എല്ലാവരും പുതുമുഖങ്ങള്‍, ഒരു പക്കാ കാസര്‍ഗോഡന്‍ പടം; സെന്ന ഹെഗ്‌ഡെക്കൊപ്പം പുഷ്‌കര്‍ മലയാളത്തില്‍

എല്ലാവരും പുതുമുഖങ്ങള്‍, ഒരു പക്കാ കാസര്‍ഗോഡന്‍ പടം; സെന്ന ഹെഗ്‌ഡെക്കൊപ്പം പുഷ്‌കര്‍ മലയാളത്തില്‍

കാസര്‍ഗോഡന്‍ പശ്ചാത്തലത്തില്‍ ഒരു നാടന്‍ സിനിമ. ഏറെയും പുതുമുഖങ്ങള്‍. മലയാളത്തിലും കന്നഡയിലും സിനിമയൊരുക്കിയ സെന്ന ഹെഗ്‌ഡേയുടെ സിനിമയുടെ നിര്‍മ്മാതാക്കളായി എത്തുന്ന സാന്‍ഡല്‍വുഡിലെ മുന്‍നിര ബാനറായ പുഷ്‌കര്‍ ഫിലിംസ്. കഥ പറച്ചിലിലൂടെയും അവതരണം കൊണ്ട് ഞെട്ടിച്ച കന്നഡ സിനിമകളായ കിര്‍ക് പാര്‍ട്ടിയും, അവനെ ശ്രീമന്‍ നാരായണനയും നിര്‍മ്മിച്ച പുഷ്‌കര്‍ ഫിലിംസ് തനി കാസര്‍ഗോഡന്‍ പടവുമായി മലയാള സിനിമയിലേക്ക് വരവറിയിക്കുന്ന ചിത്രവുമാണ് സെന്ന സംവിധാനം ചെയ്യുന്ന തിങ്കളാഴ്ച നിശ്ചയം. സെന്നയുടെ ഡോക്യു ഡ്രാമ സ്വഭാവമുള്ള 0-41* ട്രെയിലര്‍ പുറത്തുവിട്ടത് അനുരാഗ് കശ്യപ് ആയിരുന്നു. ലോ ബജറ്റില്‍ ഒരുക്കിയ ഗംഭീര ചിത്രമെന്നാണ് സെന്നയുടെ അരങ്ങേറ്റ ചിത്രത്തെ അനുരാഗ് കശ്യപ് വിശേഷിപ്പിച്ചിരുന്നത്.

തിങ്കളാഴ്ച നിശ്ചയം

ഒരു കല്യാണച്ചടങ്ങിന് മുമ്പുളള രണ്ടു ദിവസങ്ങളിലൂടെയാണ് കഥ പറയുന്നത്. കഥാപാത്രങ്ങള്‍ക്ക് നമ്മള്‍ മുമ്പ് കാണാത്ത മുഖങ്ങളും എക്‌സ്പ്രഷന്‍സും ആവശ്യമാണെന്ന് തോന്നി, അതുകൊണ്ടുതന്നെ സിനിമയില്‍ തൊണ്ണൂറു ശതമാനവും പുതുമുഖങ്ങളാണെന്ന് സംവിധായകന്‍ പറയുന്നു. കഴിഞ്ഞ രണ്ട് സിനിമകളെ കുറിച്ചും, വരാനിരിക്കുന്ന 'തിങ്കളാഴ്ച നിശ്ചയ'ത്തെ കുറിച്ചും സെന്ന ഹെഗ്ഡെ 'ദ ക്യു'വിനോട്.

Q

പ്രേക്ഷകരിലെത്താത്ത '0-41*', അനുരാഗ് കശ്യപ് കയ്യടിച്ച സിനിമ

A

'0-41*' ഒരു ചെറിയ പടമായിരുന്നു. അതുകൊണ്ടുതന്നെ തീയറ്റര്‍ റിലീസിന് പ്ലാന്‍ ഉണ്ടായിരുന്നില്ല. മൂവിയുടെ പകര്‍പ്പവകാശം ഫാന്റം ഡിജിറ്റല്‍ എന്ന ഡിസ്ട്രിബ്യൂട്ടേഴ്‌സിന് അന്നുതന്നെ കൈമാറിയിരുന്നു. പക്ഷെ എന്തുകൊണ്ടോ അവര്‍ക്കത് റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അതല്ലാതെ ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുണ്ട്. തീയറ്ററില്‍ റിലീസ് ചെയ്യാന്‍ ഉദ്ധേശിക്കുന്നുണ്ടെങ്കില്‍ അതിനുളള റൈറ്റ്‌സ് ഇപ്പോഴുമുണ്ട്. പക്ഷെ മറ്റേതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമകളിലൂടെ എത്തിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല.

