പാച്ചുവും അത്ഭുതവിളക്കും, യാത്രയിലെ കഥയുമായി ഫഹദിനൊപ്പം അഖില്‍ സത്യന്‍

പാച്ചുവും അത്ഭുതവിളക്കും, യാത്രയിലെ കഥയുമായി
ഫഹദിനൊപ്പം അഖില്‍ സത്യന്‍

ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമക്ക് 'പാച്ചുവും അല്‍ഭുതവിളക്കും' എന്ന് പേരിട്ടു. കൊച്ചിയിലും, മുംബൈയിലും, ഗോവയിലുമായി ചിത്രീകരിച്ചിരുന്ന സിനിമ ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. സേതു മണ്ണാര്‍ക്കാടാണ് നിര്‍മ്മാണം.

അമ്പിളി എന്ന സിനിമയുടെ ഛായാഗ്രാഹകനായിരുന്ന ശരണ്‍ വേലായുധനാണ് ക്യാമറ. രാജീവന്‍ പ്രൊഡക്ഷന്‍ ഡിസൈനും ദക്ഷിണേന്ത്യയിലെ മുന്‍നിര സംഗീത സംവിധായകനായ ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും. അഖില്‍ സത്യന്‍ തന്നെയാണ് തിരക്കഥയും എഡിറ്റിംഗും.

ഉത്തരാ മേനോന്‍ കോസ്റ്റിയൂംസും പാണ്ഡ്യന്‍ മേക്കപ്പും മനു മഞ്ജിത്ത് ഗാനരചനയും നിര്‍വഹിക്കുന്നു. കലാസംഘം ഈ വര്‍ഷം ചിത്രം തിയറ്ററുകളിലെത്തിക്കും. ഞാന്‍ പ്രകാശന്‍ എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ചിത്രവുമാണ് പാച്ചുവും അല്‍ഭുതവിളക്കും.

മുംബൈ കേരളാ യാത്രയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമയെന്ന് അഖില്‍ സത്യന്‍ നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. വിജി വെങ്കിടേഷ് ആണ് ഫഹദിനൊപ്പം നിര്‍ണായക റോളില്‍ ചിത്രത്തിലുള്ളത്. ഇന്നസെന്റ്, വിജയരാഘവന്‍, അഞ്ജന ജയപ്രകാശ്, വിനീത് എന്നിവരും ചിത്രത്തിലുണ്ട്. മുംബൈയില്‍ സ്ഥിരതമാസമാക്കിയ മലയാളിയെ ആണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്റെ മകനാണ് അഖില്‍ സത്യന്‍. അഖിലിന്റെ സഹോദരന്‍ അനൂപ് സത്യന്‍ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു. രാജ്യാന്തര അംഗീകാരങ്ങള്‍ ലഭിച്ച ദാറ്റ്‌സ് മൈ ബോയ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകനുമാണ് അഖില്‍ സത്യന്‍. ഞാന്‍ പ്രകാശന്‍, ജോമോന്റെ സുവിശേഷങ്ങള്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ സത്യന്‍ അന്തിക്കാട് സിനിമകളില്‍ സഹസംവിധായകനായിരുന്നു അഖില്‍ സത്യന്‍.

2021 ഏപ്രിലില്‍ പാച്ചുവും അത്ഭുതവിളക്കും തുടര്‍ചിത്രീകരണത്തിലേക്ക് അഖിലും ഫഹദും കടക്കും. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി, ഇരുള്‍, സജിമോന്‍ പ്രഭാകരന്റെ മലയന്‍കുഞ്ഞ് എന്നീ സിനിമകളാണ് ഇതിന് മുമ്പ് ഫഹദ് ഫാസിലിന് പൂര്‍ത്തിയാക്കേണ്ടത്. ഫെബ്രുവരിയിലാണ് മലയന്‍ കുഞ്ഞ് ചിത്രീകരണം. മേയ് 13ന് പെരുന്നാളിന് എത്തുന്ന മാലിക് ആണ് ഫഹദിന്റെ പുതുവര്‍ഷത്തിലെ ആദ്യ റിലീസ്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Summary

Fahadh faasil - Akhil Sathyan’s film pachuvum athbuthavilakkum

Related Stories

No stories found.
logo
The Cue
www.thecue.in