ജഗതിക്ക് തയ്ച്ച യൂണിഫോം സുരേഷ് ഗോപിക്ക് നൽകി; മിന്നൽ പ്രതാപനെക്കുറിച്ച് ഡെന്നീസ് ജോസഫ്

ജഗതിക്ക് തയ്ച്ച യൂണിഫോം സുരേഷ് ഗോപിക്ക് നൽകി; മിന്നൽ പ്രതാപനെക്കുറിച്ച് ഡെന്നീസ് ജോസഫ്

'മനു അങ്കിളി'ലെ മിന്നൽ പ്രതാപൻ ​ജ​ഗതിയെ കരുതി എഴുതിയതെന്ന് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്. പിന്നീടത് സുരേഷ്​ ഗോപിയിലേയ്ക്ക് എത്തിയത് തികച്ചും യാദൃശ്ചികമായിരുന്നു, ഊണിന് ക്ഷണിക്കാൻ വന്ന സുരേഷ് ​ഗോപിയെ ജ​ഗതിയുടെ അഭാവത്തിൽ ആ റോളിലേയ്ക്ക് ക്ഷണിക്കുകയായിരുന്നുവെന്നും യാതൊരു മടിയും കൂടാതെ അദ്ധേഹം ക്ഷണം സ്വീകരിച്ചെന്നും ഡെന്നീസ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഡെന്നീസ് ജോസഫിന്റെ വാക്കുകൾ:

എന്റെ സിനിമകളിൽ ഗസ്റ്റ് റോളുകളിൽ ഒന്നിലധികം താരങ്ങൾ വന്നത് തികച്ചും യാദൃശ്ചികം മാത്രമായിരുന്നു. മനു അങ്കളിൽ മോഹൻലാലും സുരേഷ് ഗോപിയും വേഷമിട്ടു. സുരേഷ് ഗോപിയല്ല, ജഗതി ശ്രീകുമാർ ആയിരുന്നു മിന്നൽ പ്രതാപന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനിരുന്നത്. ഷൂട്ടിങ് ദിവസം അദ്ദേഹത്തിന് വന്നെത്താൻ സാധിച്ചില്ല. കൊല്ലം ആശ്രമം ഗസ്റ്റ് ഹൗസിലായിരുന്നു ക്ലെെമാക്സ് സീനിന്റെ ലൊക്കേഷൻ. അപ്പോഴാണ് സുരേഷ് ഗോപി ആകസ്മികമായി സെറ്റിലെത്തുന്നത്. സുരേഷ് ഗോപിയുടെ വീട് കൊല്ലത്താണ്. അദ്ദേഹം എന്നെയും ജോയിയെയും മറ്റു സഹപ്രവർത്തകരെയും അദ്ദേഹത്തിന്റെ വീട്ടിൽ ഒരു ഊണ് കഴിക്കാൻ വേണ്ടി ക്ഷണിക്കാൻ വന്നതായിരുന്നു. ജഗതിയാണെങ്കിൽ എത്തിയിട്ടില്ല. ഞാൻ സുരേഷ് ഗോപിയോട് ചോദിച്ചു വേറെ വർക്കുകളും മറ്റു തിരക്കുകളും ഇല്ലെങ്കിൽ മിന്നൽ പ്രതാപനെ അവതരിപ്പിക്കാമോ എന്ന്. സുരേഷ് ഗോപി അപ്പോൾ തന്നെ സമ്മതിച്ചു. ജഗതിയ്ക്ക് വേണ്ടി മാറ്റി വച്ച പോലീസ് യൂണിഫോമെടുത്ത് ചെറുതായി ആൾട്ടർ ചെയ്ത് സുരേഷ് ഗോപിയ്ക്ക് നൽകി.

കോട്ടയം കുഞ്ഞച്ചൻ, രാജാവിന്റെ മകൻ, നിറക്കൂട്ട്, മനു അങ്കിൾ, അഥർവം, ന്യൂഡൽഹി, നമ്പർ 20 മാദ്രാസ് മെയിൽ തുടങ്ങി മുൻനിര താരങ്ങൾക്ക് വേണ്ടി ഒട്ടേറെ തിരക്കഥകൾ രചിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മനു അങ്കിളിൽ സുരേഷ് ​ഗോപിയെ കൂടാതെ മോഹൻലാലും ഗസ്റ്റ് റോളിൽ എത്തിയിരുന്നു. നമ്പർ 20 മാദ്രാസ് മെയിലിൽ മമ്മൂട്ടിയും അഭിനയിച്ചു. തന്റെ സിനിമകളിൽ ​ഗസ്റ്റ് റോളിലെ സൂപ്പർതാര സാന്നിധ്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഡെന്നീസ് ജോസഫ്.

Related Stories

No stories found.
logo
The Cue
www.thecue.in