Q

'കഥയൊന്തു ഷുരുവാഗിദെ', രണ്ടാം ചിത്രം രക്ഷിത് ഷെട്ടിക്കൊപ്പം കന്നഡയില്‍

A

രക്ഷിത് ഷെട്ടി എന്റെ അടുത്ത സുഹൃത്താണ്. ഞാന്‍ ഒരിക്കല്‍ അവനുമായി ഒരു ചെറിയ കഥ ഷെയര്‍ ചെയ്തിരുന്നു. അവനത് പ്രൊഡ്യൂസ് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ സംഭവിച്ചതാണ് കന്നട ഫിലിം. അങ്ങനെ ഒരു അവസരം ഒത്തു വന്നതുകൊണ്ടാണ് അന്ന് ആ സിനിമ ചെയ്യുന്നത്. ഇല്ലെങ്കില്‍ മലയാളത്തില്‍ തന്നെ ആകുമായിരുന്നു എന്റെ രണ്ടാമത്തെ ചിത്രവും. മലയാളം സിനിമകള്‍ ചെയ്യാന്‍ നല്ല താല്‍പര്യമാണ്. മലയാള സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. കൂടുതല്‍ സെന്‍സിബിലിറ്റി തോന്നുന്നതും സിനിമ ചെയ്യാനുളള താല്‍പര്യം ഉണ്ടാകുന്നതും എല്ലാം മലയാള സിനിമകളിലൂടെയാണ്.

Q

എന്തുകൊണ്ട് പുതുമുഖങ്ങള്‍?

A

മൂന്നാമത്തെ പടം ആദ്യത്തേതില്‍ നിന്നൊക്കെ വ്യത്യാസമായി വേറൊരു രീതിയില്‍ കുറച്ചുകൂടി വലിയ താരങ്ങളെ ഒക്കെ വെച്ച് ചെയ്യാമെന്നാണ് ആദ്യം കരുതിയിരുന്നത്. പക്ഷെ അങ്ങനെ ആലോചിച്ചപ്പോള്‍ ആ പടത്തിന്റെ ആധികാരികത നഷ്ടപ്പെടുന്നതുപോലെ തോന്നി. നമ്മള്‍ കാണാത്ത എക്‌സ്പ്രഷന്‍സും, കാണാത്ത മുഖങ്ങളും ഒക്കെ ചേര്‍ത്ത് എനിക്കൊരു റോ പെര്‍ഫോമന്‍സ് വേണമായിരുന്നു. 'തിങ്കളാഴ്ച നിശ്ചയം' എന്ന സിനിമ ഒരു കല്യാണച്ചടങ്ങിന് മുമ്പുളള രണ്ടു ദിവസങ്ങളാണ് കാണിക്കുന്നത്. അതില്‍ ഒരുപാട് കുടുംബക്കാര്‍, ബന്ധുക്കള്‍ അങ്ങനെ കുറച്ചധികം ആളുകള്‍ വരുന്നുണ്ട്. ഒരു നോര്‍മല്‍ ഫാമിലിയില്‍ ഇവരെല്ലാം ഒത്തുകൂടുമ്പോള്‍ ഉണ്ടാകുന്ന ചില തര്‍ക്കങ്ങളും, അടിപിടിയും, കുശുമ്പും പരിഭവങ്ങളുമൊക്കെ ചേരുന്നതാണ് സിനിമ. നമ്മള്‍ കണ്ടു പരിചയമുളള മുഖങ്ങളാകുമ്പോള്‍ അതിനൊരു പുതുമ ഉണ്ടാകില്ലെന്ന് തോന്നി. അതാണ് പുതുമുഖങ്ങളെ വെച്ച് ചെയ്യാമെന്ന് കരുതിയത്. എന്റെ നാട് കാഞ്ഞങ്ങാട് ആണ്. അവിടെത്തന്നെ ആയിരുന്നു ഷൂട്ടിങ്. കാഞ്ഞങ്ങാട് സ്ലാങ്ങില്‍ തന്നയാണ് ചിത്രം ചെയ്തിട്ടുളളത്. ഓഡിഷനിലൂടെയാണ് അഭിനേതാക്കളെ തിരഞ്ഞെടുത്തത്. തൊണ്ണൂറ് ശതമാനവും പുതുമുഖങ്ങളാണ്.

Q

ഒടിടിയോ തിയറ്ററോ?

A

തീയറ്ററില്‍ തന്നെ റിലീസിന് ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷെ തീയറ്ററുകള്‍ എപ്പോള്‍ തുറക്കുമെന്ന് അറിയില്ല. മാത്രമല്ല, ഒരുപാട് വലിയ സിനിമകള്‍ തീയറ്ററുകള്‍ തുറക്കാനായി കാത്തിരിക്കുന്നുണ്ട്. അപ്പോള്‍ പുതുമുഖങ്ങളെ മാത്രം വെച്ചുകൊണ്ടുളള നമ്മുടെ ഈ കൊച്ചു പടം തീയറ്ററില്‍ ഇറക്കാന്‍ പറ്റുമോ എന്ന സംശയമുണ്ട്. എന്തായാലും പതിനഞ്ച് ദിവസത്തിനുളളില്‍ പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകും. ജോലികള്‍ തീരുന്നത് അനുസരിച്ച് റിലീസിനെ കുറിച്ച് ഒരു തീരുമാനത്തിലെത്താം എന്ന് കരുതുന്നു.

'ലില്ലി', 'പോരാട്ടം' എന്നീ മലയാള എന്ന ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ശ്രീരാജ് രവീന്ദ്രനും സെന്ന ഹെഗ്‌ഡെയും ചേര്‍ന്നാണ് ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. എഡിറ്റ് ഹരിലാല്‍ കെ രാജീവ്. അഭിലാഷ് ചാക്കോയാണ് പോസ്റ്റര്‍ ഡിസൈന്‍.

Related Stories

No stories found.
logo
The Cue
www.thecue.in