'ആ പത്ത് ശതമാനമല്ല സിനിമ', സിനിമയ്ക്കുളളിലെ പ്രശ്നങ്ങൾ അ​ഡ്രസ് ചെയ്യപ്പെടുന്നില്ലെന്ന് അജു വർ​ഗീസ്
'ആ പത്ത് ശതമാനമല്ല സിനിമ', സിനിമയ്ക്കുളളിലെ പ്രശ്നങ്ങൾ അ​ഡ്രസ് ചെയ്യപ്പെടുന്നില്ലെന്ന് അജു വർ​ഗീസ്

സിനിമയ്ക്കുളളിലെ ഒരു വലിയ ശതമാനത്തെ സമൂഹം തിരിച്ചറിയുന്നില്ല, അവരുടെ പ്രശ്നങ്ങൾ അഡ്രസ് ചെയ്യപ്പെടുന്നില്ലെന്ന് അജു വർ​ഗീസ്. ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്ന ഒരു തൊഴിൽ മേഖല എന്ന നിലയിൽ ഇതൊരു ചെറിയ കാര്യമല്ല. കൊവിഡിൽ 'സിനിമാക്കാർക്ക് എന്ത് പ്രശ്നം' എന്ന കമന്റുകൾ കാണുമ്പോൾ വിഷമമുണ്ടാകാറുണ്ടെന്നും അജു വർ​ഗീസ് 'ദ ക്യു' അഭിമുഖത്തിൽ പറഞ്ഞു.

'പുറത്തു നിന്നും നോക്കുമ്പോൾ സിനിമ എന്നത് ലക്ഷ്വറി പ്രിവിലേജസ് ഉള്ള, സാമ്പത്തീകമായി എല്ലാം മാനേജ് ചെയ്യാൻ കഴിവുളള ഒരു ശതമാനം ആളുകൾ എന്നതാണ്. പക്ഷെ എന്റെ അറിവിൽ സിനിമയിൽ അത് വെറും പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ്. ബാക്കിയുളള എൺപത്തിയഞ്ച് ശതമാനം ആളുകളും സിനിമക്കാർ തന്നെയാണ്. അവരും ജീവിക്കുന്നുണ്ട് ഇവിടെ. സിനിമാ മേഖലയെ മുഴുവനായും ബാധിക്കുന്നു എന്ന് പറയുമ്പോൾ ആ പത്തല്ല, ഈ എൺപത്തഞ്ചോ തൊണ്ണൂറോ ആണ് ഭൂരിപക്ഷം. സിനിമാക്കാർക്ക് എന്ത് പ്രശ്നം എന്ന കമന്റുകൾ കാണുമ്പോൾ, ആ ഭൂരിപക്ഷത്തെ അറിഞ്ഞോ അറിയാതെയോ തഴഞ്ഞ് സംസാരിക്കുമ്പോൾ എനിക്കൊരു വിഷമമുണ്ട്.' അജു പറയുന്നു.

'ഒരു സെറ്റിലെ 150 പേരിൽ അഭിനേതാക്കളായിട്ടുളള കുറച്ചു പേരെ ഒഴിവാക്കിയാലും ബാക്കി നൂറ്റി മുപ്പതോളം പേരും സിനിമക്കാർ തന്നെയാണ്. കോസ്റ്റ്യൂം, കാമറ, യൂണിറ്റ്, ക്രെയ്ൻ, ജിബ്, ഹെലിക്യാം, സ്പോട് എഡിറ്റർ, ഡ്രൈവർ, മെസ്, പ്രൊഡക്ഷൻ, തുടങ്ങി ഡബ്ബിങ് സ്റ്റുഡിയോയിൽ വർക്ക് ചെയ്യുന്നവരും തീയറ്റർ ജീവനക്കാരും എല്ലാം ഉളള ഒരു വലിയ ചങ്ങലയാണ് സിനിമ. ആപ്പോൾ ഈ വളരെ ചെറിയ ശതമാനത്തെ നോക്കി അവർക്കെന്താ കുഴപ്പം എന്ന് പറയുന്നുണ്ടെങ്കിൽ, സിനിമാക്കാരുടെ അവസ്ഥ അഡ്രസ് ചെയ്യപ്പെടുന്നില്ല എന്നതാണ് യഥാർത്ഥ പ്രശ്നം. ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്ന ഒരു തൊഴിൽ മേഖല എന്ന നിലയ്ക്ക് ഇതൊരു ചെറിയ കാര്യമല്ല.'

Related Stories

The Cue
www.thecue.in