‘സത്യാവസ്ഥ അറിയുന്ന കളക്ടര്‍ മൗനം പാലിക്കുന്നത് തെറ്റാണ്’ കൂവല്‍ വിവാദത്തില്‍ പ്രതികരണം
മാനന്തവാടി മേരി മാതാ കോളേജില്‍ ടൊവിനോ തോമസ് പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ത്ഥിയെ മൈക്കിന് മുന്നില്‍ കൂവിച്ചതില്‍ സത്യാവസ്ഥ അറിയുന്ന ജില്ലാ കലക്ടര്‍ മൗനം പാലിക്കുന്നത് തെറ്റാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍ എം ബാദുഷ. കേരളത്തിലെ കലാലയങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കുന്ന യുവതാരമാണ് ടൊവിനോ തോമസെന്നും ജില്ലാ ഭരണകൂടത്തിന്റെയും കോളജിന്റെയും അതിഥിയായി ആണെന്നും കോളജ് പരിപാടികളില്‍ പല താരങ്ങള്‍ക്കും ദുരനുഭവങ്ങള്‍ പതിവാണെന്നും ബാദുഷ ഫേസ്ബുക്കില്‍ എഴുതുന്നു.
അറിവിന്റെ കാവല്‍ മാടങ്ങള്‍ കൂവല്‍ മാടങ്ങള്‍ ആവുമ്പോള്‍ എന്ന തലക്കെട്ടിലാണ് ബാദുഷയുടെ കുറിപ്പ്.
സംഭവത്തെക്കുറിച്ച് ബാദുഷ എഴുതിയത്
കഴിഞ്ഞ ദിവസം നടന്‍ ടൊവിനോ തോമസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഈ കുറിപ്പെഴുതാന്‍ കാരണം .
കേരളത്തിലെ കലാലയങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കുന്ന ഒരു യുവ താരമാണ് ടൊവിനോ. ഒരു യൂത്ത് ഐക്കണ്‍ എന്നതിലുപരി കഷ്ടപ്പെട്ട് അധ്വാനിച്ച് തന്റെ ലക്ഷ്യത്തിലെത്തിയ പ്രചോദനപരമായ ഒരു വ്യക്തിത്വം എന്ന നിലയിലാണ് ചെറുപ്പക്കാര്‍ കൂടുതലും ടൊവിനോയെ ഇഷ്ടപ്പെടുന്നത്.
അത് തന്നെയാണ് അദ്ദേഹത്തെ ക്യാംപസുകളുടെ പ്രിയങ്കരനാകുന്നതും.
മിക്കവാറും എല്ലാ കലാലയങ്ങളിലും എന്തെങ്കിലും പരിപാടികള്‍ നടക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് ഒരു താരത്തെ കിട്ടുമോ എന്ന അന്വേഷണവുമായി ഭാരവാഹികളും, അധ്യാപകരും, വിദ്യാര്‍ത്ഥികളും ഒക്കെ ഞാനുള്‍പ്പെടെയുള്ള പരിചയമുള്ള സിനിമ പ്രവര്‍ത്തകരെ സമീപിക്കാറ് പതിവാണ്.
എന്നാല്‍ പലയിടത്തും ആരെയെങ്കിലും ഏര്‍പ്പാട് ചെയ്തിട്ട് അവര്‍ പോയി വരുമ്പോള്‍ പറയുന്ന ദുരനുഭവങ്ങള്‍ കാരണമാണ് നമ്മള്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്നും പിന്‍തിരിയുന്നത്.
ചിലപ്പോള്‍ ചില നല്ല ബന്ധങ്ങള്‍ക്ക് പോലും ഇത്തരം സംഭവങ്ങള്‍ വിള്ളലുണ്ടാക്കുന്നു.
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥിയെ ഒരു വിദ്യാര്‍ത്ഥി അപമാനിക്കുന്നു. ഇത് ശരിയാണോ ?
അതിഥി ഒരു ക്യാംപസില്‍ എത്തുന്നത് യൂണിയന്റെ അതിഥിയായല്ല, ക്യംപസിന്റെ അതിഥി എന്ന നിലയിലാണ്.
ഇവിടെ ടൊവിനോ എത്തിയത് സര്‍ക്കാര്‍ പരിപാടി എന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ ക്ഷണിച്ച ഒരു പരിപാടിയിലാണ്.
അപമാനം നേരിടുമ്പോള്‍ പ്രതികരിക്കുക സ്വാഭാവികമാണ്...
പ്രതികരിക്കുന്നത് ഓരോരുത്തരുടെയും ശൈലിയിലാവും...
അതേ ഇവിടെ ടൊവിനോയും ചെയ്തിട്ടുള്ളൂ.
അദ്ദേഹത്തെ ക്ഷണിച്ച കളക്ടര്‍ പ്രതികരിക്കാത്തതും അപലപനീയമാണ്.
ഇവിടെ ചാനല്‍ ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ സത്യാവസ്ഥ അറിയുന്ന കളക്ടര്‍ മൗനം പാലിക്കുന്നത് തെറ്റാണ്.
പഴയ ഒരു സംഭവം കേട്ടിട്ടുണ്ട്,ഒരു കോളജില്‍ പരിപാടി ഉത്ഘാടനത്തിനായി സംവിധായകന്‍ ജോണ്‍ എബ്രഹാം എത്തിയ കഥ. അതിഥിയായി എത്തിയ ജോണ്‍ എബ്രഹാമിനെ കണ്ട് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു.
