ജോര്‍ജ്ജുകുട്ടിയോ, ബറോസിലെ നീണ്ട താടിയോ?, മോഹന്‍ലാലിന്റെ പുതിയ ഗെറ്റപ്പും സിനിമയും

ജോര്‍ജ്ജുകുട്ടിയോ, ബറോസിലെ നീണ്ട താടിയോ?, മോഹന്‍ലാലിന്റെ പുതിയ ഗെറ്റപ്പും സിനിമയും
Summary

മോഹന്‍ലാലിന്റെ നീണ്ട താടിയിലുള്ള ലുക്ക് ദൃശ്യം സെക്കന്‍ഡിന് വേണ്ടിയല്ല

മോഹന്‍ലാല്‍ നീണ്ട താടിയുമായി റിഹേഴ്‌സല്‍ ക്യാമ്പില്‍ നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം മുതല്‍ വൈറലാണ്. ഓഗസ്റ്റ് 17ന് ദൃശ്യം രണ്ടാം ഭാഗം തൊടുപുഴയില്‍ ചിത്രീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തില്‍ ഈ ഗെറ്റപ്പ് ജോര്‍ജ്കുട്ടിക്ക് വേണ്ടിയെന്നായിരുന്നു വൈറല്‍ ഫോട്ടോക്ക് പിന്നാലെയുള്ള പ്രചരണം. കൊവിഡ് ലോക്ക് ഡൗണ്‍ സമയത്ത് ചെന്നൈയിലെ വീട്ടിലായിരുന്ന മോഹന്‍ലാല്‍ ജൂലൈ 20നാണ് കൊച്ചിയിലെത്തിയത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കൊച്ചി കലൂരുള്ള വീട്ടില്‍ കഴിയുന്ന മോഹന്‍ലാല്‍ ഏഷ്യാനെറ്റിന്റെ ഓണം പ്രത്യേക പരിപാടിക്ക് വേണ്ടി റിഹേഴ്‌സല്‍ നടത്തുന്ന ചിത്രങ്ങളായിരുന്നു വൈറല്‍ ആയത്.

മോഹന്‍ലാലിന്റെ നീണ്ട താടിയിലുള്ള ലുക്ക് ദൃശ്യം സെക്കന്‍ഡിന് വേണ്ടിയല്ല. കൊവിഡ് തീവ്രത കുറഞ്ഞാല്‍ ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങാന്‍ ആലോചിക്കുന്ന ദൃശ്യം സെക്കന്‍ഡില്‍ ജോര്‍ജുകുട്ടിയായി മറ്റൊരു ലുക്കിലായിരിക്കും മോഹന്‍ലാല്‍. ദൃശ്യത്തിലെ ജോര്‍ജ്കുട്ടിയുടെ ലുക്കില്‍ നിന്നുള്ള മാറ്റവും രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കാമെന്ന് ചുരുക്കം.

താന്‍ സംവിധാനം ചെയ്യുന്ന സിനിമയായി പ്രഖ്യാപിച്ച ബറോസില്‍ നീണ്ട താടിയായിരിക്കുമെന്ന് മോഹന്‍ലാല്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മൂന്ന് മാസം പിന്നിട്ട നീണ്ട താടി ബറോസ് എന്ന സിനിമയുടെ ടീസറിനും പോസ്റ്റര്‍ ഷൂട്ടിനും വേണ്ടിയാണെന്ന് സൂചനയുണ്ട്. സിനിമ അനൗണ്‍സ് ചെയ്ത ഘട്ടത്തില്‍ മോഹന്‍ലാലിനെ കഥാപാത്രമാക്കി വരച്ച ചിത്രമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

കേരളത്തെക്കാള്‍ വിദേശത്തും ഗോവയിലുമായി ചിത്രീകരിക്കേണ്ട സിനിമ ആയതിനാല്‍ ബറോസ് ചിത്രീകരണം ഇനിയും വൈകും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം സെക്കന്‍ഡിലാണ് മോഹന്‍ലാലിന്റെ അടുത്ത സിനിമ. ആശിര്‍വാദ് സിനിമാസാണ് ദൃശ്യം രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച മലയാളത്തിലെ പ്രധാന പ്രൊജക്ടുകളിലൊന്നുമാണ് ദൃശ്യം സെക്കന്‍ഡ്.

2013 ഡിസംബര്‍ 19ന് റിലീസ് ചെയ്ത ദൃശ്യം അതുവരെയുള്ള മലയാളം ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് വിജയം നേടിയ സിനിമയാണ്. ദൃശ്യം മലയാളത്തില്‍ സൃഷ്ടിച്ച തരംഗത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും റീമേക്കുകള്‍ ഒരുങ്ങി. ദൃശ്യത്തിന് ചൈനീസ്, ശ്രീലങ്കന്‍ പതിപ്പും പിന്നീട് വന്നു. 150 ദിവസം തുടര്‍ച്ചയായി കേരളത്തില്‍ പ്രദര്‍ശനം നടത്തിയ ചിത്രവുമാണ് ദൃശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in