ഐഎഫ്എഫ്‌കെ ഫെബ്രുവരിയിൽ, രജതജൂബിലി പതിപ്പിന് നാല് വേദികൾ

ഐഎഫ്എഫ്‌കെ ഫെബ്രുവരിയിൽ, രജതജൂബിലി പതിപ്പിന് നാല് വേദികൾ

25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 2021 ഫെബ്രുവരിയിൽ നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ. ഐഎഫ്എഫ്‌കെയുടെ രജതജൂബിലി പതിപ്പ് കൂടിയായ മേള 2020 ഡിസംബറിൽ നടക്കേണ്ടിയിരുന്നതാണ്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു. ഐഎഫ്എഫ്‌കെ പോലെ ലോകശ്രദ്ധയാകർഷിച്ച ഒരു സാംസ്‌കാരിക പരിപാടി പൂർണമായും ഒഴിവാക്കുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാലാണ് എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടി ഫെബ്രുവരിയിൽ മേള നടത്താൻ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഐഎഫ്എഫ്‌കെയുടെ സ്ഥിരം വേദി തുടർന്നും തിരുവനന്തപുരം തന്നെയായിരിക്കും. എങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നാലു മേഖലകളിലായാണ് ഇത്തവണ ഐഎഫ്എഫ്‌കെ നടക്കുക. തിരുവനന്തപുരം, എറണാകുളം, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായി പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനങ്ങൾ. ഫെബ്രുവരി 10 മുതൽ14 വരെ തിരുവനന്തപുരത്തും, ഫെബുവരി 17 മുതൽ 21 വരെ എറണാകുളത്തും, ഫെബുവരി 23 മുതൽ 27 വരെ തലശ്ശേരിയിലും, മാർച്ച് 1 മുതൽ 5 വരെ പാലക്കാടുമാണ് മോള നടക്കുക. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളിൽ പ്രദർശനം നടക്കും. ഓരോ തിയേറ്ററിലും 200 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. മേള സംഘടിപ്പിക്കുന്ന ഇടങ്ങളിൽ എല്ലാം ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുമ്പ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സജ്ജീകരണം ആരോഗ്യവകുപ്പുമായി ചേർന്ന് ചലച്ചിത്ര അക്കാദമി ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ, ആൾക്കൂട്ടം കൂടുന്ന സാംസ്‌കാരിക പരിപാടികളോ ഉണ്ടായിരിക്കുന്നതല്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ. മീറ്റ് ദ ഡയറക്ടർ, പ്രസ് മീറ്റ്, മാസ്റ്റർ ക്‌ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴിയായിരിക്കും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കില്ല.

അന്താരാഷ്ട്ര മൽസര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ റ്റുഡേ, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്‌കോപ്പ്, റെട്രോസ്‌പെക്റ്റീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയിൽ ഉണ്ടാകും. ഓരോ മേഖലയിലും ഐഎഫ്എഫ്‌കെയിൽ ഉൾപ്പെടുത്തിയ എല്ലാ സിനിമകളും പ്രദർശിപ്പിക്കും. ഒരു ദിവസം ഒരു തിയേറ്ററിൽ നാലു ചിത്രങ്ങൾ വീതമാണ് പ്രദർശിപ്പിക്കുക. അന്താരാഷ്ട്ര മത്സര വിഭാഗം, ലോകസിനിമ വിഭാഗം എന്നിവയ്ക്ക് ഓരോ മേഖലകളിലും രണ്ട് വീതം പ്രദർശനങ്ങളും മറ്റുള്ള എല്ലാ വിഭാഗത്തിനും ഓരോ പ്രദർശനങ്ങൾ വീതവും ആയിരിക്കും ഉണ്ടാവുക.

ഡെലിഗേറ്റ് രജിസ്‌ട്രേഷൻ വിവരങ്ങൾ

പൊതു വിഭാഗത്തിന് 750 രൂപയും വിദ്യാർത്ഥികൾക്ക് 400 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

സ്വദേശം ഉൾപ്പെടുന്ന മേഖലയിൽ സംഘടിപ്പിക്കുന്ന മേളയിൽ തന്നെ പ്രതിനിധികൾ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.

തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂർണമായും റിസർവേഷൻ അടിസ്ഥാനത്തിൽ ആയിരിക്കും.

സീറ്റ് നമ്പർ അടക്കം ഈ റിസർവേഷനിൽ ലഭിക്കും.

തെർമൽ സ്‌കാനിഗ് നടത്തിയതിന് ശേഷം മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് മാത്രമേ തിയേറ്ററുകളിൽ സീറ്റ് നൽകുകയുള്ളൂ.

ഓരോ പ്രദർശനം കഴിയുമ്പോഴും തിയേറ്ററുകൾ സാനിറ്റൈസ് ചെയ്യും.

കോവിഡ് നെഗറ്റീവ് ആണ് എന്നുള്ള സർട്ടിഫിക്കറ്റ് (മേള തുടങ്ങുന്നതിന് 48 മണിക്കൂർ മുൻപ് ടെസ്റ്റ് ചെയ്തത്) ഹാജരാക്കുന്നവർക്കും പാസ് അനുവദിക്കുന്നതാണ്.

ടെസ്റ്റ് നെഗറ്റീവ് ആയവർക്കു മാത്രമേ ഡെലിഗേറ്റ് പാസ് അനുവദിക്കുകയുള്ളൂ.

ഫെബ്രുവരി മാസങ്ങളിൽ സംഘടിപ്പിക്കുന്ന പ്രധാനപരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ:

സംസ്ഥാന ടെലിവിഷൻ അവാർഡ്

2019ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ 2021 ജനുവരി 9 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പു മന്ത്രി എ കെ ബാലൻ വിതരണം ചെയ്യും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ കഥ, കഥേതരം, രചന എന്നീ മൂന്നു വിഭാഗങ്ങളിലായി 53 വ്യക്തികൾ അവാർഡുകൾ ഏറ്റുവാങ്ങും. അവാർഡ് ജേതാക്കളും ബന്ധുക്കളും മാധ്യമപ്രവർത്തകരും സംഘാടകരും ഉൾപ്പെടെ 200ൽ താഴെ പേരെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിക്കുന്നത്.

കഥാവിഭാഗത്തിൽ സമർപ്പിക്കപ്പെട്ട 58 എൻട്രികൾ പരിശോധിച്ച് വിധിനിർണയം നടത്തിയത് കെ.മധുപാൽ ചെയർമാനായ ജൂറിയാണ്. ഒ.കെ ജോണി ചെയർമാൻ ആയ ജൂറി കഥേതര വിഭാഗത്തിൽ സമർപ്പിക്കപ്പെട്ട 172 എൻട്രികൾ വിലയിരുത്തി. രചനാവിഭാഗത്തിലെ അവാർഡുകൾ നിർണയിച്ചത് എ.സഹദേവൻ ചെയർമാനായ ജൂറിയാണ്.

സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ്

50-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2021 ജനുവരി 29 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. മന്ത്രി എ കെ ബാലൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ചടങ്ങിൽ വിവിധ വിഭാഗങ്ങളിലായി 49 വ്യക്തികൾ അവാർഡ് ഏറ്റുവാങ്ങും. കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ സി ഡാനിയേൽ അവാർഡ് സംവിധായകൻ ഹരിഹരന് സമ്മാനിക്കും. അവാർഡ് ജേതാക്കളും ബന്ധുക്കളും മാധ്യമപ്രവർത്തകരും സംഘാടകരും ഉൾപ്പെടെ 200ൽ താഴെ പേരെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in