'ചിലരെന്നെ പച്ചയ്ക്ക് ചതിച്ചു, സ്വത്തിന്റെ 70 ശതമാനം നഷ്ടമായി, അതായിരുന്നു ജീവിതത്തിലെ ടേണിങ് പോയിന്റ്', നടൻ ബാല

'ചിലരെന്നെ പച്ചയ്ക്ക് ചതിച്ചു, സ്വത്തിന്റെ 70 ശതമാനം നഷ്ടമായി, അതായിരുന്നു ജീവിതത്തിലെ ടേണിങ് പോയിന്റ്', നടൻ ബാല

വർഷങ്ങൾ കൊണ്ട് താൻ നേടിയെടുത്ത ആസ്തിയുടെ എഴുപതുശതമാനവും മറ്റൊരാൾക്കു നൽകേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടൻ ബാല. കഴിഞ്ഞ വർഷം ജനുവരിയിലാണ് സ്വത്ത് നഷ്ടമാകുന്നത്. പിന്നാലെ ലോക്ഡൗണ്‍ വന്നു, തുടർന്ന് കരാർ ചെയ്തിരുന്ന പ്രൊജക്ടുകൾ മുടങ്ങി. കൂടെ നിന്ന സുഹൃത്തുക്കളും ബന്ധുക്കളുമടക്കം തന്നെ പച്ചക്ക് ചതിച്ചെന്നും ഈ സാഹചര്യത്തിലാണ് സാധാരണക്കാരുടെ ദു:ഖങ്ങൾ തിരിച്ചറിയാൻ തുടങ്ങുന്നതെന്നും ബാല പറയുന്നു. ശിവ എന്ന കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ധനസഹായം എത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയും വീഡിയോയിൽ ബാല പങ്കുവെക്കുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള രോ​ഗികൾക്ക് ധനസഹായം നൽകുന്ന 'ലീവ് ടു ഗിവ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

ബാലയുടെ വാക്കുകൾ

‘കൃത്യമായി പറഞ്ഞാൽ 2020 മാർച്ച് 16നാണ് ലോക്ഡൗൺ തുടങ്ങുന്നത്. അതിന് മുമ്പ് ഫെബ്രുവരിയില്‍ തന്നെ അതിന്റെ സൂചനകളൊക്കെ വന്നു തുടങ്ങിയിരുന്നു. ഇതിപ്പോള്‍ പറയാനുള്ള കാരണം, കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി എന്റെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടി വന്നിരുന്നു. ചിലര്‍ക്ക് അതെന്താണെന്ന് കൃത്യമായി മനസിലാവും. ആ കാര്യങ്ങളിലേയ്ക്ക് കൂടുതലായി ഞാന്‍ കടക്കുന്നില്ല. അഞ്ചോളം ഇന്‍ഡസ്ട്രികളില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ പൈസ, അതിൽ അറുപത് മുതല്‍ എഴുപതു ശതമാനം എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു.'

'സങ്കടങ്ങള്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ ഞാന്‍ ആരോടും തെറ്റ് ചെയ്തിട്ടില്ലല്ലോ എന്ന തോന്നൽ മനസിൽ തോന്നിക്കൊണ്ടിരുന്നു. സ്വത്ത് നൽകാൻ ഞാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. വേറൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. പെട്ടെന്ന് പ്രതീക്ഷിക്കാതെ മാര്‍ച്ചില്‍ ലോക്ഡൗണ്‍ വന്നു, ഭാവിയിൽ ചെയ്യാമെന്നേറ്റിരുന്ന പ്രോജക്ടുകളും നിര്‍ത്തി വെക്കേണ്ടി വന്നു. ആ സമയത്ത് എന്റെ പക്കലുണ്ടായിരുന്നത് എന്റെ ആസ്തിയുടെ മുപ്പത് ശതമാനം മാത്രമാണ്. അപ്പോൾ ചോദിക്കാം അച്ഛനും അമ്മയുമെല്ലാം ചെന്നൈയിൽ വലിയ ആളുകളല്ലേ ഏന്ന്. അത് ശരിയാണ്, പക്ഷെ ഞാൻ ആരെയും ആശ്രയിക്കാതെ സ്വന്തമായി ചെലവഴിക്കുന്ന ആളാണ്. ചെന്നൈയില്‍ അച്ഛനും അമ്മയും നല്ല രീതിയില്‍ ജീവിക്കുന്നവരാണ്. ചേച്ചിയും ചേട്ടനുമുണ്ട്. ചേട്ടന്‍ പ്രശസ്ത സംവിധായകനാണ്. ഞങ്ങള്‍ എല്ലാവരും സ്വയം നേടി എടുത്തവരാണ്. വീട്ടിലെ സ്വത്ത് ഇതുവരെ ചോദിച്ചിട്ടില്ല. ഞങ്ങൾ ആരും മറ്റൊരാളെ ആശ്രയിക്കാറില്ല. പൈസ ഉള്ള ഒരു നടനായിട്ട് പോലും ഇതുപോലൊരു സാഹചര്യം വന്നപ്പോള്‍ ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടായിപ്പോയി. തൊഴിലില്ല, വരുമാനമില്ല, എന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ എന്നെ പച്ചയ്ക്ക് ചതിച്ചു. ലോക്ഡൗണിൽ മുഴുവൻ സമയവും ഞാൻ വീട്ടിനകത്തായിരുന്നു. അപ്പോഴാണ് ഞാൻ പുറത്തുള്ളവരെക്കുറിച്ച് ചിന്തിക്കുന്നത്. എന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരനായ ഒരാളുടെ ജീവിതം എങ്ങനെയായിരിക്കും. ആ ചിന്തയാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്.’ബാല പറയുന്നു.

Summary

I lost 70% of my property, that was the turning point in my life', Actor Bala

Related Stories

No stories found.
logo
The Cue
www.thecue.in