ണ ആൺകോയ്മയുടെ നോർമേറ്റീവിനകത്ത് പ്രവർത്തനക്ഷമമാവുന്ന ഭരണകൂടത്തിന്റെ അധികാര പ്രയോഗങ്ങളെയാണ് വിശുദ്ധരാത്രികൾ വിചാരണ ചെയ്യുന്നത്. അന്ന് രാത്രി അയാളനുഭവിക്കുന്ന എകാന്തതയെ അതിജീവിക്കാനായി ട്രാൻസ് വുമണിനോടൊപ്പം ഹോട്ടൽ മുറിയിൽ ചെലവിടുന്ന പ്രൊഫസർ, യാന്ത്രികമായ ഔദ്യോഗികജീവിതത്തിനപ്പുറം കുടുംബ ജീവിതത്തിന്റെ ജൈവാനുഭൂതികൾ നിഷേധിക്കപ്പെട്ട തറവാട്ടമ്മയായ ചിത്രകാരി, സോനാഗച്ചിൽ അപരജീവിതം കാണാനെത്തി മനസ്സലിഞ്ഞ നാഗരിക സാക്ഷരൻ , സുഹൃത്തിന്റെ വീട്ടിൽ മദ്യസേവയ്ക്കത്തുന്ന പുരുഷക്കൂട്ടം : ഇവർക്കെല്ലാം ഒരു പ്രിവിലെജുണ്ട്: ഭരണകൂടത്തിന്റെ ഏജൻസികളിൽ നിന്നും അവരനുഭവിക്കുന്ന പരിഗണന. ലൈംഗികത്തൊഴിലാളിയായ ട്രാൻസ് വുമണും തറവാട്ടു സുന്ദരിയുടെ കാമുകനും കലാകാരനുമായ ദളിത് യുവാവും സോനാഗച്ചിലെ ലൈംഗിക തൊഴിലാളികളും ജ എൻ യുവിലെത്തി ഗവേഷണം നടത്തുന്ന റാഞ്ചിക്കാരിയായ പെൺകുട്ടിയും അവളുടെ തൊലിനിറം കുറഞ്ഞ കൂട്ടുകാരനും ഇല്ലാതെ പോവുന്നത് ഈ പ്രിവിലെജ് ആണ്. രാത്രി ഏതാനും മണിക്കൂറുകൾ തന്റെ ഏകാന്തതയ്ക്ക് ശയനസുഖം പകർന്ന മോണിഷയെ പോലീസ് ബലമായി വണ്ടിയാൽ കയറ്റിക്കെണ്ടുപോവുമ്പോൾ മാർക്വേസിലും ഷേക്സ്പിയറിലും അക്കാദമികമായി അഭിരമിക്കുന്ന പ്രൊഫസർക്ക് നിസ്സഹായനായി നോക്കി നിൽക്കാനെ കഴിയുന്നുള്ളൂ. ജ്ഞാനം അധരവ്യായാമത്തിനുള്ള കേവല ഉപകരണമായി പരിമിതപ്പെടുകയാണിവിടെ. തന്റെ ഉയർന്ന സാമൂഹ്യപദവിയാൽ തന്നെ ഭരണകൂടത്തോട് രമ്യപ്പെടുന്ന പ്രൊഫസറും ഹെറ്ററോ നോർമേറ്റീവിനകത്ത് അന്യവത്കരിക്കപ്പെടുന്ന മോണിഷയും പൗരത്വത്തിന്റെ ദ്വന്ദ വിപരീതങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

തൊലി കറുത്താൽ , ദളിത് ആയാൽ , ട്രാൻസ് ജൻഡർ ആയാൽ, ലൈംഗികത്തൊഴിലാളിയായാൽ പലപ്പോഴും നിങ്ങളുടെ പൗരത്വം നിരന്തര നിരീക്ഷണത്തിലാവും. അവിടെ പൗരസ്വാതന്ത്ര്യം കേവല സങ്കൽപമായി പരിണമിക്കും. ജനാധിപത്യത്തിന്റെ ഉദാത്ത വ്യവഹാരങ്ങൾ പലപ്പോഴും അപ്രസക്തമായി മാറും. അഗംബൻ സൂചിപ്പിക്കുന്നതുപോലെ നിയമപരിക്ഷ പോലും നഷ്ടപ്പെട്ട "നഗ്ന ജീവിത " (bare Life) ങ്ങളായി അവർ പാർശ്വവത്കരിക്കപ്പെടും. രാഷ്ട്രീയ ജീവിതം അവർക്കന്യമാവുകയും മൃഗജീവിതത്തിനും പൗരജീവിതത്തിനുമിടയിലുള്ള വെറുക്കപ്പെട്ട ഇടത്തിൽ ഏതു നിമിഷവും വിലങ്ങണിയപ്പെടാൻ സാധ്യതയുള്ളതായി വിലയിരുത്തപ്പെടും അവരുടെ അസ്തിത്വം. മേധാവിത്വ പ്രത്യയ ശാസ്ത്രത്തിന് അഭികാമ്യമല്ലാത്ത ജീവിതം നയിക്കുന്നവർ യഥാർഥത്തിൽ അനുഭവിക്കുന്നത് "ക്യാമ്പി" (കോൺസൻട്രേഷൻ ക്യാമ്പിലെയെന്ന പോലെ )ലെ ജീവിതമാണ്. അല്ലെങ്കിൽ അവർ ജീവിക്കുന്നിടം നിരന്തരം ഒരു ക്യാമ്പായി മാറും.

