എത്ര ചെറിയസമയം, സ്‌ക്രീനില്‍ അനില്‍ നെടുമങ്ങാട് തീര്‍ക്കുന്ന പ്രകമ്പനം; വിശുദ്ധരാത്രികളിലെ പ്രകടനത്തെ പ്രശംസിച്ച് കുറിപ്പ്

എത്ര ചെറിയസമയം, സ്‌ക്രീനില്‍ അനില്‍ നെടുമങ്ങാട് തീര്‍ക്കുന്ന പ്രകമ്പനം; വിശുദ്ധരാത്രികളിലെ പ്രകടനത്തെ പ്രശംസിച്ച് കുറിപ്പ്

ഇരുത്തം വന്ന നടനെന്ന നിലയില്‍ മികച്ച കഥാപാത്രങ്ങളിലേക്ക് പ്രവേശിച്ച് തുടങ്ങിയ കാലത്താണ് അനില്‍ നെടുമങ്ങാട് എന്ന നടന്റെ അപ്രതീക്ഷിത വിയോഗം. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗംഭീര പ്രകടനം അനില്‍ നെടുമങ്ങാടിന് മുന്നില്‍ വലിയ അവസരങ്ങള്‍ തീര്‍ത്തിരുന്നു.

നായാട്ട് എന്ന സിനിമയിലെ പൊലീസ് കഥാപാത്രത്തിന് പിന്നാലെ ചര്‍ച്ചയാവുകയാണ് 'വിശുദ്ധ രാത്രികള്‍' എന്ന സിനിമയിലെ പെര്‍ഫോര്‍മന്‍സ്. ഡോ.എസ് സുനില്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമ സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തിരിക്കുന്നത്.''അനില്‍ നെടുമങ്ങാട് എത്ര ചെറിയ സമയത്തിലാണ് സ്‌ക്രീനില്‍, വലിയ പ്രകമ്പനം ഉണ്ടാക്കുന്നത്.'' എന്ന് സംവിധായകന്‍ പി.ആര്‍ അരുണ്‍ എഴുതുന്നു.

വിശുദ്ധ രാത്രികള്‍ എന്ന സിനിമക്കും മികച്ച പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍. ജനാധിപത്യം എന്നുള്ളത് സാമൂഹികവും സാമ്പത്തികവും ആയ അധികാരമുള്ളവര്‍ക്ക് ദുര്‍ബലരെ അടക്കിഭരിക്കാനുള്ള സ്വാതന്ത്ര്യമാണ് എന്നത് സമകാലിക ഇന്ത്യന്‍ അവസ്ഥയില്‍ നമുക്ക് നന്നായിട്ടറിയാം. ഈ അധികാര പ്രയോഗത്തിന്റെ കേരളീയാന്തരീക്ഷമാണ് വിശുദ്ധരാത്രികളിലൂടെ എസ്. സുനില്‍ നമ്മുടെ മുന്നിലെത്തിക്കുന്നതെന്ന് ടി.കെ അനില്‍കുമാര്‍

അവിശുദ്ധ മനുഷ്യരുടെ രാത്രികൾ ആണ് പ്രമേയം. ഭരണകൂടവും ജാതിയും കാപട്യവും സാധാരണ മനുഷ്യരെ തെരുവിൽ ഇറക്കുന്ന ചില (അ)സാധാരണ സാഹചര്യങ്ങൾ ആണ് ഇതിവൃത്തം. പലരുടെ ഓർമ്മകൾ വഴി ചിലരുടെ നിശാകാമ അന്വേഷണങ്ങളിലൂടെ, സിനിമ സഞ്ചരിക്കുന്നു.... സിനിമ കണ്ട് തുടങ്ങിയപ്പോൾ ആദ്യം ത്രില്ലടിച്ചത് സണ്ണി ജോസഫ് എന്ന പേര് കണ്ടപ്പോളാണ്. ആരാധനയുള്ള ക്യാമറക്കണ്ണാണ്. അനിൽ നെടുമങ്ങാട് എത്ര ചെറിയ സമയത്തിലാണ് സ്ക്രീനിൽ, വലിയ പ്രകമ്പനം ഉണ്ടാക്കുന്നത്. സുനിൽ മാഷിന് അഭിനന്ദനങ്ങൾ

