'മഹേഷും മാരുതിയും'; ഹീറോ റെഡി

'മഹേഷും മാരുതിയും'; ഹീറോ റെഡി

ആസിഫ് അലിയെ നായകനാക്കി മണിയൻ പിള്ള രാജു നിർമ്മിക്കുന്ന 'മഹേഷും മാരുതിയും' എന്ന സിനിമയ്ക്ക് വേണ്ടി 1984 മോഡൽ മാരുതി 800 കാർ പുതുക്കി പുറത്തിക്കി. മലപ്പുറത്തെ ഓൺറോഡ് ടീമാണ് പഴമയുടെ പ്രൗഢിയിൽ കാർ പുതുക്കിയത്. നടൻ ആസിഫ് അലിയും നിർമ്മാതാവ് മണിയൻ പിള്ള രാജുവും സംവിധായകൻ സേതുവും ഓൺറോഡ് ഷോപ്പിലെത്തിയാണ് കാർ ഏറ്റുവാങ്ങിയത്.

1984 മോഡലിലുള്ള മാരുതി കാർ കണ്ടെത്തിയിരുന്നെങ്കിലും വാഹനം പുതുക്കിയെടുക്കുന്ന ജോലികൾ വെല്ലുവിളിയുള്ളതായിരുന്നുവെന്നു മണിയൻപിള്ള രാജു പറഞ്ഞു. ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ശേഷമാണ് കാറ് പുതുക്കാനായി ഓൺറോഡ് ടീമിനെ ഏൽപ്പിച്ചത്. രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും പാർട്സുകൾ എത്തിച്ചാണ് മാരുതി പുതുക്കിയത്.

മഹേഷും, ഒരു പെണ്‍കുട്ടിയും, മാരുതി 800 ഉം തമ്മിലുള്ള ത്രികോണ പ്രണയകഥയാണ് വരാനിരിക്കുന്നതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ സേതു മുമ്പ് പറഞ്ഞിരുന്നു.മമ്മൂട്ടി നായകനായ 'ഒരു കുട്ടനാടന്‍ ബ്ലോഗാണ്' സേതു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2015 ല്‍ 'കുട്ടനാടൻ ബ്ലോ​ഗി'ന് മുമ്പ് ചെയ്യാനിരുന്ന ചിത്രമാണ് 'മഹേഷും മാരുതിയും'. ഇന്നീ സിനിമ സാധ്യമാകാന്‍ പ്രധാന കാരണം മണിയന്‍പിള്ള രാജുവാണെന്നും ഈ പ്രോജക്റ്റില്‍ തന്നെപ്പോലെതന്നെ ആവേശം അദ്ദേഹത്തിനുമുണ്ടായിരുന്നെന്നും മുമ്പ് ഒരു അഭിമുഖത്തിൽ സേതു പറഞ്ഞിരുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വി എസ് എൽ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. മാർച്ചിലാണ്‌ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

1983 ല്‍ മഹേഷിന്റെ പിതാവ് മാരുതി 800 ഗ്രാമത്തിലേക്ക് കൊണ്ടുവരുന്നിടത്താണ് കഥ തുടങ്ങുന്നത്. അയാള്‍ക്ക് ആ വാഹനത്തോട് ഒരു വൈകാരിക അടുപ്പമുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷവും ആ ഗ്രാമത്തില്‍ മാറ്റം വരാത്തതായി അവശേഷിക്കുന്നത് മഹേഷും മഹേഷിന്റെ കാറും മാത്രമാണ്. പിന്നീട് ഒരു പെണ്‍കുട്ടി അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതുമാണ് പ്രമേയം.

Related Stories

No stories found.
logo
The Cue
www.thecue.in