പാർവതിക്ക് വൈസ് പ്രസിഡന്റാവാനുള്ള യോഗ്യതയുണ്ട്, പക്ഷെ സംഘടനയുടെ അടിവേര് തോണ്ടരുത്‌; ബാബുരാജ്

പാർവതിക്ക് വൈസ് പ്രസിഡന്റാവാനുള്ള യോഗ്യതയുണ്ട്, പക്ഷെ സംഘടനയുടെ അടിവേര് തോണ്ടരുത്‌; ബാബുരാജ്

താര സംഘടനായ അമ്മയുമായി ബന്ധപ്പെട്ട ഇരിപ്പിട വിവാദത്തിൽ നടി പാർവതി ഉന്നയിച്ച വാദങ്ങൾ ബാലിശമാണെന്ന് നടൻ ബാബുരാജ്. വിവേകവും വിദ്യാഭ്യാസവുള്ള നടിയാണ് പാർവതി. സംഘടനയുടെ വൈസ് പ്രസിഡന്റ ആവാനുള്ള യോഗ്യതയുണ്ട്. എന്നാൽ കുടുംബത്തിന്റെ അടിവേര് തോണ്ടുന്ന പരിപാടികൾ ചെയ്യുന്നതിനോട് യോജിക്കാനാവില്ലെന്നു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ നടൻ ബാബുരാജ് ദ ക്യു ക്യൂവിനോട് പറഞ്ഞു.

ബാബുരാജിന്റെ വാക്കുകൾ

തെറ്റ് ആര് ചെയ്താലും ചൂണ്ടികാണിക്കപ്പെടണം, എങ്കിൽ മാത്രമേ തെറ്റിന്റെ ആഴം ബോധ്യപ്പെടുകയുള്ളൂ. ഉള്ളത് തുറന്നു പറയുന്ന എന്റെ സ്വഭാവം ലാലേട്ടനും അറിയാം. പാർവതി 'അമ്മ സംഘടനയിൽ നിന്നും രാജി വെച്ചപ്പോൾ അത് സ്വീകരിക്കരുതെന്നു എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ ഞാൻ പറഞ്ഞിരുന്നു. ആ കുട്ടിക്ക് പറയാനുള്ളത് കേൾക്കണമെന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പാർവതി പുറത്ത് നടത്തിയ പ്രസ്താവനകൾ ശരിയായ രീതിയല്ലെന്ന് സംഘടനയിൽ അഭിപ്രായം ഉയർന്നു. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ സംഘടനയിൽ തീരുമാനം എടുക്കുവാൻ സാധിക്കുകയുള്ളൂ. അത് ഈ സംഘടനയല്ല ഏത് സംഘടനയായാലും ഇങ്ങനെ തന്നെയാണ്. പിന്നെ, എക്സിക്യൂട്ടീവ് കമ്മറ്റിയിലെ സ്ത്രീകൾക്ക് ഇരിപ്പിടം നൽകിയില്ലെന്ന് പാർവതി പറയുന്നത് ബാലിശമായ പ്രസ്താവനയാണ്. ഒരു ജഡ്ജ് വേദിയിൽ ഇരിക്കുമ്പോൾ താഴെ ഇരിക്കുന്ന സ്റ്റെനോ സ്ത്രീയായതു കൊണ്ട് ജഡ്‌ജിക്കൊപ്പം ഇരിക്കണമെന്ന് വാദിക്കുന്നതിൽ കാര്യമുണ്ടോ. സംഘടനയിലെ ഓഫീസ് വാഹകർ വേദിയിൽ ഇരുന്നാൽ മതിയെന്നത് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനമായിരുന്നു. ഞാനൊക്കെ ആ വേദിയിൽപ്പോലുമില്ലായിരുന്നു. നമ്മുടെ വീട്ടിൽ ഒരു പരിപാടി നടക്കുമ്പോൾ നമ്മൾ കസേരയിൽ ഞെളിഞ്ഞിരിക്കുകയല്ലല്ലോ ചെയ്യേണ്ടത്. എല്ലാവരെയും സ്വീകരിക്കുകയല്ലേ വേണ്ടത്. അതുകൊണ്ടു ഇത്തരം പ്രസ്താവനകൾ ബാലിശമാണ്.

സംഘടനയുടെ അടിവേര് തോണ്ടരുത്‌

സംഘടനയുടെ വൈസ് പ്രസിഡന്റ് ആവാൻ യോഗ്യതയുള്ള നടിയാണ് പാർവതി. അവർ പറയുന്ന കാര്യങ്ങൾ കേട്ടാൽ നമ്മൾ അവരുടെ ഫാൻ ആയിപ്പോകും. യാതൊരുവിധ തപ്പലുമില്ലാതെയാണ് അവർ കാര്യങ്ങൾ പറയുന്നത്. അതുപോലെ തന്നെയാണ് റിമയും പദ്മപ്രിയയുമെല്ലാം വളരെ വിവരവും വിദ്യാഭ്യാസവുമുള്ളവരാണ്. എന്നാൽ സംഘടനയുടെ അടിവേര് തോണ്ടുന്ന രീതിയിലുള്ള പ്രവർത്തനങ്ങളോട് യോജിക്കാനാവില്ല. ഈ സംഘടന എത്രെയോ നല്ല കാര്യങ്ങൾ ചെയ്തു. മെഡിക്കൽ ഇൻഷുറൻസായി ഏഴു ലക്ഷം രൂപയാണ് നൽകുന്നത്. ഞാൻ അടക്കമുള്ള കലാകാരന്മാർ ഒരു സമയത്തു ഒന്നുമല്ലാതെയാകും അവർക്കു അയ്യായിരം രൂപയെന്നൊക്കെ പറയുന്നത് വലിയ സംഭവമാണ്. അത് സംഘടനയല്ലേ കൊടുക്കുന്നത്. ഏഴ് ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസാണ് കൊടുക്കുന്നത്. പിന്നെ യോജിക്കാനാവാത്തതു കാണുമ്പോൾ വിമർശിക്കാം, പക്ഷെ അത് കുടുംബത്തിന്റെ അടിവേര് തൊണ്ടിയിട്ടു ആകരുത്. ഞാനും സംഘടനയിൽ നിന്ന് പുറത്തു പോയതാണ് പിന്നെ തിരിച്ചു വന്ന് എക്സിക്യൂട്ടീവ് മെമ്പർ ആയി.

Related Stories

No stories found.
logo
The Cue
www.thecue.in