സാറ് സെയ്ത്താനാണെങ്കീ നമ്മ ഇബിലീസ്, രാജീവ് രവിയുടെ 'തുറമുഖം' ടീസര്‍

Thuramukham Official Teaser
Thuramukham Official Teaser

രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച 'തുറമുഖം' ടീസര്‍ പുറത്തിറങ്ങി. 1923നും 1957നും ഇടയില്‍ കൊച്ചി തുറമുഖത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറിയ തൊഴിലാളി സമരങ്ങളാണ് സിനിമ. തൊഴിലാളി സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമവും, സംഘടിത തൊഴിലാളി മുന്നേറ്റവും 'തുറമുഖം' ടീസറില്‍ കാണാം.

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് 'തുറമുഖം'. 1968ല്‍ ഗോപന്‍ ചിദംബരത്തിന്റെ പിതാവും പ്രമുഖ നാടകകൃത്തുമായ കെ.എം. ചിദംബരന്‍ എഴുതിയ 'തുറമുഖം' എന്ന നാടകത്തിനെ ആധാരമാക്കിയാണ് ഈ സിനിമ. സുകുമാര്‍ തെക്കേപ്പാട്ടാണ് തുറമുഖം നിര്‍മ്മിച്ചിരിക്കുന്നത്.

നിവിന്‍ പോളിയുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ പ്രൊജക്ട് കൂടിയാണ് പീരിഡ് ഡ്രാമാ സ്വഭാവമുള്ള തുറമുഖം. മൊയ്തു എന്ന നേതാവായി നിവിന്‍ പോളിയും സാന്റോ ഗോപാലനായി ഇന്ദ്രജിത്ത് സുകുമാരനും മൊയ്തുവിന്റെ വാപ്പ മൈമുവിനെ ജോജു ജോര്‍ജ്ജും അവതരിപ്പിക്കുന്നു. പൂര്‍ണിമ ഇന്ദ്രജിത്താണ് ഉമ്മയുടെ റോളില്‍. നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സെന്തില്‍ കൃഷ്ണ, സുദേവ് നായര്‍, മണികണ്ഠന്‍ എന്നിവരും കഥാപാത്രങ്ങളാണ്. രാജീവ് രവിയുടെ ക്ലാസിക് എന്നാണ് തുറമുഖത്തെ നിവിന്‍ പോളി ദ ക്യു അഭിമുഖത്തില്‍ വിശേഷിപ്പിച്ചിരുന്നത്.

രക്തം പുരണ്ട തുറമുഖം

കൊച്ചിയിലെ മനുഷ്യരുടെ ജീവിതത്തിന്റെ രക്തം പുരണ്ട ഒരേടാണ് കെ.എം.ചിദംബരത്തിന്റെ ''തുറമുഖം. പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും പകരം തുറമുഖത്ത് വന്നടിഞ്ഞത് മാലിന്യങ്ങളും മഹാരോഗങ്ങളും ദുരിതങ്ങളും. ജീവിതത്തില്‍ അതേറ്റു വാങ്ങി ദ്രവിച്ചും മരവിച്ചും ഇല്ലാതായ നിന്ദിതരും പീഡിതരുമായ മനുഷ്യരുടെ കഥ. ഹംസ, മൊയ്തു എന്നീ സഹോദരന്മാരുടെ ഉമ്മ, അവരുടെ സഹോദരി കദീശ, മൊയ്തുവിന്റെ ഭാര്യ എന്നീ മൂന്ന് സ്ത്രീകളാണ് തുറമുഖത്തിലെ ജീവിതങ്ങളുടെ സാക്ഷ്യം പറയാന്‍ ഈ നാടകത്തിലെ കേന്ദ്രമായുള്ളത്. തുറമുഖം നാടകത്തില്‍ നിന്ന് മാറ്റങ്ങളോടെയാണ് സിനിമ.

വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍. സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ നടന്നിരുന്നു. ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് തുറമുഖം പ്രദര്‍ശിപ്പിച്ചത്. പിരീഡ് ഡ്രാമ കൂടിയാണ്. തുറമുഖം പൂര്‍ത്തിയാക്കി കുറ്റവും ശിക്ഷയും എന്ന സിനിമയിലേക്ക് രാജീവ് രവി കടന്നിരുന്നു. ഈ സിനിമയും പൂര്‍ത്തിയായിരിക്കുകയാണ്. ജൂണ്‍ റിലീസായാണ് കുറ്റവും ശിക്ഷയും പ്രഖ്യാപിച്ചത്. മേയ് 13നായിരുന്നു തുറമുഖം റിലീസ് ചെയ്യാനിരുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിന് പിന്നാലെ നിവിന്‍ പോളി എന്ന നടന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും തുറമുഖം എന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തിലെ ക്ലാസിക്കുകളില്‍ ഒന്നായിരിക്കുമെന്ന് നിവിന്‍

രാജീവേട്ടനോട് മറ്റൊരു സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിരിക്കുമ്പോഴാണ് തുറമുഖത്തെക്കുറിച്ച് പറയുന്നത്. തൊഴിലാളി മുന്നേറ്റമാണ് സിനിമ. കേട്ടപ്പോള്‍ വളരെയേറെ താല്‍പ്പര്യം തോന്നി. ഏറെ സംസാരിക്കപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ്. കേരളത്തില്‍ വൈദ്യുതി ഇല്ലാത്ത കാലഘട്ടം സിനിമയിലുണ്ട്. മലയാളത്തിലെ മികച്ച ക്ലാസിക്കുകളില്‍ ഒന്നായിരിക്കും തുറമുഖം എന്നാണ് എന്റെ തോന്നല്‍. ദ ക്യുവിനോട് നിവിന്‍ പോളി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in