പി.ആര്‍ അരുണ്‍, സംവിധായകന്‍

ജനാധിപത്യം എന്നുള്ളത് സാമൂഹികവും സാമ്പത്തികവും ആയ അധികാരമുള്ളവർക്ക് ദുർബലരെ അടക്കിഭരിക്കാനുള്ള സ്വാതന്ത്ര്യമാണ് എന്നത് സമകാലിക ഇന്ത്യൻ അവസ്ഥയിൽ നമുക്ക് നന്നായിട്ടറിയാം. ഈ അധികാര പ്രയോഗത്തിന്റെ കേരളീയാന്തരീക്ഷമാണ് വിശുദ്ധരാത്രികളിലൂടെ എസ്. സുനിൽ നമ്മുടെ മുന്നിലെത്തിക്കുന്നത്. അഞ്ച് രാത്രികളിൽ നടക്കുന്ന അഞ്ചു കഥകൾ നമ്മുടെ ബോദ്ധ്യങ്ങളെ മുറിവേൽപ്പിക്കുന്ന ഏറ്റവും സൂക്ഷ്മമായ രാഷ്ട്രീയമാണ് തുറന്നവതരിപ്പിക്കുന്നത്. ആരും മാവോയിസ്റ്റാക്കപ്പെടാൻ സാധ്യതയുള്ള ഒരു കേരളീയ പരിസരമുണ്ട്. അവിടെ, എല്ലായ്പ്പോഴും പുരോഗമന മൂല്യങ്ങളെക്കുറിച്ച് വാചാലരാകുന്ന നാം നമ്മുടെ സ്വസ്ഥവൃത്തം ഭേദിക്കപ്പെടുമ്പോൾ ഏറ്റവും നിസ്സാരരായ മനുഷ്യരെ ഇരകളാക്കി മാറ്റുന്നു. അത് ട്രാൻസ്ജെന്ററാവാം, ദലിതരാവാം, പ്രതികരണ ശേഷിയുള്ള വിദ്യാർത്ഥികളാവാം. എന്നാൽ ഒടുവിൽ നാം തന്നെ ആ ഇരകളായി തീരുന്നു എന്ന് സിനിമയുടെ അന്ത്യത്തിൽ തിരിച്ചറിയുമ്പോൾ സിനിമ നമ്മെ പൊള്ളിക്കുന്നു. നമ്മെ തന്നെ വേട്ടയാടുന്ന അഞ്ച് കഥകളാണ് വിശുദ്ധ രാത്രികൾ. അതി സൂക്ഷ്മമായാണ് തിരക്കഥാകൃത്തും സംവിധായകനുമായ എസ്. സുനിൽ സിനിമയൊരുക്കിയിരിക്കുന്നത്. സൈന ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് സിനിമ നമ്മുടെ മുമ്പിലെത്തുന്നത്. അലൻസിയറും ശീതൾ ശ്യാമും സന്തോഷ് കീഴാറ്റാരും അടക്കമുള്ളവർ കഥാപാത്രങ്ങളായി നമ്മുടെ മുമ്പിലെത്തുന്നു. സണ്ണിജോസഫാണ് ക്യാമറാമാൻ. നിർദയമായ ഭരണകൂട ആക്രമങ്ങളുടെ പൊള്ളിക്കുന്ന ആഖ്യാനമാണ് ഈ സിനിമ

