'പുരുഷാധിപത്യത്തെ തകര്‍ക്കാം', റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി ബോളിവുഡ്
Film News

'പുരുഷാധിപത്യത്തെ തകര്‍ക്കാം', റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി ബോളിവുഡ്

THE CUE

THE CUE

ലഹരിമരുന്ന് കേസില്‍ കഴിഞ്ഞ ദിവസം നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത നടി റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി ബോളിവുഡ്. അനുരാഗ് കശ്യപ്, തപ്‌സി പന്നു, വിദ്യ ബാലന്‍, ഫര്‍ഹാന്‍ അക്തര്‍, സ്വര ഭാസ്‌കര്‍, ദിയ മിര്‍സ തുടങ്ങിയ താരങ്ങള്‍ റിയക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

റിയ ചക്രബര്‍ത്തി ധരിച്ചിരുന്ന ടീഷര്‍ട്ടിലെ 'Roses are red, violets are blue, Let's smash patriarchy, Me and you' എന്ന വാചകങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് അനുരാഗ് കശ്യപ് ഉള്‍പ്പടെ റിയയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. നടി റിമ കല്ലിങ്കലും ഇതേ വാചകങ്ങള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.

റിയ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു തപ്‌സി പന്നുവിന്റെ പ്രതികരണം. 'അവള്‍ ലഹരി ഉപയോഗിച്ചിട്ടില്ല. സുശാന്തിനായി ഇടപാട് നടത്തുകയാണ് ചെയ്തത്. സുശാന്ത് സിങ് ജീവിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തെയും അഴിക്കുള്ളിലാക്കുമായിരുന്നോ? ഓഹ്, അങ്ങനെയായിരിക്കില്ല അല്ലേ അവള്‍ സുശാന്തിനെ ലഹരി കഴിക്കാന്‍ നിര്‍ബന്ധിച്ചിരിക്കാം. അതാണ് ശരി', ട്വീറ്റില്‍ പരിഹാസ രൂപേണ തപ്സി പറയുന്നു. റിയയുടെ അറസ്റ്റില്‍ കയ്യടിച്ചവര്‍, സത്യം പുറത്തുവരുന്ന ദിവസം ലജ്ജിക്കുമെന്നായിരുന്നു അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്.

റിയക്ക് പിന്തുണയുമായി നടി സ്വര ഭാസ്‌കറും രംഗത്തു വന്നിരുന്നു. റിയ ക്രിമിനല്‍ ആണെന്ന് കരുതുന്നില്ലെന്നും അവര്‍ക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് സ്വര ഭാസ്‌കര്‍ പറഞ്ഞത്. റിയ പൂര്‍ണമായും നിയമപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്‍.ഡി.ടി.വിയോട് സംസാരിക്കവെ സ്വര ഭാസ്‌കര്‍ പറഞ്ഞിരുന്നു. വാര്‍ത്തകള്‍ വായിക്കുന്ന ആളുകള്‍ എന്ന നിലയില്‍ നമ്മളും നിര്‍മ്മിക്കുന്ന ആളുകള്‍ എന്ന നിലയില്‍ മാധ്യമങ്ങളും തങ്ങളുടെ രീതികള്‍ പുനര്‍വായന നടത്തേണ്ടതുണ്ടെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞിരുന്നു.

അതേസമയം റിയയ്ക്ക് ലഭിക്കുന്ന പിന്തുണയ്‌ക്കെതിരെ സുശാന്ത് സിങിന്റെ സഹോദരി രംഗത്തെത്തി. റിയയ്ക്ക് പിന്തുണയറിയിച്ച് ബോളിവുഡ് താരങ്ങള്‍ പങ്കുവെക്കുന്ന വാചകം തിരുത്തികൊണ്ടുള്ള ട്വീറ്റാണ് ശ്വേത സിങ് പങ്കുവെച്ചത്. പുരുഷാധിപത്യത്തെ തര്‍ക്കാം എന്ന വാചകത്തിന് പകരം, ശരിക്ക് വേണ്ടി പോരാടാം എന്ന വാചകമാണ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

The Cue
www.thecue.in