സറ്റേജില്‍ കയറി മൈക്ക് കയ്യിലെടുത്ത ജോണ്‍ അതിനേക്കാള്‍ ഉച്ചത്തില്‍ കൂകി.
ഒന്ന് അമ്പരന്ന വിദ്യാര്‍ത്ഥികള്‍ വീണ്ടും കൂകി.
ജോണ്‍ വീണ്ടും ഉച്ചത്തില്‍ കൂകി...
കുറച്ച് അങ്ങനെ തുടര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കൂകല്‍ നിര്‍ത്തി.
ജോണും....
എന്നിട്ട് മൈക്കിലൂടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു : -
' ഈ പരിപാടി കഴിയുമ്പോള്‍ നിങ്ങളെല്ലാവരും ഓരോ പന്തം കൊളുത്തണം, എന്നിട്ട് എല്ലാവരും ചേര്‍ന്ന് ഈ കോളജിന് തീയിടണം, കത്തി നശിക്കട്ടെ - കാരണം ഒരു അതിഥിയോട്, -അയാള്‍ ആരുമാവട്ടെ - ഇങ്ങനെ പെരുമാറുന്ന സംസ്‌ക്കാരം പഠിപ്പിക്കുന്ന ഈ കലാലയം നാടിന് ആപത്താണ്, അത് ഇനിയും ഇവിടെ നിലനിന്നു കൂടാ ... കത്തിയ്ക്കണം ' എന്ന്!
ശരിയല്ലേ,
ടൊവിനോ അതിഥിയായെത്തിയത് ഒരു തെരുവിലോ, ചന്തയിലോ അല്ല,
സംസ്‌ക്കാര സമ്പന്നരായ തലമുറയെ വാര്‍ത്തെടുക്കുന്ന ഒരു കലാലയത്തിലാണ് ...
അതും ഗവണ്‍മെന്റ് പ്രോഗ്രാം എന്ന് പറഞ്ഞ് കളക്ടര്‍ ക്ഷണിച്ച ഒരു പരിപാടിയില്‍ .
അതിഥി ദേവോ ഭവ:
അതാണ് നമ്മുടെ സംസ്‌ക്കാരം ..
അതിഥി - അത് ആരായാലും ..
പ്രതികരിക്കുവാനുള്ള അവകാശം അത് എല്ലാവര്‍ക്കും ഉള്ളതാണെന്ന് മനസിലാക്കുക
തുടര്‍ച്ചയായി കൂവി സംസാരം തടസപ്പെടുത്തിയപ്പോഴാണ് അഖില്‍ ജോര്‍ജ് എന്ന വിദ്യാര്‍ത്ഥിയെ വേദിയിലേക്ക് വിളിച്ചുവരുത്തി മൈക്കില്‍ കൂവിക്കോളൂ എന്ന് ടൊവിനോ തോമസ് പറഞ്ഞതെന്ന് നടന്റെ മാനേജര്‍ ഹരികൃഷ്ണന്‍ ദ ക്യുവിനോട് പ്രതികരിച്ചു. മാനന്തവാടി മേരി മാതാ കോളജ് വേദിയിലെ സംഭവങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള സാക്ഷിയാണെന്നും ഹരികൃഷ്ണന്‍. സംഭവം അദ്ദേഹം വിവരിക്കുന്നതിങ്ങനെ. വയനാട്ടിലെ ഷൂട്ടിങ്ങിന് ഇടയില്‍ നിന്നാണ്, ജില്ലാ ഭരണകൂടം മാനന്തവാടി മേരി മാതാ കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ ടൊവിനോ തോമസ് എത്തിയത്. നേരത്തേ പ്ലാന്‍ ചെയ്ത പ്രോഗ്രാം ആയിരുന്നില്ല. ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പങ്കെടുക്കാമെന്ന് അറിയിച്ചത്. വിദ്യാര്‍ത്ഥികള്‍ കയ്യടിച്ച് ആവേശത്തോടെയാണ് നടനെ വരവേറ്റത്. ചടങ്ങില്‍ പ്രതിജ്ഞയെടുക്കലൊക്കെ ഭംഗിയായി കഴിഞ്ഞു. എന്നാല്‍ പ്രസംഗം തുടങ്ങിയതുമുതല്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ആര്‍ത്ത് വിളിക്കുകയും കൂവുകയും ചെയ്യുന്നുണ്ടായിരുന്നു. കൂവലിനൊപ്പം അധിക്ഷേപിക്കലുമുണ്ടായി.
അതേസമയം കെഎസ്യു സംഭവം വിവാദമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച വയനാട്ടില്‍ വച്ച് ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ പ്രകാശനം നിര്‍വഹിച്ചത് ടൊവിനോ തോമസ് ആയിരുന്നു. ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസിന് നല്‍കിയായിരുന്നു പ്രകാശനം. തനിക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും ഇടതുപക്ഷത്തോടാണ് ആഭിമുഖ്യമെന്നും നടന്‍ ഈ വേദിയില്‍ പറഞ്ഞിരുന്നു. അതിനാലാണ് കെഎസ്യു ആദ്യമേ തന്നെ വിഷയത്തില്‍ പരാതി നല്‍കുമെന്ന തരത്തില്‍ പ്രതികരിച്ചതെന്നാണ് ആരോപണം.