'ഭൈരവ'യെ സഹായിച്ചത് ദിലീപ്, വിജയിയോട് എതിർപ്പില്ല, വിമർശകർക്ക് ദിലീപിനോട് പക; റാഫി മാതിര

'ഭൈരവ'യെ സഹായിച്ചത് ദിലീപ്, വിജയിയോട് എതിർപ്പില്ല, വിമർശകർക്ക് ദിലീപിനോട് പക; റാഫി മാതിര

കേരളത്തിലെ തിയറ്ററുകൾ മാസ്റ്റർ റിലീസിനായി ഉടൻ തുറക്കേണ്ടെന്ന ഫിയോകിന്റെ നിലപാടിനെതിരെ എതിർപ്പുമായി എത്തുകയാണ് വിജയ് ആരാധകർ. ഫിയോകിന്റെ ഭാരവാഹികളായ ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ ആണ് അധിക്ഷേപം. ആരോപണങ്ങളോട് പ്രതികരിക്കുകയാണ് നിർമ്മാതാവും വിതരണക്കാരനുമായ റാഫി മാതിര. ഇരുവർക്കും നേരെ ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് റാഫി പറയുന്നു. വിജയ് സിനിമയ്‌ക്കെതിരെയുള്ള നിലപാടല്ല ഫിയോക്കിന്റേതെന്നും ഇത് നിലനിൽപ്പിന്റെ പ്രശ്‌നമാണെന്നും സംഘടന മുമ്പ് വ്യക്തമാക്കിയിരുന്നു. വിജയ് ചിത്രം 'ഭൈരവ'യ്ക്ക് കേരളത്തിൽ റിലീസ് പ്രതിസന്ധി നേരിട്ടപ്പോൾ സഹായത്തിനെത്തിയത് ദിലീപാണെന്നും റാഫി മാതിര ഫെയ്‌സ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി No. വൺ !! വിജയ്‌ ചിത്രം മാസ്റ്റര്‍ 13-ന്!! കോവിഡ്-19 പശ്ചാത്തലത്തില്‍ ഒരു വര്‍ഷമായി അടച്ചിട്ട തീയറ്ററുകൾ...

Posted by Raaffi Mathirra on Saturday, January 9, 2021

റാഫി മാതിരയുടെ ഫേസ്ബുക്ക് കുറിപ്പ്

മുഖ്യമന്ത്രി No. വൺ !! വിജയ്‌ ചിത്രം മാസ്റ്റർ 13-ന്!!

കോവിഡ്-19 പശ്ചാത്തലത്തിൽ ഒരു വർഷമായി അടച്ചിട്ട തീയറ്ററുകൾ ജനുവരി 5-മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാർജ് ഉൾപ്പടെയുള്ള ഇളവുകളും മറ്റാവശ്യങ്ങളും പരാമർശിക്കാതെയായിരുന്നു ഈ അറിയിപ്പ്. തീയറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമൊരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ ഇന്നലെ ഫിയോക്കിന്റെ അടിയന്തിര ജനറൽ ബോഡി യോഗത്തിൽ ആവശ്യപ്പെട്ടു. ഫിലിം ചേംബർ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവരെല്ലാവരും ചേർന്ന് ഇളവുകൾക്ക് വേണ്ടി നിവേദനം നൽകി, സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ ഫിയോക് പ്രതിനിധികളുമായി തിങ്കളാഴ്ച നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രിയിൽ നിന്നും അനുകൂലമായ അഭിപ്രായം ഉണ്ടാകാൻ സാധ്യത ഏറെയാണ്. 13-ന് വിജയ് ചിത്രം മാസ്റ്റർ കേരളത്തിൽ റിലീസ് ചെയ്യപ്പെടുക തന്നെ ചെയ്യും. വിജയ് സിനിമയ്ക്കായി മാത്രം തീയറ്ററുകൾ തുറക്കേണ്ട എന്ന് നിർമ്മാതാവും തിയേറ്റർ ഉടമയും ഫിയോക് ചെയർമാനുമായ നടൻ ദിലീപ് അഭിപ്രായപ്പെട്ടുവെന്നും പ്രസിഡന്റ്‌റ് ആന്റണി പെരുമ്പാവൂർ ആ അഭിപ്രായത്തെ പിന്താങ്ങി എന്നുമൊക്കെയുള്ള കിംവദന്തികൾ ചില ഭാഗത്ത് നിന്നും വ്യാപകമായി പ്രചരിക്കുന്നു. സത്യം മനസ്സിലാക്കാത്ത ചുരുക്കം ചില വിജയ് ആരാധകർ അനാവശ്യ പോസ്റ്റുകളും അഭിപ്രായങ്ങളുമായി വരുന്നത് കാണുമ്പോൾ വിഷമമുണ്ട്. കേരളത്തിൽ ഇഫാർ ഇന്റർനാഷണലിന് വേണ്ടി ഞാൻ അവതരിപ്പിച്ച ദളപതി വിജയ് യുടെ ''ഭൈരവ'' റിലീസ് ചെയ്യുന്ന സമയത്ത് അനാവശ്യ സിനിമ സമരത്തിന്റെ ഭാഗമായി വിജയ് സിനിമ പ്രദർശിപ്പിക്കാൻ തിയേറ്ററുകൾ തരില്ല എന്ന് തീർത്തു പറയുകയും സർക്കാർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാതെ വെല്ലുവിളിച്ച് മാറി നിൽക്കുകയും ചെയ്ത അന്നത്തെ പ്രമുഖ തിയേറ്റർ ഫെഡറെഷൻ മുതലാളി ഈ പ്രചരണത്തിന് പിന്നിൽ ചുക്കാൻ പിടിക്കുന്നോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.

