'ഒടുവില്‍ ജയിച്ചെന്ന് നമ്മളോട് നുണപറയും', പൊളിറ്റിക്കല്‍ ത്രില്ലറുമായി പൃഥ്വിരാജും റോഷന്‍ മാത്യുവും; 
'കുരുതി' അഭിമാനമെന്ന് പൃഥ്വി

'ഒടുവില്‍ ജയിച്ചെന്ന് നമ്മളോട് നുണപറയും', പൊളിറ്റിക്കല്‍ ത്രില്ലറുമായി പൃഥ്വിരാജും റോഷന്‍ മാത്യുവും; 'കുരുതി' അഭിമാനമെന്ന് പൃഥ്വി

പൃഥ്വിരാജ് സുകുമാരനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായ കുരുതി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആദ്യമായി ഒറ്റക്ക് നിര്‍മ്മാണമേറ്റെടുത്ത സിനിമയുമാണ് കുരുതി. മനു വാര്യരാണ് സംവിധാനം. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.

വെറുപ്പ് ഒരു തരി മതി തീയായി ആളിക്കത്താന്‍ എന്ന് തുടങ്ങുന്ന മാമുക്കോയയുടെ ഡയലോഗിന് പിന്നാലെ പകയും പ്രതികാരവും രാഷ്ട്രീയ വൈരവും സിനിമയുടെ ഇതിവൃത്തമാണെന്ന് ടീസര്‍ സൂചന തരുന്നു. മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ,മണികണ്ഠന്‍ ആചാരി, നെസ്ലന്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. റഫീക്ക് അഹമ്മദാണ് ഗാനരചന. ജേക്‌സ് ബിജോയ് സംഗീത സംവിധാനം. സുപ്രിയാ മേനോനാണ് നിര്‍മ്മാതാവ്.

അര്‍ജുന്‍ മാത്തൂര്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കോഫി ബ്ലൂം സംവിധാനം ചെയ്ത മനുവിന്റെ ആദ്യ മലയാള ചിത്രമാണ് കുരുതി. സോഷ്യോ-പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന കുരുതിയെക്കുറിച്ച് മനു ദ ക്യുവിനോട്

മലയാളത്തില്‍ ഹീറോ തിരക്കഥയാണ്

കലാമൂല്യമുള്ള ചിത്രങ്ങള്‍ പിറക്കുന്ന മലയാളസിനിമയുടെ ഭാഗമാകാനായതില്‍ എനിക്കേറെ സന്തോഷമുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച കഥാപ്രാധാന്യചിത്രങ്ങള്‍ ഇറങ്ങുന്നത് മലയാളത്തിലാണ്. ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് പൂര്‍ണ്ണ സംതൃപ്തി ലഭിച്ചത് ഇവിടെ പ്രവര്‍ത്തിച്ചപ്പോഴാണെന്ന് നിസംശയം പറയാം. എന്റെ മാത്രമല്ല,മറ്റൊരു ഇന്‍ഡസ്ട്രിയില്‍ നിന്നും ഇവിടെയെത്തുന്ന ആര്‍ക്കും അത് അനുഭവപ്പെടുമെന്നാണ് എന്റെ വിശ്വാസം. പൂര്‍ണ്ണമനസ്സോടെ പ്രവര്‍ത്തിക്കാനാവുക എന്നതും ചെയ്യുന്ന കാര്യത്തിന് 100 ശതമാനം തൃപ്തി ലഭിക്കുക എന്നതും ഏതൊരു വ്യക്തിയെ സംബന്ധിച്ചും പ്രധാനമാണ്. മലയാളം എനിക്ക് നല്‍കിയത് ആ പൂര്‍ണ്ണതയാണ്.

