മുഖ്യമന്ത്രി, മമ്മൂട്ടിയുടെ കടക്കല്‍ ചന്ദ്രനെ മാതൃകയാക്കണം, ആന്ധ്രമുഖ്യമന്ത്രിയോട് എം.പി

മുഖ്യമന്ത്രി, മമ്മൂട്ടിയുടെ കടക്കല്‍ ചന്ദ്രനെ മാതൃകയാക്കണം,
ആന്ധ്രമുഖ്യമന്ത്രിയോട് എം.പി

മമ്മൂട്ടി 'വണ്‍' എന്ന സിനിമയില്‍ അവതരിപ്പിച്ച കടക്കല്‍ ചന്ദ്രന്‍ എന്ന ആദര്‍ശവാനായ മുഖ്യമന്ത്രിയെ മാതൃകയാക്കണമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയോട് എം.പി രഘുരാമകൃഷ്ണ രാജു. നെറ്റ്ഫ്‌ളിക്‌സില്‍ 'വണ്‍' കണ്ട ശേഷമാണ് രഘുരാമകൃഷ്ണയുടെ ട്വീറ്റ്.

ആന്ധ്രയിലെ ജനങ്ങള്‍ സിനിമ കണ്ട് ആദര്‍ശവാനായ മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമെന്ന് മനസിലാക്കണമെന്നും ട്വീറ്റ്. ബോബി-സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ മാര്‍ച്ചിലാണ് തിയറ്ററുകളിലെത്തിയത്. ജനോപകാരികളല്ലാത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ റൈറ്റ് ടു റീ കാള്‍ നിയമം നിയമസഭയില്‍ പാസാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മമ്മൂട്ടിക്കൊപ്പം മുരളി ഗോപി, നിമിഷ സജയന്‍, ബിനു പപ്പു, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

കെ.രഘുരാമകൃഷ്ണ രാജുവിന്റെ ട്വീറ്റ്

മമ്മൂട്ടിയുടെ വണ്‍ എന്ന മലയാള സിനിമ ഇപ്പോള്‍ കണ്ടു. ആദര്‍ശവാനായ മുഖ്യമന്ത്രിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഈ സിനിമ കാണണമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയോടും ആന്ധ്രയിലെ ജനങ്ങളോടും നിര്‍ദേശിക്കുകയാണ്. എങ്ങനെയായിരിക്കണം ആദര്‍ശവാനായ മുഖ്യമന്ത്രിയെന്ന് ഈ സിനിമ കണ്ടാല്‍ മനസിലാകും. നിര്‍ബന്ധമായും വണ്‍ കാണുക.

ദുല്‍ഖര്‍ സല്‍മാനെയും വൈ.എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ രഘുരാമകൃഷ്ണ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്. തെലുങ്കില്‍ യാത്ര എന്ന സിനിമയില്‍ മമ്മൂട്ടി ജഗന്മോഹന്‍ റെഡ്ഡിയുടെ പിതാവ് കൂടിയായ മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖരറെഡ്ഡിയുടെ റോളിലെത്തിയിരുന്നു.

No stories found.
The Cue
www.thecue.in