'ഭൈരവ'യെ സഹായിച്ചത് ദിലീപ്, വിജയിയോട് എതിർപ്പില്ല, വിമർശകർക്ക് ദിലീപിനോട് പക; റാഫി മാതിര
'മാസ്റ്റര്‍ കേരളത്തില്‍ 100 ശതമാനം ഉണ്ടാകും, മലയാള താരങ്ങളേക്കാള്‍ ഫാന്‍സ് വിജയ്ക്ക്': സഫീല്‍

''ഭൈരവ'' പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ എന്നോടൊപ്പം 100% ശതമാനം സഹകരിക്കുകയും സഹായിക്കുകയും അക്കാരണത്താൽ പുതിയ തിയേറ്റർ സംഘടനയുടെ പിറവിക്ക് കാരണക്കാരനാവുകയും ചെയ്ത ജനപ്രിയ നായകൻ ദിലീപിനോട് തീർത്താൽ തീരാത്ത പക വച്ച് പുലർത്താതിരിക്കാൻ കഴിയാത്തവരാണ് ഈ വ്യാജ പ്രചരണത്തിന് പിന്നിൽ എന്ന് ഞാൻ വിശ്വസിക്കുന്നു. അന്നത്തെ സംഭവങ്ങൾ നമ്മൾ ഓരോരുത്തരും ഓർത്തെടുത്താൽ, വിജയ് ആരാധകർക്ക് വേണ്ടി ദിലീപ് അന്ന് ചെയ്തു തന്ന സഹായം ഇന്നും തുടരും എന്ന് തിരിച്ചറിയാനാകും. തിയേറ്ററുകൾ തുറക്കുന്നതോടെ റിലീസിന് കാത്തു നിൽക്കുന്ന രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമായ വൺ ഉൾപ്പടെ നിരവധി മലയാള സിനിമകൾ പ്രദർശനത്തിനെത്തും. വൺ - ൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിലൂടെ കേരള മുഖ്യമന്ത്രിയായാണ് മെഗാസ്റ്റാർ മമ്മൂട്ടി വേഷമിടുന്നത്. മുഖ്യമന്ത്രിക്ക് മൈലേജ് കിട്ടാൻ സാധ്യതയുള്ള ആ ചിത്രത്തിന് വേണ്ടിയെങ്കിലും ഇപ്പോൾ ഇളവുകൾ അനുവദിക്കപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഊഹാപോഹങ്ങൾക്കും വ്യാജ വാർത്തകൾക്കും പിന്നാലെ പോകാതെ തിങ്കളാഴ്ചത്തെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കാം. അനുകൂലമായ ഒരു തീരുമാനം ഉണ്ടാകും എന്നതിൽ സംശയിക്കേണ്ട. തിയേറ്ററുകൾ തുറക്കും. മാസ്റ്റർ കേരളത്തിൽ വമ്പൻ പ്രകടനം കാഴ്ചവയ്ക്കും. ഈ പൊങ്കൽ നമുക്ക് അടിച്ച് പൊളിക്കാം. ദിലീപിനും ആന്റണി പെരുമ്പാവൂരിനും മേലുള്ള പൊങ്കാല ഒഴിവാക്കാം.

-റാഫി മതിര.

Related Stories

The Cue
www.thecue.in