ബോളിവുഡ് പോലെ സ്റ്റാര്‍ഡം ബേസ് ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നൊരാള്‍ എന്ന നിലയില്‍ എനിക്ക് വ്യക്തമായി തന്നെ പറയാം, മലയാളസിനിമ ഗംഭീരമായൊരു പ്രവര്‍ത്തനമേഖലാണെന്ന്. ഒരു താരത്തിനുവേണ്ടിയോ അല്ലെങ്കില്‍ അത്തരം പശ്ചാലങ്ങള്‍ക്കുവേണ്ടി മാത്രം സിനിമ നിര്‍മ്മിക്കുന്നവരല്ല ഇവിടെയുള്ളത്. മലയാളസിനിമയില്‍ താരം തിരക്കഥയാണ്. കഥയ്ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്നതുകൊണ്ടാണ് നമ്മുടെ ചിത്രങ്ങളെല്ലാം മികച്ച അഭിപ്രായം നേടുന്നത്.

മലയാള സിനിമ സ്വപ്നമായിരുന്നു

മലയാളത്തില്‍ സിനിമ ചെയ്യുക എന്നത് ഏതൊരാളേയും പോലെ എന്റെയും സ്വപ്നമായിരുന്നു. മുംബൈയില്‍ ജനിച്ചു വളര്‍ന്നതിനാലും ജോലികളെല്ലാം അവിടെ തന്നെയായിരുന്നതിനാലും ആദ്യചിത്രം ബോളിവുഡില്‍ ഇറങ്ങി. അപ്പോഴും മനസ്സില്‍ മലയാളസിനിമയെന്ന സ്വപ്നം അങ്ങനെ തന്നെയുണ്ടായിരുന്നു. കുരുതിയുടെ തിരക്കഥാകൃത്ത് അനീഷ് പല്യാല്‍ കഥ എനിക്ക് വായിക്കാന്‍ തന്നപ്പോള്‍ മുതല്‍ എന്റെ മനസുമുഴുവന്‍ നമ്മുടെ നാടായിരുന്നു. അങ്ങനെയാണ് കുരുതിയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്. കുരുതിയെന്ന ടൈറ്റില്‍ ശരിക്കും പൃഥ്വിരാജ് നിര്‍ദേശിച്ച പേരാണ്. ഞങ്ങള്‍ ഇടാന്‍ തീരുമാനിച്ചിരുന്ന ടൈറ്റില്‍ വേറെയായിരുന്നു. പക്ഷേ അതിന് രജിസ്‌ട്രേഷന്‍ കിട്ടിയില്ല. അപ്പോഴാണ് പൃഥി ഈ പേര് പറയുന്നത്. ഇത് ചിത്രത്തിന് വളരെ അനുയോജ്യമാണ് എന്ന് തോന്നിയതിനാല്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ചിത്രം ആലോചിക്കുമ്പോള്‍ തന്നെ ഞങ്ങളുടെയെല്ലാം ഉള്ളില്‍ പ്രധാനകഥാപാത്രമായി പൃഥ്വിരാജ് തന്നെയായിരുന്നു. അദ്ദേഹത്തെ സമീപിച്ച് കഥ പറഞ്ഞു കഴിഞ്ഞതും ആവേശഭരിതനായ പൃഥ്വിയെ ഞാന്‍ ഓര്‍ക്കുന്നു. പൃഥ്വിരാജും സുപ്രിയയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കാമെന്നും പറഞ്ഞു. എന്റെ മലയാളത്തിലെ ആദ്യസിനിമ ഇവര്‍ക്കൊപ്പം ആയതില്‍ വളരെ സന്തോഷം.

പൃഥ്വി നായകനാണെങ്കിലും മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ടെന്നും ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണെന്നും മനു വാര്യര്‍ പറഞ്ഞു. സാമൂഹിക പ്രാധാന്യമുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ മൂവിയാണ് കുരുതി. പ്രേക്ഷകര്‍ക്കാവശ്യമായ ചേരുവകള്‍ എല്ലാം ചേര്‍ത്താണ് ചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും കൂടുതല്‍ വെളിപ്പെടുത്താനാവില്ലെന്നും സംവിധായകന്‍.

അനിഷ് പല്യാല്‍ രചിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജമാണ്. സംഗീതമൊരുക്കിയിരിക്കുന്നത് ജെയ്ക്സ് ബെജോയ്. ഡിസംബര്‍ 9 ന് ചിത്രീകരണം ആരംഭിക്കും

No stories found.
The Cue
www.thecue.in