'ക്യൂട്ടീസ്' ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നത്, കാമ്പെയിനിങ് ശക്തം, മാപ്പു പറഞ്ഞ് നെറ്റ്ഫ്ലിക്സ്

'ക്യൂട്ടീസ്' ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നത്, കാമ്പെയിനിങ് ശക്തം, മാപ്പു പറഞ്ഞ് നെറ്റ്ഫ്ലിക്സ്

ഫ്രഞ്ച് ചിത്രമായ 'ക്യൂട്ടീസി'ന്റെ പോസ്റ്ററുകളില്‍ കുട്ടികളെ ലൈംഗീകമായി ചിത്രീകരിച്ചു എന്ന ആരോപണത്തില്‍ മാപ്പ് പറഞ്ഞ് ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. സിനിമയുടെ പോസ്റ്റര്‍ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് ആരോപണം. പോസ്റ്റര്‍ പുറത്തു വന്നതു മുതല്‍ ആയിരക്കണക്കിന് ആളുകളാണ് എതിര്‍പ്പുകളുമായി രംഗത്തെത്തിയത്. ചിത്രം പിന്‍വലിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. വിഷയത്തില്‍ ഓണ്‍ലൈന്‍ കാമ്പെയിനുകള്‍ ഫലം കണ്ടതോടെയാണ് നെറ്റ്ഫ്‌ലിക്‌സ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്. എന്നാല്‍ ചിത്രം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നെറ്റ്ഫ്‌ലിക്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

'മിഗ്‌നോണ്‍സ്' എന്നാണ് ചിത്രത്തിന്റെ യഥാര്‍ത്ഥ പേര്. പതിനൊന്നുകാരിയായ പെണ്‍കുട്ടി അവളുടെ സ്വപ്നങ്ങള്‍ തേടി ഇറങ്ങുന്നതും ഫ്രീ സ്പിരിറ്റഡ് ഡാന്‍സ് ക്രൂവില്‍ ചേരുന്നതുമാണ് ചിത്രം പറയുന്നത്. പ്രമേയവുമായി ചേരാത്തതാണ് ചിത്രത്തിന്റേതായി പുറത്തുവന്നിരിക്കുന്ന പോസ്റ്ററുകള്‍ എന്നും ആരോപണങ്ങളുണ്ട്. സുഡാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ വര്‍ഷം മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രം കൂടിയാണ് 'മിഗ്‌നോണ്‍സ്'. തന്റെ ജീവിതവുമായി ഏറെ അടുത്തു നില്‍ക്കുന്ന ചിത്രമാണെന്നാണ് ക്യൂട്ടീസിനെകുറിച്ച് സംവിധായിക പറഞ്ഞത്.


സെപ്റ്റംബര്‍ ഒമ്പതിന് ചിത്രം നെറ്റ്ഫ്ലിക്‌സില്‍ റിലീസിനെത്തുമെന്നായിരുന്നു പ്രഖ്യാപനം. പോസ്റ്റര്‍ കുട്ടികളില്‍ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുള്ള വാദങ്ങള്‍ ചിത്രത്തിന്റെ റിലീസിനെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം പിന്‍വലിക്കണമെന്ന പ്രേക്ഷകരുടെ ആവശ്യത്തില്‍ നെറ്റ്ഫ്ലിക്സ് പ്രതികരിക്കാത്തതും വിവാദമാകുന്നുണ്ട്. അതേസമയം പോസ്റ്ററിനുനേരെ ഉയര്‍ന്ന ആരോപണങ്ങല്‍ സിനിമയെയോ പ്രമേയത്തെയോ ബാധിക്കുന്നതല്ലെന്നാണ് നെറ്റ്ഫ്‌ലിക്‌സ് വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ ഉടന്‍ പുറത്തുവിടുമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in