‘തിരസ്‌കരിച്ചപ്പോള്‍ ഞെട്ടിപ്പോയി’ ; ഐഎഫ്എഫ്‌കെ തെരഞ്ഞെടുപ്പിനെതിരെ സേതു

‘തിരസ്‌കരിച്ചപ്പോള്‍ ഞെട്ടിപ്പോയി’ ; ഐഎഫ്എഫ്‌കെ തെരഞ്ഞെടുപ്പിനെതിരെ സേതു

ഐഎഫ്എഫ്‌കെയിലെ സിനിമാ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ സേതു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ‘പാണ്ഡവപുരം; എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ബംഗാളി ചിത്രം മേള നിരസിച്ചതിനെക്കുറിച്ചാണ് സേതുവിന്റെ വിമര്‍ശനം. പ്രശസ്തമായ ലോകാര്‍ണോ ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യുകയും, ഒട്ടേറെ വിദേശ മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ചിത്രം ഐഎഫ്എഫ്‌കെ നിരസിച്ചപ്പോള്‍ അണിയറപ്രവര്‍ത്തകരുള്‍പ്പെടെ ഞെട്ടിപ്പോയി എന്ന് സേതു ഫേസ്ബുക്കില്‍ കുറിച്ചു.

ഡോക്യുമെന്ററികളിലൂടെ ശ്രദ്ധേയനായ ആശിഷ് അവികുന്തക് ആയിരുന്നു ‘നിരാകര്‍ ഛായാ’ എന്ന ചിത്രം സംവിധാനം ചെയ്തത്. മോലോലി മുഖര്‍ജി ആയിരുന്നു തിരക്കഥ രചിച്ചത്. പിന്നീട്‌ ‘ദംഗല്‍’ എന്ന ചിത്രത്തിന്റെ ക്യാമറമാനായ സേതു പാണ്ഡെ ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹകന്‍, ബണ്ഡിറ്റ് ക്വീന്റെ ന്റെ സഹ എഡിറ്ററായ പങ്കജ് ഋഷിധീറായിരുന്നു എഡിറ്റിങ്ങ്. ചിത്രം ന്യൂയോര്‍ക്കിലെ ഇന്തോ അമേരിക്കന്‍ ഫെസ്റ്റിവലില്‍ സംവിധാനത്തിനുള്ള അവാര്‍ഡ് പങ്കിടുകയും പ്രധാന വേഷം ചെയ്ത മന്ദിരയ്ക്ക് മികച്ച നടിയ്ക്കുളള പുരസ്‌കാരവും ലഭിച്ചിരുന്നു. സേതു തിരക്കഥ രചിച്ച് വേണു നായര്‍ സംവിധാനം ചെയ്ത ജലസമാധി എന്ന ചിത്രം ഇത്തവണ മേളയിലേക്ക് അയച്ചിരുന്നുവെങ്കിലും സെലക്ഷന്‍ ലഭിച്ചിരുന്നില്ല

സേതുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

IFFK യുടെ കോലാഹലം കഴിഞ്ഞ ശേഷം ചിലതൊക്കെ പറയാമെന്ന് കരുതി... ജലസമാധി എന്ന ചിത്രം തെരഞ്ഞെടുക്കപ്പെടാത്തതിൽ എനിക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഒരു സിനിമാ ക്കാരൻ അല്ലാത്തത് കൊണ്ട് ഇതിൽ തർക്കിക്കാനും താത്പര്യമില്ല. എന്തായാലും ഒരു മുൻകാല അനുഭവം വച്ച് ഇതിൽ യാതൊരു അതിശയവും തോന്നിയതുമില്ല.
കുറെ വർഷങ്ങൾക്ക് മുമ്പ് എന്റെ പാണ്ഡവപുരത്തെ ആസ്പദമാക്കി ആശിഷ് avikuntak ഒരു ബംഗാളി സിനിമ എടുത്തിരുന്നു. ആ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ചു തന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് പറഞ്ഞു അത് സിനിമയാക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞു വിളിച്ചപ്പോൾ അത് ഒഴിവാക്കാൻ ആവുന്നത്ര ശ്രമിച്ചു. കാരണം അത് മലയാളത്തിലാക്കിയപ്പോഴുള്ള അനുഭവം അങ്ങിനെയായിരുന്നു. പക്ഷെ നോവലിനെ ആസ്പദമാക്കി ഒരു സ്വതന്ത്ര ആവിഷ്കാരമായാലോ എന്ന് ചോദിച്ചപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല... ഇതിനിടയിൽ ഒരാഴ്ചക്കുള്ളിൽ ഇതിന്റെ ഇംഗ്ലീഷിലുള്ള വൺ ലൈൻ രൂപം മെയിലിൽ വന്നപ്പോൾ ഞാൻ അന്തം വിട്ടു പോയി. അതിന്റെ പുറകിലുള്ള ആഷിഷിന്റെ അർപ്പണ ബോധം എന്നെ കീഴ്‌പ്പെടുത്തി. പിന്നെയാണ് ആ ചെറുപ്പക്കാരനെപ്പറ്റി കൂടുതൽ മനസ്സിലാക്കിയത്. കൽക്കത്തയിൽ അമിത് ഗംഗാറിന്റെ നേതൃത്യത്തിലുള്ള നവ സിനിമയുടെയൊരു സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. പിന്നീട് അമേരിക്കയിലെ സ്റ്റാൻഫോർഡിൽ പഠിച്ചു ഒരു കോളേജിൽ ആർട്ടും തീയേറ്ററും പഠിപ്പിക്കാൻ തുടങ്ങി... ഞാൻ മുഴുവൻ സമ്മതം മൂളുന്നതിന് മുമ്പേ ഇംഗ്ലീഷിലുള്ള പൂർണ്ണമായ തിരക്കഥ എത്തി. നോവലിന്റെ ചട്ടക്കൂട് ആകെയൊന്ന് ഉടച്ചു വാർത്ത ആ രൂപത്തിൽ ഞാൻ വലിയൊരു കലാകാരനെ കണ്ടു. എന്റെ നോവലിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെയുള്ള ഒരു ട്രീറ്റ്മെന്റ് ആകാം എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ വികാരഭരിതനായ അദ്ദേഹം പറഞ്ഞത് ലോകത്തെ ഒരു എഴുത്തുകാരനും അങ്ങനെ പറയില്ലെന്നാണ്.
അങ്ങിനെ ആശിഷിന്റെയും ഭാര്യയുടെയും സ്റ്റൈപെൻഡ് മാത്രം വച്ചു ഷൂട്ടിംഗ് തുടങ്ങി. അത് കാണാൻ ഒരു ദിവസം കൽക്കത്തയിൽ പോയിരുന്നു. സേതു പാണ്ഡെ എന്ന ഇന്നത്തെ പ്രശസ്ത ബോളിവുഡ് ക്യാമറാമാനാണ് ക്യാമറ ചലിപ്പിച്ചത് ( അമീർഖാന്റെ ഡങ്കൽ ചെയ്തത് അദ്ദേഹമാണ് ) bandit queen ന്റെ സഹ എഡിറ്ററായ പങ്കജ് ഋഷിധീർ എഡിറ്റിംഗും ഒരു വിദേശ സംഗീതജ്ഞ സംഗീതവും ചെയ്തു. ഡോക്യുമെന്ററിയിൽ പ്രസിദ്ധനായ ആശിഷിന്റെ ആദ്യ ഫീച്ചർ പടത്തോട് സുഹൃത്തുക്കൾ സഹകരിക്കുകയായിരുന്നു. ലോക സിനിമയെപ്പറ്റി അസാമാന്യമായ അറിവുള്ള ഒരാളുടെ ശരിക്കും ഒരു പേഴ്സണലായ സിനിമ.
ഇത് കഴിഞ്ഞു ഇത് പ്രശസ്തമായ ലോകാർണോവിൽ പ്രീമിയർ ചെയ്തുവെന്ന് മാത്രമല്ല ഒട്ടേറെ വിദേശ ഫെസ്റ്റിവലുകളിൽ കാണിക്കുകയും ചെയ്തു. പോരാതെ ന്യൂയോർക്കിലെ ഇന്തോ അമേരിക്കൻ ഫെസ്റ്റിവലിൽ സംവിധാനത്തിനുള്ള അവാർഡ് പങ്കിട്ടുവെന്നു മാത്രമല്ല അതിലെ പ്രധാന വേഷം ചെയ്ത അറിയപ്പെടാത്ത ടീ വി നടിയായ മന്ദിരക്ക് പ്രധാന നടിയുടെ സമ്മാനവും കിട്ടി. (സ്വാഭാവികമായും അവിടത്തെ ജൂറിയിൽ ഒരൊറ്റ ഇന്ത്യക്കാരനും ഇല്ലായിരുന്നു !)

