കളറല്ല, കള'യാണ്; ചേറില്‍ പുതഞ്ഞ ടൊവിനോ തോമസ് ലുക്കിന് പിന്നില്‍

കളറല്ല, കള'യാണ്; ചേറില്‍ പുതഞ്ഞ ടൊവിനോ തോമസ് ലുക്കിന് പിന്നില്‍

ചേറില്‍ പുതഞ്ഞ മുഖവുമായി ടൊവിനോ തോമസ്. അന്യന്‍ സിനിമയിലെ വിക്രമിന്റെ സ്‌റ്റൈലില്‍ മുഖത്തേക്ക് വീണുകിടക്കുന്ന നീണ്ട മുടിയും. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ടൊവിനോ തോമസിന്റെ പുതിയ ലുക്ക് ചിത്രീകരണം പുരോഗമിക്കുന്ന 'കള' എന്ന സിനിമയുടേതാണ്. കൊവിഡ് നിയന്ത്രണങ്ങളോടെ ഷൂട്ടിംഗിലേക്ക് കടന്ന ചിത്രവുമാണ് കള. എറണാകുളത്തും പിറവത്തും പരിസരപ്രദേശങ്ങളിലുമാണ് ഷൂട്ടിംഗ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നീ സിനിമകള്‍ക്ക് ശേഷം വി.എസ്. രോഹിത് സംവിധാനം ചെയ്യുന്ന സിനിമയുമാണ് കള.

ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണ് കള. രോഹിത് സംവിധാനം ചെയ്ത ആദ്യ രണ്ട് ചിത്രങ്ങളും ഫാന്റസി ഗണത്തിലുള്ളതായിരുന്നു. ശൈലി കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സിനിമകളുമായിരുന്നു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് എന്നിവ. രോഹിതിനൊപ്പം യദു പുഷ്പാകരനും കളയുടെ രചയിതാവാണ്. അഖില്‍ ജോര്‍ജ് ആണ് ക്യമറ.

ലാല്‍, ദിവ്യാ പിള്ള, സുമേഷ് എന്നിവര്‍ക്കൊപ്പം ബാസിഗര്‍ എന്ന പേരുള്ള നായയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. മനുഷ്യനും പ്രകൃതിയുമാണ് സിനിമയുടെ തീം. ജുവിസ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ടൊവിനോ തോമസും രോഹിതും സഹനിര്‍മ്മാതാക്കളും.

മിന്നല്‍ മുരളി ചിത്രീകരണം ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ടൊവിനോയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രധാന പ്രൊജക്ടും മിന്നല്‍ മുരളിയാണ്. ബേസില്‍ ജോസഫാണ് സംവിധാനം. രാകേഷ് മണ്ടോടി സംവിധാനം ചെയ്യുന്ന വരവ് ആണ് ടൊവിനോയുടെ ഒടുവില്‍ അനൗണ്‍സ് ചെയ്ത സിനിമ..

Related Stories

The Cue
www.thecue.in