അമ്പരപ്പിക്കും കാളിദാസ്, സായ് പല്ലവി; ബഹുമാനവും, സ്‌നേഹവും, പാപവും, അഭിമാനവും പറഞ്ഞ് പാവ കഥൈകള്‍, ട്രെയിലര്‍

അമ്പരപ്പിക്കും കാളിദാസ്, സായ് പല്ലവി; ബഹുമാനവും, സ്‌നേഹവും, പാപവും, അഭിമാനവും പറഞ്ഞ് പാവ കഥൈകള്‍, ട്രെയിലര്‍

തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ട്രെയിലര്‍ ചര്‍ച്ചയാവുകയാണ്. കാളിദാസ് ജയറാമും സായ് പല്ലവിയുമടക്കമുള്ള താരങ്ങളുടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നത്. ഗൗതം മേനോന്‍, കല്‍ക്കി കോച്‌ലിന്‍, സായ് പല്ലവി, കാളിദാസ് ജയറാം, അഞ്ജലി, പ്രകാശ് രാജ്, സിമ്രന്‍, തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

ബഹുമാനവും, സ്‌നേഹവും, പാപവും, അഭിമാനവും പറയുന്ന നാല് സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കര, വിഘ്‌നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവരാണ്. ഡിസംബര്‍ 18ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാകും പ്രദര്‍ശനത്തിനെത്തുക. സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് ചിത്രം പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

തങ്കം എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്ങരയുടെ സിനിമയില്‍ കാളിദാസ് ജയറാമാണ് കേന്ദ്രകഥാപാത്രം. ട്രാന്‍സ്ജെന്‍ഡറുടെ റോളിലാണ് കാളിദാസ് എന്ന് ടീസര്‍ സൂചന നല്‍കുന്നു. ഭവാനി ശ്രി, ശന്തനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈമില്‍ പുത്തന്‍ പുതു കാലൈ എന്ന ആന്തോളജിയില്‍ സുധാ കൊങ്ങര സംവിധാനം ചെയ്ത ഇളമൈ ഇതോ ഇതോ എന്ന സിനിമയില്‍ കാളിദാസ് കേന്ദ്രകഥാപാത്രമായിരുന്നു. സുരരൈ പോട്ര് എന്ന സിനിമയൊരുക്കിയ സംവിധായികയുടെ പുതിയ ചിത്രമെന്ന നിലക്കും തങ്കത്തിനായി കാത്തിരിക്കുന്നവരുണ്ട്.

ലവ് പണ്ണ ഉട്രനും എന്ന പേരിലാണ് വിഘ്നേഷ് ശിവന്‍ ചിത്രം. അഞജലിയും കല്‍ക്കിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. വെട്രിമാരന്‍ ഒരുക്കുന്ന ഊര്‍ ഇരവില്‍ പ്രകാശ് രാജ്, സായ് പല്ലവി, ഹരി എന്നിവരാണ് കഥാപാത്രങ്ങള്‍. വാന്‍മകള്‍ എന്ന പേരിലാണ് ഗൗതം വാസുദേവ മേനോന്റെ സിനിമ. ഗൗതം വാസുദേവ മേനോനും സിമ്രാനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും തെരഞ്ഞെടുപ്പിനെയും സമൂഹം എങ്ങനെ കാണുന്നുവെന്നതാണ് ആന്തോളജിയുടെ പ്രമേയമെന്ന് നേരത്തെ സംവിധായകര്‍ വ്യക്തമാക്കിയിരുന്നു. പാപക്കഥകള്‍ എന്ന അര്‍ത്ഥത്തിലാണ് ചിത്രം. ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവായ റോണി സ്‌ക്രൂവാലയുടെ ആര്‍എസ് വിപി മൂവീസാണ് നിര്‍മ്മാണം.

Related Stories

No stories found.
logo
The Cue
www.thecue.in