ടി.കെ അനില്‍കുമാര്‍

വിശുദ്ധം എന്ന് നമ്മൾ കരുതുന്ന പലതും മനുഷ്യത്വപരമായി ചിന്തിച്ചാൽ അവിശുദ്ധമായി മാറുന്നതിന്റെ ഉദാഹരണങ്ങളാണ് 5 വ്യത്യസ്ത കഥകളിലൂടെ "വിശുദ്ധരാത്രികൾ " എന്ന സിനിമയിൽ ഡോക്ടർ. സുനിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഒഴിവുദിവസങ്ങൾ ആഘോഷിക്കുന്നതിനുവേണ്ടി ഒരു റിസോർട്ടിലേയ്ക്ക് യാത്ര പോകുന്ന മൂന്നു സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണത്തിൽ കടന്നുവരുന്ന സംഭവങ്ങൾ ഈ സിനിമയിലെ 4 കഥകൾ ആകുമ്പോൾ കഥയോട് സമാനമായ സംഭവം കഥകൾ പറഞ്ഞു യാത്ര ചെയ്യുന്ന സുഹൃത്തുക്കൾക്കും നേരിടേണ്ടി വരുന്നതാണ് അഞ്ചാമത്തെ കഥ. അങ്ങനെ കഥയിലും ഉപകഥകളിലും സ്വാഭാവികമായി സംഭവിക്കുന്നത് എന്ന് പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന വിധത്തിൽ ജാതിയും, ലൈംഗികതയും,സദാചാരവും, അധികാരവുമെല്ലാം എങ്ങനെ സാധാരണ മനുഷ്യരുടെ നിഷ്കളങ്കമായ ജീവിതത്തെ അസാധാരണമാം വിധം മാറ്റി മറിക്കുന്നു എന്നതാണ് വിശുദ്ധരാത്രികൾ സാക്ഷ്യപ്പെടുത്തുന്നത്. സംവിധായകന്റെ സാമൂഹിക, രാഷ്ട്രീയ, മത നിരീക്ഷണങ്ങൾ പ്രേക്ഷകന്റെയും നിരീക്ഷണങ്ങളോട് സാമ്യത പുലർത്തുന്ന രീതിയിൽ വളരെ വിദഗ്ധമായി, പരിഹാസ്യം ചേർത്തു അവതരിപ്പിച്ചിരിക്കുകയാണ് അഞ്ചു രാത്രികളെ. പച്ചയായ മനുഷ്യന്റെ വികാര പ്രകടനങ്ങളെ കച്ചവട സിനിമയുടെ സൗന്ദര്യശാസ്ത്രസമവാക്യങ്ങളെ കൂട്ടുപിടിക്കാതെ വളരെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട് എന്നത് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്.

ജാതിയും മതവും അധികാരവും സാമൂഹിക പദവിയും ഒന്നും ലൈംഗികത എന്ന മനുഷ്യന്റെ തികച്ചും ജൈവികമായ ത്വരയ്ക്ക് അതിർവരമ്പുകൾ തീർക്കുന്നില്ല എന്നത് ഈ സിനിമയിലെ എല്ലാ കഥകളും വെളിവാക്കുന്നുണ്ട്. അതേസമയം അധികാര പദവികൾ സവർണതയുടെ അവകാശമായി കാണുന്ന, സമൂഹത്തിന്റെ അധികാര ശ്രേണിയിൽ ഉള്ളവർ അവിശുദ്ധമായതിനെ തങ്ങൾക്കനുകൂലമാം വിധം വളച്ചൊടിക്കുകയും ന്യൂനപക്ഷങ്ങളുടെ നിഷ്കളങ്കതയെ സവർണാധികാരത്തിന്റെ നീതിന്യായവ്യവസ്ഥിതിക്കു ചവിട്ടി തേയ്ക്കാനുള്ളതുമാക്കി കാണുന്ന നമ്മുടെ വാർത്തമാനകാലത്തിന്റെയും സാമൂഹിക ആചാരങ്ങളോടും വിശ്വാസങ്ങളോടും വ്യവസ്ഥിതികളോടുമുള്ള ഒരു വെല്ലുവിളിയായും "വിശുദ്ധരാത്രികൾ" എന്ന സിനിമയെ കാണാവുന്നതാണ്.

