ലിജോ മാജിക് വീണ്ടും, ജെല്ലിക്കെട്ട് പൂര്‍ത്തിയാകുംമുമ്പേ അഭിനന്ദപ്രവാഹം

ലിജോ മാജിക് വീണ്ടും, ജെല്ലിക്കെട്ട് പൂര്‍ത്തിയാകുംമുമ്പേ അഭിനന്ദപ്രവാഹം

ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷ ഉയര്‍ത്തുന്ന സിനിമയാണ്. സിനിമയുടെ ജോലികള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവേ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വേര്‍ഷന്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സിനിമാ മേഖലയിലെ പലരും. ഔട്ട്സ്റ്റാന്‍ഡിംഗ് എന്നാണ് ഇന്ദ്രജിത്ത് സുകുമാരന്‍ ചിത്രത്തെക്കുറിച്ച് ദ ക്യുവിനോട് പറഞ്ഞത്. മുംബൈയില്‍ സംവിധായകന്‍ അനുരാഗ് കശ്യപും സംവിധായിക ഗീതു മോഹന്‍ദാസും ജെല്ലിക്കെട്ട് കണ്ടു. ലിജോ ഇസ് ബാക്ക് വിത്ത് മാജിക് ആന്‍ഡ് മാഡ്‌നസ് എന്നാണ് ഗീതു സിനിമയെക്കുറിച്ച് പറഞ്ഞത്. സിനിമയിലെ ഹൈലൈറ്റ് രംഗങ്ങള്‍ കണ്ട പൃഥ്വിരാജും സമാന അഭിപ്രായം പങ്കുവച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലിജോ ജോസ് പെല്ലിശേരി ഇതുവരെ ചെയ്ത സിനിമകളില്‍ നിന്ന് പൂര്‍ണമായും വേറിട്ട അവതരണ സ്വഭാവത്തിലാണ് ജെല്ലിക്കെട്ട് എത്തുന്നത്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എസ് ഹരീഷും കെ പി ജയകുമാറും എഴുതിയ തിരക്കഥയിലാണ് സിനിമ. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ അരങ്ങേറുന്ന ചിത്രം ഇന്ത്യന്‍ ഫിലിംമേക്കര്‍ എന്ന നിലയില്‍ ലിജോ പെല്ലിശേരിക്ക് വമ്പന്‍ വഴിത്തിരിവാകുമെന്ന് അറിയുന്നു. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.

ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുള്‍ സമദ്, ജാഫര്‍ ഇടുക്കി, ശാന്തി ബാലചന്ദ്രന്‍ എന്നിവരും പുതുമുഖങ്ങളായ നൂറിലധികം കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്. പ്രശാന്ത് പിള്ള സംഗീത സംവിധാനവും രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. തോമസ് പണിക്കര്‍, ലിജോ പെല്ലിശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. മലയാളത്തിനൊപ്പം മറ്റു ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നാല് മാസത്തിന് ശേഷമായിരിക്കും സിനിമ റിലീസ് ചെയ്യുക എന്നറിയുന്നു.

No stories found.
The Cue
www.thecue.in