തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിനെ 'സർ' എന്ന് വിളിച്ചില്ല; അനുപമ പരമേശ്വരനെതിരെ ഫാൻസുകാരുടെ സൈബർ ആക്രമണം

തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിനെ 'സർ' എന്ന് വിളിച്ചില്ല; അനുപമ പരമേശ്വരനെതിരെ ഫാൻസുകാരുടെ സൈബർ ആക്രമണം

നടി അനുപമ പരമേശ്വരന് എതിരെ തെലുങ്ക് താരവും ചിരഞ്ജീവിയുടെ സഹോദരനുമായ പവൻ കല്യാണിന്റെ ആരാധകരുടെ സൈബർ ആക്രമണം. പവൻ കല്യാണിനെ അനുപമ സർ എന്നു വിളിച്ചില്ല എന്നതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

പവൻ കല്യാണിന്റെ ‘വക്കീൽ സാബ്’ എന്ന ചിത്രം കണ്ടതിന് ശേഷം അനുപമ പങ്കുവച്ച പോസ്റ്റാണ് വിവാദങ്ങൾക്ക് കാരണമായത് . “കഴിഞ്ഞ രാത്രി പ്രൈം വീഡിയോയിൽ വക്കീൽ സാബ് കണ്ടു. ശക്തമായൊരു മെസേജും പവർഫുൾ പെർഫോമൻസുമുള്ള ചിത്രം. പവൻ കല്യാൺ പരിമിതികൾ ഭേദിച്ചിരിക്കുന്നു, മൂന്നു സ്ത്രീകഥാപാത്രങ്ങൾ കഥയെ വേറിട്ടു നിർത്തുന്നു,” എന്നാണ് അനുപമ ട്വിറ്ററിൽ കുറിച്ചത്.

എന്നാൽ അനുപമയുടെ ട്വീറ്റിനു തൊട്ട് പിന്നാലെ പവൻ കല്യാണിനെ സർ എന്ന് അതിസംബോധന ചെയ്യാത്തതിനെ വിമർശിച്ചകൊണ്ട് ഫാൻസുകാർ കമന്റുകൾ പോസ്റ്റ് ചെയ്യുവാൻ തുടങ്ങി. പ്രകാശ് രാജ് മാത്രമാണോ താങ്കളുടെ ഒരേ ഒരു സർ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. വിമർശനങ്ങൾ രൂക്ഷമായപ്പോൾ പവൻ കല്യാണിന്റെ ഫാൻസിനോട് അനുപമ മാപ്പു പറഞ്ഞു.

പവൻ കല്യാണിന്റെ ‘വക്കീൽ സാബ്’ ഏപ്രിൽ 9നാണ് തിയേറ്ററുകളിലെത്തിയത്. മൂന്നു വർഷങ്ങൾക്കു ശേഷം താരം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. ആദ്യ ആഴ്ചയിൽ തന്നെ ചിത്രം റെക്കോർഡ് കളക്ഷൻ നേടിയിരുന്നു. ഏപ്രിൽ 30നാണ് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തത്.

The Cue
www.thecue.in