സിനിമകളിലും നാടകങ്ങളിലുമൊക്കെ സമകാലിക ജീവിതത്തിന്റെ പ്രതിഛായ നിഴലിക്കുന്ന ഡോക്ടർ സുനിലിന്റെ ഈ സിനിമയും ഗൗരവമേറിയ വിഷയങ്ങളെ ചർച്ച ചെയ്തു സംവിധാനത്തിലും പ്രമേയത്തിലും മികവ് പുലർത്തി. ബാക്ക്ഗ്രൗണ്ട് സോഗ് ആയി കഥകളി പദങ്ങൾ ആവിഷ്കരിച്ചത് പ്രമേയം ഒന്നുകൂടി വ്യത്യസ്തവും മനോഹരവുമാക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ശീതൾ ശ്യാമും കൂട്ടുകാരും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുമെന്നതിൽ സന്ദേഹമില്ല. വലിയ താരപരിവേഷമില്ലാത്ത ഈ സിനിമയിൽ കെ. ബി. വേണു, അലൻസിയർ, സന്തോഷ് കീഴാറ്റൂർ, ശ്രീജയ നായർ എന്നിവരടക്കം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാവരും അവരവരുടെ ഭാഗം ഭംഗിയാക്കി.മികച്ച ഛായഗ്രഹണവും, വ്യത്യസ്തമായ ആവിഷ്കാരവും, കഥാപ്രമേയത്തെ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യുന്ന ഗാനരചനയും സംഗീതവും ഈ സിനിമയുടെ എടുത്തു പറയേണ്ടുന്ന പ്രത്യേകതകളാണ്. "ഓടിയോടിപോയ കാച്ചിലുവള്ളിയെ.... എന്ന നിഷ്കളങ്കതയെ ക്രൂരത കൊണ്ട് നേരിടുന്ന അർത്ഥതലങ്ങളോടു കൂടിയ ഗാനം ഇതിനോടകം തന്നെ ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു

വിദ്യ മുകുന്ദന്‍

വിശുദ്ധ രാത്രികള്‍ സൈന പ്ലേ ഒടിടിയില്‍ കാണാം

മുന്‍മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറയുന്നു.ഇതൊരു ഗംഭീര സിനിമയാണ്, ജെ.എന്‍.യു പോലൊരു പ്രധാന യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ആണെങ്കിലും ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെങ്കിലും സമൂഹത്തില്‍ ചില കോണില്‍ അവര്‍ എത്രമാത്രം അരക്ഷിതത്വം നേരിടുന്നുവെന്ന് നന്നായി അവതരിപ്പിച്ചിരിക്കുന്നു.

അലന്‍സിയാര്‍,സന്തോഷ് കീഴാറ്റൂര്‍,ശ്രീജയ നായര്‍അനില്‍ നെടുമങ്ങാട്,കെ ബി വേണു,ശരത് സഭ,കണ്ണന്‍ ഉണ്ണി,ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍,അജിത് എം ഗോപിനാഥ്,സാന്ദ്ര,ഗുല്‍ഷാനറ,പ്രിയങ്ക പഥക് തുടങ്ങിയവരാണ് താരങ്ങള്‍.

മൂന്ന് സുഹൃത്തുക്കള്‍ ഹൈറേഞ്ചിലെ ഒരു റിസോര്‍ട്ടിലേക്ക് യാത്ര തിരിക്കുന്നു.മൂന്നു പേരിലൊരാളുടെ മാനസിക സംഘര്‍ഷത്തിന് അയവുണ്ടാകയാണ് യാത്രയുടെ ഉദ്ദേശ്യം.യാത്രയില്‍ അവര്‍ പറയുന്ന കഥകളിലൊന്ന് അയാളുടെ വിഷയത്തിന് കാരണമായി.

