'ഹാഗര്‍' ഷൂട്ട് തുടങ്ങുന്നു,  റിമ നായിക, ഹര്‍ഷദ് സംവിധാനം, ക്യാമറയും നിര്‍മ്മാണവും ആഷിക് അബു
Film News

'ഹാഗര്‍' ഷൂട്ട് തുടങ്ങുന്നു, റിമ നായിക, ഹര്‍ഷദ് സംവിധാനം, ക്യാമറയും നിര്‍മ്മാണവും ആഷിക് അബു

THE CUE

THE CUE

കൊവിഡ് അടച്ചുപൂട്ടലില്‍ സ്തംഭനാവസ്ഥയിലായ മേഖലകളിലൊന്നാണ് ചലച്ചിത്ര വ്യവസായം. ലോകം കൊവിഡിനൊപ്പം ജീവിതം ശീലിക്കുമ്പോള്‍ നിയന്ത്രണങ്ങളിലെ സാധ്യത പ്രയോജനപ്പെടുത്തി സിനിമയൊരുക്കുകയാണ് ആഷിക് അബു. ആഷിക് അബുവിന്റെ ഒപിഎം സിനിമാസ് നിര്‍മ്മിക്കുന്ന ' ഹാഗര്‍' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹര്‍ഷദ് ആണ്. റിമാ കല്ലിങ്കലും ഷറഫുദ്ദീനും കേന്ദ്രകഥാപാത്രങ്ങള്‍.

ആഷിക് അബു ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണ് ഹാഗര്‍. ദായോം പന്ത്രണ്ടും എന്ന ചിത്രത്തിന് ശേഷം ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ടയുടെ രചയിതാവാണ് ഹര്‍ഷദ്. രാജേഷ് രവിയും ഹര്‍ഷദുമാണ് തിരക്കഥ. എഡിറ്റിംഗ് സൈജു ശ്രീധരന്‍. ഗാനരചന മുഹസിന്‍ പരാരിയും സംഗീത സംവിധാനം യാക്‌സനും നേഹയും. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. വസ്ത്രാലങ്കാരം സമീറാ സനീഷ്. മേക്കപ്പ് റോണക്‌സ് സേവ്യര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസ്. ചീഫ് അസോസിയേറ്റ് ബിനു പപ്പു

സിനിമയെക്കുറിച്ച് ആഷിക് അബു

പ്രതിസന്ധികള്‍ക്കും പരിമിതികള്‍ക്കും ഉള്ളില്‍നിന്നുകൊണ്ട്, മാസങ്ങളായി നിലച്ചിരുന്ന സിനിമ നിര്‍മ്മാണം ഞങ്ങള്‍ പുനഃനാരംഭിക്കാന്‍ ശ്രമിക്കുകയാണ്. മമ്മൂട്ടി -ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട' എഴുതിയ ഹര്‍ഷദ് സംവിധാനം ചെയ്യുന്ന 'ഹാഗര്‍ ' കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ജുലൈ അഞ്ചിന് കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കും. * ഈ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള അവകാശം നിമ്മാണ കമ്പനിയില്‍ നിക്ഷിപ്തമാണ്. അത് വേറെ ആരേയും ഏല്പിച്ചിട്ടില്ല.

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണനും പരീക്ഷണചിത്രത്തിലേക്ക് കടന്നിട്ടുണ്ട്. ഐ ഫോണിലാണ് ഈ സിനിമ ചിത്രീകരിക്കുന്നത്. ഉണ്ട സംവിധാനം ചെയ്ത ഖാലിദ് റഹ്മാന്‍ ചിത്രവും ഉടന്‍ ചിത്രീകരണം തുടങ്ങും.

The Cue
www.thecue.in