മുള്‍മുനയില്‍ ! ; ‘ജല്ലിക്കട്ട്’ അമ്പരപ്പിക്കുന്നതെന്ന് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ പ്രേക്ഷകര്‍

മുള്‍മുനയില്‍ ! ; ‘ജല്ലിക്കട്ട്’ അമ്പരപ്പിക്കുന്നതെന്ന് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ പ്രേക്ഷകര്‍

ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ജല്ലിക്കട്ടി’ന് വിഖ്യാതമായ ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം. സമകാലീന ലോക സിനിമാ വിഭാഗത്തില്‍ മത്സരിച്ച ജല്ലിക്കട്ട് അമ്പരപ്പിക്കുന്ന അനുഭവമെന്ന് പ്രേക്ഷകര്‍ ട്വീറ്റ് ചെയ്തു. ചിത്രത്തിന്റെ ആദ്യ സ്‌ക്രീനിങ്ങായിരുന്നു ഇന്നലെ ടൊറന്റോയില്‍ നടന്നത്.

ചിത്രം: ജിസ്‌നി 

ലിജോ ജോസ് പെല്ലിശേരി, ചിത്രത്തിന്റെ സഹരചയിതാവ് എസ് ഹരീഷ്, നായകവേഷത്തിലെത്തിയ ചെമ്പന്‍ വിനോദ് ജോസ്, ആന്റണി വര്‍ഗീസ്, ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയവര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അവലംബിച്ച് എസ് ഹരീഷും ആര്‍ ജയകുമാറും തിരക്കഥയെഴുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. ഒരു പോത്ത് കയര്‍ പൊട്ടിച്ചോടുന്നതും മലയോര ഗ്രാമത്തില്‍ തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് സിനിമ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഗംഭീരമാണെന്നും ഛായാഗ്രാഹണവും സൗണ്ട് ഡിസൈനുമെല്ലാം അമ്പരപ്പിക്കുന്നുവെല്ലാമാണ് ടൊറന്റോയില്‍ നിന്ന് ലഭിക്കുന്ന ആദ്യ പ്രതികരണങ്ങള്‍. പോത്ത് കയറ് പൊട്ടിച്ചോടുന്നതിനെ തുടര്‍ന്നുണ്ടാവുന്ന നിമിഷങ്ങള്‍ മുള്‍മുനയില്‍ നിര്‍ത്തുന്നതെന്നും പ്രേക്ഷകര്‍ കുറിച്ചു. ഗിരീഷ് ഗംഗാധരനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍.

അനുരാഗ് കശ്യപ്, ഗീതു മോഹന്‍ദാസ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ലിജോ മാജിക് വീണ്ടുമെന്നാണ് ഗീതു മോഹന്‍ദാസ് അഭിപ്രായപ്പെട്ടത്. ഔട്ട് സ്റ്റാന്‍ഡിംഗ് എന്നായിരുന്നു ദ ക്യു അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറഞ്ഞത്. കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രിക്‌സ് ജേതാവായ അറ്റ്‌ലാന്റിക്‌സ് കണ്ടംപററി വേള്‍ഡ് സിനിമാ വിഭാഗത്തില്‍ ജെല്ലിക്കട്ടിനൊപ്പം പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലൊന്നാണ്.

രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ഇമയൗ എന്ന സിനിമയ്ക്ക് ശേഷം പുറത്തുവരുന്ന ലിജോ പെല്ലിശേരി ചിത്രവുമാണ് ജെല്ലിക്കട്ട്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ അബ്ദുസമദ്, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ജെല്ലിക്കെട്ടിലെ പ്രധാന കഥാപാത്രങ്ങള്‍. തോമസ് പണിക്കര്‍ക്കൊപ്പം ലിജോ പെല്ലിശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് നിര്‍മ്മാണം. 91 മിനുട്ട് ആണ് സിനിമയുടെ ദൈര്‍ഘ്യം. 108 ലോക സിനിമകളാണ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്ളത്. ഫിലിം ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്ക് ശേഷം ഒക്്ടോബറോടെ സിനിമ തിയറ്ററുകളിലെത്തും.

മുള്‍മുനയില്‍ ! ; ‘ജല്ലിക്കട്ട്’ അമ്പരപ്പിക്കുന്നതെന്ന് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ പ്രേക്ഷകര്‍
‘ഭയങ്കര സന്തോഷണ്ട്, എല്ലാം അടിപൊളിയാര്‍ന്ന്’; വെനീസ് വേദിയില്‍ തൃശൂര്‍ ശൈലിയില്‍ നന്ദി പറഞ്ഞ് ‘ചോല’ നടന്‍ അഖില്‍

ഗീതു മോഹന്‍ദാസ് രചനയും സംവിധാനം നിര്‍വഹിച്ച നിവിന്‍ പോളി ചിത്രം മൂത്തോന്‍ ഇന്റര്‍നാഷനല്‍ പ്രിമിയര്‍ ടൊറന്റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലാണ്. സ്പെഷ്യല്‍ പ്രസന്റേഷന്‍ വിഭാഗത്തിലാണ മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്.ഗീതാഞ്ജലി റാവു സംവിധാനം ചെയ്ത ആനിമേറ്റഡ് ഫീച്ചര്‍ ബോംബെ റോസ് ഫെസ്റ്റിവലിലുണ്ട്. പ്രിയങ്കാ ചോപ്രയും ഫര്‍ഹാന്‍ അക്തറും പ്രധാന കഥാപാത്രങ്ങളായ ദ സ്‌കൈ ഇസ് പിങ്ക് ആണ് ടിഫ് സ്‌ക്രീന്‍ ചെയ്യുന്ന മറ്റൊരു ഇന്ത്യന്‍ സിനിമ.

Related Stories

No stories found.
logo
The Cue
www.thecue.in