നമ്മുടെ രാത്രികളിലേക്കുള്ള ഒരു രാഷ്ട്രീയാന്വേഷണമാണ്

'വിശുദ്ധ രാത്രികള്‍' എന്ന സിനിമ നമ്മുടെ രാത്രികളിലേക്കുള്ള ഒരു രാഷ്ട്രീയാന്വേഷണമാണ്. സമീപകാലത്തു പ്രചുരപ്രചാരം നേടിയ കുലസ്ത്രീ, പാരമ്പര്യം, ആചാരം തുടങ്ങിയ പദങ്ങളെപ്പോലെത്തന്നെ വിശുദ്ധരാത്രികളിലെ വിശുദ്ധിയും അതിന്റെ പരിഹാസ്യത കൊണ്ടു ശ്രദ്ധേയമാകുന്നു. ആരുടെയൊക്കെയോ ചരടുകളാല്‍ നിയന്ത്രിക്കപ്പെടുന്ന പാവകള്‍ പോലെ മനുഷ്യര്‍, അവരുടെ ചലനങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിവച്ചിരിക്കുന്ന നിയമങ്ങള്‍, അവയ്ക്കിടയില്‍ അറ്റുപോകുന്ന മനുഷ്യബന്ധങ്ങള്‍: Moral Nights എന്നുള്ളത് മനുഷ്യത്വത്തിന്റെ അളവുകോലുകള്‍ ഉപയോഗിച്ചു പരിശോധിക്കുമ്പോള്‍ എങ്ങനെ Immoral ആയി മാറുന്നു എന്നതിന്റെ വിശദീകരണങ്ങളാണ് ഈ ചലച്ചിത്രത്തിലെ വ്യത്യസ്തമായ അഞ്ചു ഖണ്ഡങ്ങള്‍.

ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി വന്നെത്തുന്നതോടെയാണ് കേരളീയ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന ഒടിയനും മറുതയുമൊക്കെ അപ്രത്യക്ഷമായതെന്നു പറയാറുണ്ട്. നിഗൂഢപദ്ധതികള്‍ക്ക് അവശ്യം വേണ്ടിയിരുന്ന സ്വകാര്യതകള്‍ വൈദ്യുതവിളക്കുകളുടെ വരവോടെ ഇല്ലാതായി. അദൃശ്യശക്തികളില്‍ത്തന്നെ അവര്‍ണസ്വത്വങ്ങളായിരുന്ന അവയുടെ ഒളിയിടങ്ങളെ ഈ സാങ്കേതികതയുടെ വെളിച്ചം അപനിര്‍മ്മിച്ചു എന്നു പറയാം. അരവിന്ദന്റെ അവസാന സിനിമകളിലൊന്നായ 'ഒരിടത്ത്' കറന്റ് വന്നെത്തുന്ന കാലത്തെ കേരളീയഗ്രാമത്തിന്റെ വ്യഥയും വേവലാതികളും വരച്ചെടുക്കുന്നതിന്റെ കൃത്യമായ ചിത്രീകരണമാണ്.

ഇങ്ങനെയൊക്കെ ഇരുട്ടിന്റെ 'പ്രതി'ച്‌ഛായയെ പൊളിച്ചെഴുതുമ്പോഴും നമ്മുടെ രാത്രികള്‍ നഗരഗ്രാമവ്യത്യാസമില്ലാതെ ജനാധിപത്യവിരുദ്ധമായി മാറുകയായിരുന്നു. ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലൊന്നുമില്ലാത്ത വിലക്കുകള്‍ വിദ്യാസമ്പന്നരെന്നു സ്വയം അഭിമാനിക്കുന്ന നമ്മുടെ ജീവിതത്തിലേക്ക് മടിയേതുമില്ലാതെ കടന്നുവന്നു. രാത്രിയിലെ അലംകൃതമായ വെളിച്ചം അബലരായ മനുഷ്യരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാനുള്ള മറയായി മാറി എന്നുള്ളതാണ് വലിയ വൈരുദ്ധ്യം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അഭംഗുരം അതു തുടര്‍ന്നുപോരുന്നു.

ഇ സന്തോഷ്‌കുമാർ

Related Stories

No stories found.
logo
The Cue
www.thecue.in