ദേശി സൂപ്പര്‍ഹീറോ 'മിന്നല്‍ മുരളി' കര്‍ണാടകയില്‍, രണ്ടാം ഷെഡ്യൂളില്‍ ടൊവിനോ തോമസ്

ദേശി സൂപ്പര്‍ഹീറോ 'മിന്നല്‍ മുരളി' കര്‍ണാടകയില്‍, രണ്ടാം ഷെഡ്യൂളില്‍ ടൊവിനോ തോമസ്

ടൊവിനോ തോമസ് നായകനായ ബിഗ് ബജറ്റ് എന്റര്‍ടെയിനര്‍ മിന്നല്‍ മുരളി സെക്കന്‍ഡ് ഷെഡ്യൂള്‍ കര്‍ണാടകയില്‍ തുടങ്ങി. ടൊവിനോ തോമസ് സൂപ്പര്‍ ഹീറോ ലുക്കില്‍ ഒരു കെട്ടിടത്തിന് മുകളില്‍ നില്‍ക്കുന്ന ചിത്രം ലൊക്കേഷനില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ പ്രതീക്ഷ സൃഷ്ടിക്കുന്നതായിരുന്നു. മുഖം മറച്ച് ഓടുന്ന നായക കഥാപാത്രവും ഗ്രാമാന്തരീക്ഷവുമായിരുന്നു സിനിമയുടെ ആദ്യലുക്ക്. നാടന്‍ സൂപ്പര്‍ഹീറോയെ ആധാരമാക്കിയാണ് സിനിമ. വയനാട്ടിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്.

മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്‌ലിക്‌സ്- ലൂസിഫര്‍, ബാറ്റ്മാന്‍: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്‍മാന്‍ ഖാന്‍ നായകനായ സുല്‍ത്താന്‍ , എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്‌ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍.

ബാംഗ്ലൂര്‍ ഡേയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമയുമാണ് മിന്നല്‍ മുരളി. ആഷിക് അബു ചിത്രം നാരദന്റെ കൊച്ചി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടൊവിനോ തോമസ് ഒരു മാസത്തിലേറെ നീളുന്ന മിന്നല്‍ മുരളിയുടെ ഷൂട്ടിന് ജോയിന്‍ ചെയ്തത്. മനു അശോകന്‍ സംവിധാനം ചെയ്യുന്ന 'കാണെക്കാണേ', രോഹിത് വി.എസിന്റെ 'കള', സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'വഴക്ക്' എന്നിവയാണ് ടൊവിനോ തോമസിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.

മിന്നല്‍ മുരളിയില്‍ ടോവിനോ തോമസിനൊപ്പം, ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഫെമിന ജോര്‍ജ്, സ്‌നേഹ ബാബു, ഷെല്ലി നബു കുമാര്‍, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, സുര്‍ജിത്, ഹരിശ്രീ അശോകന്‍, മാമുക്കോയ, ബിജുക്കുട്ടന്‍ എന്നിവരും ഭാഗമാകുന്നുണ്ട്. മനു ജഗദാണ് മിന്നല്‍ മുരളിയുടെ പ്രൊഡക്ഷന്‍ ഡിസൈന്‍. ഷാന്‍ റഹ്മാന്റെ സംഗീതത്തിന് മനു മഞ്ജിതാണ് ഗാനരചന. അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവുമാണ് രചന. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യുവും, ആന്‍ഡ്രൂ ഡിക്രൂസ് വിഎഫ്എക്‌സ് സൂപ്പര്‍വൈസറുമാണ്. നിക്‌സണ്‍ ജോര്‍ജാണ് സൗണ്ട് ഡിസൈനര്‍. ഹസ്സന്‍ വണ്ടൂര്‍ മേക്കപ്പും, മെല്‍വി ജെ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്തിരിക്കുന്നു. കോസ്‌ററൂംസ് ഡിസൈന്‍ ചെയ്തിരിക്കുന്നത് ദീപാലി നൂറാണ്. പ്രതുല്‍ എന്‍ ടി ഒഫീഷ്യല്‍ പോസ്റ്റര്‍ ഡിസൈന്‍സും, പവി ശങ്കര്‍ കോണ്‍സെപ്‌റ് ആര്‍ട്ടും.

മിന്നല്‍ മുരളിക്ക് വേണ്ടി കാലടി മണപ്പുറത്ത് തയ്യാറാക്കിയ കൂറ്റന്‍ പള്ളിയുടെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ തകര്‍ത്തിരുന്നു. കൊവിഡ് ലോക്ക് ഡൗണ്‍ മൂലം ചിത്രീകരണം തടസപ്പെട്ട ഘട്ടത്തിലായിരുന്നു രാഷ്ട്രീയ ബജ്‌റംഗ് ദള്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സെറ്റ് അടിച്ചുതകര്‍ത്തിരുന്നത്. കുഞ്ഞിരാമായണം,ഗോദ എന്നീ സിനിമകള്‍ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മിന്നല്‍ മുരളി.

Related Stories

No stories found.
logo
The Cue
www.thecue.in