'തിരക്കഥ വായിക്കുമ്പോൾ മമ്മൂക്കയുടെ കണ്ണ് കയ്യിലെ ഫോണിലായിരുന്നു', 'വൺ' ഏറെ കാത്തിരുന്ന സിനിമ; ബോബി ആന്റ് സഞ്ജയ്

'തിരക്കഥ വായിക്കുമ്പോൾ മമ്മൂക്കയുടെ കണ്ണ് കയ്യിലെ ഫോണിലായിരുന്നു', 'വൺ' ഏറെ കാത്തിരുന്ന സിനിമ; ബോബി ആന്റ് സഞ്ജയ്

കൊവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ തീയറ്റർ റിലീസിന് തയ്യാറെടുക്കുന്ന മമ്മൂട്ടി ചിത്രമാണ് 'വൺ'. കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. വർഷങ്ങൾക്കു മുമ്പ് മമ്മൂട്ടിയുമായി സിനിമ ചെയ്യാൻ തയ്യാറെടുത്തിരുന്നെന്നും പല കാരണങ്ങൾകൊണ്ട് അത് നടന്നില്ലെന്നും 'വൺ'-ന്റെ തിരക്കഥാകൃത്തുക്കളായ ബോബി ആന്റ് സഞ്ജയിലെ ബോബി പറയുന്നു. മമ്മൂട്ടിയ്ക്ക് വേണ്ടി ഇരുവരും ചേർന്നൊരുക്കുന്ന ആദ്യ തിരക്കഥയാണ് വരാനിരിക്കുന്ന പൊളിറ്റിക്കൽ ത്രില്ലർ 'വൺ'-ന്റേത്.

കണ്ടിട്ടുളളതും കാണാത്തതുമായിട്ടുളള അനേകം മലയാളം സിനിമകൾ ലോക്ഡൗണിൽ കണ്ടു. മമ്മൂട്ടി ചെയ്യാത്ത ഏതെങ്കിലും കഥാപാത്രങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തലായിരുന്നു ചലഞ്ച്. എന്നാൽ അദ്ദേഹം ചെയ്യാത്തതായി ഒന്നും കണ്ടെത്താൻ തനിക്കായില്ലെന്ന് സഞ്ജയ് പറയുന്നു. കഴിഞ്ഞ നാല്പത് വർഷം കൊണ്ട് ഇത്രയും ജീവിതങ്ങൾ ജീവിച്ചുതീർത്ത് മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാ​ഗമായി മമ്മൂട്ടി മാറി. അതുകൊണ്ടാണ് മലയാളിക്ക് മമ്മൂട്ടി സ്വന്തമായതെന്നും സഞ്ജയ് പറയുന്നു.

മമ്മൂട്ടിയുമൊത്ത് നടക്കാതെ പോയ ആദ്യ സിനിമയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ബോബി. മമ്മൂട്ടി ടൈംസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് അനുഭവങ്ങൾ പങ്കുവെച്ചത്. 'മമ്മൂക്കയുടെ അടുത്ത് തിരക്കഥ വായിക്കാൻ പോകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ സിനിമയിലെ ചില സുഹൃത്തുക്കൾ ഒരു കാര്യം പറഞ്ഞിരുന്നു. തിരക്കഥ വായിക്കുന്നതിനിടയിൽ മുഴുവൻ സമയവും മമ്മൂക്ക മൊബൈലിൽ തന്നെയാവും നോക്കുക. കഥ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നമുക്ക് സംശയം തോന്നിയേക്കാം. അദ്ദേഹം നമ്മളെ പരീക്ഷിക്കുന്നതാണ്. കഥ പൂർണമായും ശ്രദ്ധിച്ചുകൊണ്ട് തന്നെയാണ് ഇരിക്കുന്നത്. സുഹൃത്തുക്കൾ പറഞ്ഞതുപോലെ തന്നെ വായിക്കുമ്പോൾ മുഴുവൻ സമയവും മമ്മൂക്കയുടെ ശ്രദ്ധ ഫോണിലായിരുന്നു. സുഹൃത്തുക്കളിൽ നിന്ന് സൂചന കിട്ടിയിരുന്നെങ്കിൽകൂടി ഇടയിൽ ഞങ്ങൾ അറിയാതെ ചോദിച്ചുപോയി 'മമ്മൂക്ക ശ്രദ്ധിക്കുന്നുണ്ടല്ലോ' എന്ന്. തൊട്ടു മുമ്പ് വരെ വായിച്ചു നിർത്തിയ സീൻ കൃത്യമായി അദ്ദേഹം ഞങ്ങൾക്ക് ഇങ്ങോട് പറഞ്ഞുതന്നു.' മമ്മൂക്കയുമൊത്തുളള അനേകം അനുഭവങ്ങളിൽ ഒന്നു മാത്രമാണിതെന്നും തിരക്കഥാകൃത്ത് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in