ഇതേ അവസ്ഥ തുടര്‍ന്നാല്‍ മരക്കാര്‍ മേയ് റിലീസില്ല, നിലവില്‍ മാറ്റിവെച്ചിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍

ഇതേ അവസ്ഥ തുടര്‍ന്നാല്‍ മരക്കാര്‍ മേയ് റിലീസില്ല, നിലവില്‍ മാറ്റിവെച്ചിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍

കൊവിഡ് വീണ്ടും ഗുരുതര പ്രതിസന്ധി തീര്‍ത്തതോടെ വമ്പന്‍ റിലീസുകളും മാറ്റിവെക്കാനൊരുങ്ങുന്നു. ഇതേ അവസ്ഥ തുടര്‍ന്നാല്‍ മേയ് 13ന് മരക്കാര്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. റിലീസ് നിലവില്‍ മാറ്റിവച്ചിട്ടില്ലെന്നും ആന്റണി പെരുമ്പാവൂര്‍.

മരയ്ക്കാറിന്റെ റിലീസ് മേയ് 13നാണ് വിചാരിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ ആ സമയത്ത് റിലീസ് ചെയ്യില്ല. പക്ഷെ നിലവില്‍ റിലീസിംഗ് മാറ്റിവച്ചിട്ടില്ല. ഹിന്ദിയിലും തെലുങ്കിലുമെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ റംസാന്‍ പോലുള്ള സമയത്ത് തിയറ്ററുകളില്‍ സിനിമകളുണ്ടാവില്ലെന്നും ആന്റണി പെരുമ്പാവൂര്‍ മീഡിയവണ്‍ ചാനലിലാണ് പ്രതികരണം.

വലിയ ശൂന്യതയിലാണ് നില്‍ക്കുന്നത്. വല്ലാത്ത പ്രതിസന്ധിയാണ്. ഇതുപോലൊരു പ്രതിസന്ധി സമയത്താണ് ദൃശ്യം 2 ഒടിടിക്ക് കൊടുത്തത്. ഈ അവസ്ഥയില്‍ വലിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധ്യതയില്ല. വീണ്ടും തിയറ്ററുകള്‍ തുറന്നപ്പോള്‍ കുറെ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. അവയ്ക്ക് അര്‍ഹമായ കളക്ഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്നാല്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തോട് യോജിക്കാനാകില്ലെന്നും ആന്റണി പെരുമ്പാവൂര്‍. തിയറ്ററുകള്‍ തുറന്നുവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവ് നികത്താനുള്ള ഒരു വരുമാനം നിലവിലെ സാഹചര്യത്തില്‍ ലഭിക്കില്ലെന്നും ആന്റണി പെരുമ്പാവൂര്‍.

മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ ചിത്രം മാലിക്, രാജീവ് രവി -നിവിന്‍ പോളി ചിത്രം തുറമുഖം, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് എന്നിവയും പെരുന്നാള്‍ റിലീസാണ്.

100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയായ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' 2020 മാര്‍ച്ച് റിലീസായാണ് നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. മലയാളത്തിന് പുറമേ ഇതരഭാഷകളിലേക്കും ചൈനീസ് പതിപ്പായും ചിത്രം തിയറ്ററുകളിലെത്തും. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ.റോയ് സി.ജെ, സന്തോഷ് ടി.കുരുവിള എന്നിവരാണ് നിര്‍മ്മാണം.

യുദ്ധം ഉള്‍പ്പെടെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. . ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍. 100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. ഇന്ത്യയ്ക്ക് പുറമേ ചൈനീസ് ഭാഷയില്‍ ചൈനയിലും സിനിമ പുറത്തിറങ്ങും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇമോഷണല്‍ സിനിമയാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍

No stories found.
The Cue
www.thecue.in