

വ്യാജ വിവാഹ വാർത്തകളോട് പ്രതികരിച്ച് നടൻ അരിസ്റ്റോ സുരേഷ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട വിവാഹ വാർത്ത വ്യാജമാണെന്നും സുഹൃത്തിനൊപ്പമുളള ചിത്രമാണ് പ്രചരണങ്ങൾക്കായി ഇപയോഗിച്ചതെന്നും അരിസ്റ്റോ സുരേഷ് ദ ക്യു'വിനോട്. വ്യാജ വാർത്തകൾക്കെതിരെ പരാതി നൽകാനോ നിയമ നടപടികൾക്ക് ഇറങ്ങിത്തിരിക്കാനോ മുതിരുന്നില്ല. ഇപ്പോൾ സ്വന്തമായി ഒരു സിനിമ ചെയ്യാനുളള തയ്യാറെടുപ്പിലാണ്. തിരക്കഥ എഴുതുന്ന തിരക്കിലാണ് താനെന്നും മറ്റ് കാര്യങ്ങൾക്കായി കളയാൻ സമയമില്ലെന്നും അരിസ്റ്റോ സുരേഷ് പറയുന്നു.
അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ അരിസ്റ്റോ സുരേഷിന്റെ വിവാഹവാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. മുമ്പും തന്റെ വിവാഹത്തെ കുറിച്ചുളള വ്യാജപ്രചരണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇത്ര വ്യാപകമായ രീതിയിൽ ചർച്ചയാവുന്നത് ഇതാദ്യമാണ്. ആളുകൾ ഫോണിൽ വിളിച്ച് വാർത്തയുടെ സത്യാവസ്ഥയെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. 'അമ്പതാം വയസിൽ പ്രണയ സാക്ഷാത്കാരം' എന്ന തലക്കെട്ടോടെ ആയിരുന്നു വാർത്ത പ്രചരിച്ചത്. ഒരു ഓൺലൈൻ മാധ്യമമാണ് വാർത്ത ആദ്യമായി പുറത്തുവിടുന്നത്. പിന്നീട് സോഷ്യൽ മീഡിയയിലും സംഭവം വൈറലായി. ഓരോ തവണയും ഓരോ പെൺകുട്ടികൾക്കൊപ്പമാണ് വാർത്തകൾ വരുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം ബിഗ് ബോസിൽ പങ്കെടുത്തിരുന്ന മത്സരാർതഥി ആയിരുന്നു അതിഥി. തന്റെ അമ്മയെ കാണാൻ സുഹൃത്തായ അതിഥി വീട്ടിൽ വന്നപ്പോൾ എടുത്ത ചിത്രങ്ങളാണ് വ്യാജ വാർത്തയ്ക്കായി ഉപയോഗിച്ചത്.
'എന്നെങ്കിലും ഒരിക്കൽ വിവാഹം കഴിക്കും. പക്ഷേ ഒരു സിനിമ സംവിധാനം ചെയ്തതിന് ശേഷമാകണമെന്നാണ് ആഗ്രഹം. സ്വന്തമായി തിരക്കഥ എഴുതുന്ന തിരക്കിലാണ് ഇപ്പോൾ. തിരക്കഥ പൂർത്തിയായതിന് ശേഷം സംവിധായകൻ എബ്രിഡ് ഷൈനിനൊപ്പം സംവിധാനസഹായിയായി ചേരണമെന്നാണ് ആഗ്രഹം. സംവിധാനം പഠിച്ചതിന് ശേഷമേ ഇപ്പോൾ എഴുതുന്ന തിരക്കഥ സിനിമയാക്കൂ', അരിസ്റ്റോ സുരേഷ് പറയുന്നു