'ഏറ്റവും വിഷമിപ്പിച്ചത് സമൂഹവ്യാപനമില്ലെന്ന് ഞാന്‍ പറഞ്ഞുവെന്ന വ്യാജപ്രചരണം'; അഹാന കൃഷ്ണ

'ഏറ്റവും വിഷമിപ്പിച്ചത് സമൂഹവ്യാപനമില്ലെന്ന് ഞാന്‍ പറഞ്ഞുവെന്ന വ്യാജപ്രചരണം'; അഹാന കൃഷ്ണ

തിരുവനന്തപുരം നഗരത്തില്‍ ലോക്ക്ഡൗണ്‍ വേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടി അഹാന കൃഷ്ണ. തനിക്കെതിരെയുണ്ടായ പ്രചരണങ്ങളില്‍ ഏറ്റവും വിഷമിപ്പിച്ചത് സമൂഹവ്യാപനമില്ലെന്ന് താന്‍ പറഞ്ഞതായുള്ള വ്യാജപ്രചരണമെന്നും അഹാന റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സ്വര്‍ണ്ണക്കടത്തിനെയും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിനെയും ബന്ധിപ്പിച്ച് അഹാന പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറി നേരത്തെ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ നടിക്ക് വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. തന്റെ മനസില്‍ വന്ന രണ്ട് വരികള്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായിട്ടതെന്നും, താന്‍ പറയാത്ത കാര്യങ്ങളുടെ പേരിലാണ് തനിക്കെതിരെ സൈബര്‍ ആക്രമണമുണ്ടായതെന്നും അഹാന.

തനിക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയോടും പ്രത്യേക അനുഭാവമില്ലെന്നും അഹാന പറഞ്ഞു. 'യുക്തിവാദം, സമത്വം, മനുഷ്യത്വം ഇതാണ് എന്റെ രാഷ്ട്രീയം. കേന്ദ്രസര്‍ക്കാരായാലും, സംസ്ഥാന സര്‍ക്കാരായാലും നമ്മളെ ഭരിക്കുന്ന സര്‍ക്കാരിനെ കുറ്റം പറയുന്നത് എനിക്ക് ഇഷ്ടമല്ല.' അഹാന പറഞ്ഞു.

'ഏറ്റവും വിഷമിപ്പിച്ചത് സമൂഹവ്യാപനമില്ലെന്ന് ഞാന്‍ പറഞ്ഞുവെന്ന വ്യാജപ്രചരണം'; അഹാന കൃഷ്ണ
'വാക്കുകള്‍ വളച്ചൊടിച്ചത്, ലോക്ക് ഡൗണ്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ല'; മറുപടിയുമായി അഹാന

അഹാനയുടെ വാക്കുകള്‍

'ലോക്ക് ഡൗണ്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. രണ്ട് വരികള്‍ മാത്രമായിരുന്നു ആ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി. അതില്‍ ഒരു നിഗമനമില്ല. ആ ഇന്‍സ്റ്റഗ്രാം സ്റ്റോറി അല്ലാതെ ഈ വിഷയത്തില്‍ ഒരു വാക്ക് പോലും എങ്ങും പറഞ്ഞിട്ടില്ല. പിന്നീട് പ്രതികരിച്ചത് എന്റെ വീഡിയോയിലൂടെയാണ്. ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറി 24 മണിക്കൂര്‍ കഴിയുമ്പോള്‍ തനിയെ ഡിലീറ്റ് ആകുന്നതാണ്. പലരും പറയുന്നത് അത് ഞാന്‍ പ്രശ്‌നമായിട്ട് ഡിലീറ്റ് ചെയ്തതാണെന്നാണ്.

തിരുവനന്തപുരത്ത് സമൂഹവ്യാപനമില്ലെന്ന് ഞാന്‍ പറഞ്ഞുവെന്ന് ചിലരൊക്കെ പറയുന്നുണ്ട്, അതാണ് ഏറ്റവുമധികം വിഷമിപ്പിച്ചത്. കൊറോണ അല്ലെങ്കില്‍ കൊവിഡ് എന്ന് പറയുന്ന വാക്ക് എന്റെ സ്റ്റോറിയില്‍ പോലുമില്ല. ഇവിടെ ലോക്ക് ഡൗണ്‍ വേണ്ടെന്നോ, എന്തിനാണ് ലോക്ക് ഡൗണ്‍ എന്നോ എവിടെയും പറഞ്ഞിട്ടുമില്ല.

എന്റെ സ്റ്റോറിയെ വിമര്‍ശിച്ച് ആദ്യം പോസ്റ്റിട്ട ആള്‍ എന്ത് ഉദ്ദേശത്തിലാണ് അത് ചെയ്തതെന്ന് അറിയില്ല. അദ്ദേഹം തെറ്റിദ്ധരിച്ചതാണോ, അല്ലെങ്കില്‍ വേണമെന്ന് കരുതി ചെയ്തതാണോ എന്നും അറിയില്ല.

ഞാന്‍ പറഞ്ഞുവെന്ന് മറ്റുള്ളവര്‍ പറഞ്ഞ കാര്യത്തിലാണ് എനിക്കെതിരെ വിമര്‍ശനം ഉണ്ടായത്. അതുകൊണ്ട് തന്നെ വിശദീകരണം നല്‍കണമെന്ന് തോന്നിയില്ല. പലരും മാപ്പ് പറയണമെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ചിരിയാണ് വന്നത്. എനിക്ക് മാപ്പ് പറയണമെന്നുണ്ടെങ്കില്‍ അത് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത കേട്ട് ഏതെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ അവരോടാണ്.

എന്റെ മനസില്‍ വന്ന രണ്ട് ചിന്തകളാണ് ഞാന്‍ സ്‌റ്റോറിയായിട്ടത്. ഇത്രയും പറയാനുള്ള അഭിപ്രായം സ്വാതന്ത്ര്യം പോലും എനിക്കില്ലെ എന്ന് അറിയില്ല. എന്റെ യൂട്യൂബിലുള്‍പ്പടെ എല്ലായിടത്തും പറയുന്നത് അണ്‍ലോക്ക് എന്ന് പറഞ്ഞാലും വീട്ടില്‍ തന്നെയിരിക്കൂ എന്നാണ്. കൊറോണ ഇല്ലാതാകുന്നത് വരെ ലോക്ക്ഡൗണ്‍ വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാനൊക്കെ.'

Related Stories

No stories found.
logo
The Cue
www.thecue.in