ഇതെല്ലാം കഴിഞ്ഞു നമ്മുടെ IFFK ക്ക് അയക്കാൻ ഞാനാണ് പറഞ്ഞത്. അവർ തിരസ്കരിച്ചപ്പോൾ ഞെട്ടിപ്പോയത് അതിന്റെ പുറകിൽ പ്രവർത്തിച്ചവരായിരുന്നു. ഇത് കഴിഞ്ഞു അതിന്റെ തിരക്കഥ തയ്യാറാക്കിയ moloy mukherjee എന്റെ വീട്ടിലും വന്നിരുന്നു. അപമാനിതനായ പോലെ അദ്ദേഹം തെല്ലൊരു ക്ഷോഭത്തോടെ സംസാരിച്ചപ്പോൾ ലോകാർണോവിനേക്കാൾ എത്രയോ മുകളിലാണ് നമ്മുടേതെന്ന് പറയേണ്ടി വന്നു.

(ആരോടും പരിഭവമില്ലാതെ)

‘തിരസ്‌കരിച്ചപ്പോള്‍ ഞെട്ടിപ്പോയി’ ; ഐഎഫ്എഫ്‌കെ തെരഞ്ഞെടുപ്പിനെതിരെ സേതു
ഐഎഫ്എഫ്‌കെയില്‍ പ്രതിഷേധത്തിന് സ്വതന്ത്ര സിനിമകളുടെ പുതിയ സംഘടന, തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന് ആവശ്യം

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സിനിമാ തെരഞ്ഞെടുപ്പ് ഇത്തവണ പല വിവാദങ്ങളും ഉയര്‍ത്തിയിരുന്നു. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളില്‍ തിയ്യേറ്റുറകളില്‍ റിലീസ് ചെയ്ത, ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്‌ലിക്‌സിലുമെല്ലാം ലഭ്യമായ സിനിമകളാണ് കൂടുതല്‍ എന്നതായിരുന്നു മേളയ്‌ക്കെതിരെ ഉയര്‍ന്ന് പ്രധാന ആരോപണം. സിനിമകളുടെ തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന ആവശ്യവുമായി സ്വതന്ത്ര ചലച്ചിത്ര കൂട്ടായ്മയും രൂപം കൊണ്ടിരുന്നു. സ്വതന്ത്ര സിനിമകളുടെ നിലനില്പ്പിനും പ്രചാരത്തിനുമായി സംവിധായകര്‍, സാങ്കേതിക വിദഗ്ധര്‍, വിമര്‍ശകര്‍്, ആസ്വാദകര് തുടങ്ങിയ വിവിധ മേഖലകളില് നിന്നുള്ളവര്‍ ചേര്‍ന്ന് പുതുതായി മൂവ്മെന്റ് ഫോര്‍ ഇന്ഡിപെന്ഡന്റ് സിനിമ (എം.ഐ.സി) എന്ന കൂട്ടായ്മയ്ക്കാണ് രൂപം നല്‍കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in