അവരുടെ ജീവിതത്തിന്റെ സൂക്ഷ്മ സന്ദർഭങ്ങൾ വരെ ദേശവിരുദ്ധതയുടെ പേരിൽ നിരീക്ഷിക്കപ്പെടും. ദേശം ചില പ്രത്യേക വിഭാഗത്തിന്റെ പ്രിവിലെജ്ഡ് ഇടം ആവുമ്പോൾ അല്ലാത്തവർ ഭരണകൂടത്തിന്റെ മദ്ദന ഉപകരണങ്ങളുടെ ടാർഗറ്റ് ആയി മാറും. ഫൂക്കോ പറയുന്നതു പോലെ നിങ്ങളുടെ ജീവിതം പരമാധികാരത്തിന് അതിന്റെ ഹിംസ പ്രകടിപ്പിക്കാനുള്ള ഇടമാവും. സുധിയും കലാകാരനായ ചെറുപ്പക്കാരനും വേട്ടയാടപ്പെടാനുള്ള കാരണം അവരുടെ തൊലിയുടെ നിറവും രാഷ്ട്രീയ നിലപാടുകളും അകാദമിക പശ്ചാത്തലവുമാണ്. കുലീനയായ നായർ സ്ത്രീക്ക് ലൈംഗിക വിമോചനത്തെക്കുറിച്ച് വാചാലയാവുമ്പോഴും ദലിതായ തന്റെ രഹസ്യ കാമുകനെ അറസ്റ്റു ചെയ്തു കൊണ്ടുപോവുമ്പോൾ ആശ്വസിക്കാൻ കഴിയുന്നത് ഉപരിവർഗ്ഗ സവർണ്ണ താൽപര്യങ്ങൾക്കകത്ത് വിമോചനമെന്ന ആശയം എത്രത്തോളം പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നത് എന്നു വെളിവാക്കുന്നു.

അഞ്ച് വ്യത്യസ്ത് ജീവിത പരിസരങ്ങളിലൂടെയാണ് ചിത്രത്തിൽ ക്യാമറ ചുറ്റിത്തിരിയുന്നത്. ഉപാഖ്യാനങ്ങളെ കോർത്തിണക്കുന്ന ഒരു കേന്ദ്രാഖ്യാനവും ചിത്രത്തിലുണ്ടെങ്കിലും സിനിമയുടെ അന്ത്യത്തിൽ കേന്ദ്രീകൃത മാനം നഷ്ടപ്പെട്ട് അനിശ്ചിതത്വത്തിന്റെ കാനന രാത്രിയിൽ വെപ്രാളത്തോടെ കിതയ്ക്കുന്നു പ്രസ്തുത ആഖ്യാനം. സമ്പ്രദായിക ക്ലൈമാക്സുകളെ അസ്വസ്ഥമാക്കുന്ന ചിത്രത്തിന്റെ പര്യവസാനം അനിശ്ചിതാവസ്ഥയുടെ സൗന്ദര്യശാസ്ത്രത്തെ ഒരു രാഷ്ട്രീയ ആയുധമായി പ്രയോഗിക്കുന്നുണ്ട്.

ഭരണകൂട ഹിംസയെ പക്വമായ ദൃശ്യഭാഷയിൽ ഇത്ര കൃത്യമായി അവതരിപ്പിച്ച മലയാള സിനിമകൾ അപൂർവ്വമാണ് എന്ന് നിശ്ചയമായും പറയാം. കഥകളുടെ കാലം കഴിഞ്ഞെന്നും കഥകളുടെ മുറിയായാഴങ്ങളിൽ നിന്നുള്ള നീറ്റലുകളാണിനി പുതിയ കാലത്തെ ചലച്ചിത്രകലയെന്നും അതിന്റെ രാഷ്ട്രീയമെന്നും 'വിശുദ്ധ രാത്രികൾ, ഓർമ്മപ്പെടുത്തുന്നു. ദൃശ്യകണിശതയും അച്ചടക്കമുള്ള ബിജിഎമ്മും നടീ നടന്മാർ പ്രകടിപ്പിച്ച അഭിനയത്തിലെ അവധാനതയും ചിത്രത്തിന്റെ മേന്മ കൂട്ടുന്നു. ഡോ. സുനിലിനും ടീമിനും അഭിനന്ദനങ്ങൾ.

Related Stories

No stories found.
logo
The Cue
www.thecue.in