സിനിമ നിന്നപ്പോള്‍ വയറിംഗ് പണിക്ക് പോയ പ്രസാദേട്ടന്‍, ലൈറ്റ്മാന്റെ അപകടമരണത്തില്‍ വിങ്ങലോടെ സിനിമാലോകം
Film Events

സിനിമ നിന്നപ്പോള്‍ വയറിംഗ് പണിക്ക് പോയ പ്രസാദേട്ടന്‍, ലൈറ്റ്മാന്റെ അപകടമരണത്തില്‍ വിങ്ങലോടെ സിനിമാലോകം

THE CUE

THE CUE

മുന്‍നിര സിനിമകളിലടക്കം ലൈറ്റ് യൂണിറ്റില്‍ പ്രവര്‍ത്തിച്ച പ്രസാദിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലോടെ മലയാള സിനിമാ ലോകം. രജപുത്ര വിഷ്വല്‍ മീഡിയയുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ലൈറ്റ്മാനായിരുന്ന പ്രസാദ് കൊവിഡും ലോക്ക് ഡൗണും സിനിമാ മേഖല സ്തംഭിപ്പിച്ചപ്പോള്‍ ദിവസവേതനത്തിന് വയറിംഗ് ജോലിക്ക് പോയിരുന്നു. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ ഇലക്ട്രിക്കല്‍ ജോലിക്കിടെ ഷോക്കേറ്റായിരുന്നു മരണം. മോഹന്‍ലാല്‍,മമ്മൂട്ടി, പൃഥ്വിരാജ് ഉള്‍പ്പെടെ ഫേസ്ബുക്കില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംവിധായകന്‍ രതീഷ് യുകെ, നടന്‍ സുബീഷ് സുധി തുടങ്ങിയവര്‍ പ്രസാദുമായുള്ള ആത്മബന്ധത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

സുബീഷ് സുധി എഴുതിയത്

സിനിമയില്‍ എത്തിയ സമയം തൊട്ട് പ്രസാദേട്ടനുമായി ആത്മബന്ധം ഉണ്ടായിരുന്നു. ഒരു പയ്യന്നൂര്‍കാരന്‍ എന്ന നിലയിലും വടക്കന്‍ കേരളത്തില്‍ നിന്നും സിനിമ സ്വപ്നം കണ്ടു വന്ന ഒരാളെന്ന നിലയിലും പ്രസാദേട്ടന്‍ എന്നെ സ്വന്തം സഹോദരതുല്യം സ്‌നേഹിച്ചു. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നതോ, അല്ലെങ്കില്‍ ജൂനിയര്‍ ആര്‍ടിസ്റ്റോ ആയ ഒരാള്‍ക്ക് ഒരു ഇരിപ്പിടം കിട്ടുന്നത് വളരെ കുറവാണ്, പക്ഷെ ഞാന്‍ നില്‍ക്കുന്നത് കണ്ടാല്‍ പ്രസാദേട്ടന്‍ യൂണിറ്റിലുള്ള ഏതെങ്കിലും ഇരിക്കാന്‍ പറ്റിയ സൗകര്യം എനിക്ക് ഉണ്ടാക്കിത്തരുമായിരുന്നു. അത്രത്തോളം ആത്മബന്ധം പുലര്‍ത്തിയിരുന്ന ഒരാളാണ് പ്രസാദേട്ടന്‍. ഷൂട്ടിങ് സമയത്ത് യൂണിറ്റില്‍ ഉള്ള അംഗങ്ങള്‍ അതിരാവിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തണം ,അധികനേരം ഷൂട്ടിങ് ഉണ്ടെങ്കില്‍ കുറച്ചുനേരം മാത്രമേ ഉറങ്ങാന്‍ പറ്റുകയുള്ളൂ. എന്നാല്‍പോലും സ്വന്തം ആരോഗ്യത്തിനു വേണ്ടി ഒരു മണിക്കൂര്‍ മാറ്റിവെക്കുന്ന പ്രസാദ് ഏട്ടനെ ഞാന്‍ കണ്ടിട്ടുണ്ട്.നിരന്തരം ഞങ്ങള്‍ ഫോണില്‍ ബന്ധപ്പെടാറുണ്ട് ലോക്ക്ഡൗണിന്റെ സമയത്തും ഞാന്‍ പ്രസാദ് ഏട്ടനെ വിളിച്ച് സംസാരിച്ചപ്പോള്‍ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വന്നതേയുള്ളൂ എന്നൊക്കെ സംസാരിച്ചത് ആയിരുന്നു. അവസാനമായി പ്രസാദേട്ടന്‍ വിളിച്ചത് മൃദുല്‍ സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബത്തിന്റെ പോസ്റ്റര്‍ കണ്ട് അത് സിനിമ ആണോ എന്ന് അന്വേഷിക്കാന്‍ ആയിരുന്നു.

ഏതൊരു മലയാളിയുടേയും ഇപ്പോഴുള്ള അതെ മാനസികാവസ്ഥ തന്നെയായിരുന്നു പ്രസാദ് ഏട്ടന്റെയും ലോക് ഡൗണ്‍ കാരണം സിനിമ ഒന്നുമില്ല. കൊറോണ ഒക്കെ പോയി ഷൂട്ടിംഗ് ഒക്കെ തിരിച്ചു വരും എന്നുള്ള വിശ്വാസത്തോടുകൂടി അതിജീവിക്കാന്‍ വേണ്ടി വയറിങ്ങിന്റെ പണിക്ക് പോയതാണ് പ്രസാദേട്ടന്‍.

ഇന്ന് ഷോക്കേറ്റ് പ്രസാദേട്ടന്‍ നമ്മെ വിട്ടുപോയി.

ആദരാഞ്ജലികള്‍ പ്രസാദേട്ടാ. നിങ്ങള്‍ തന്ന ഇരിപ്പിടം എപ്പോഴും എന്റെ മനസ്സില്‍ ഉണ്ടാകും. അത്രയേ പറയാനുള്ളൂ

കണ്ണിനകത്തേക്കു ഒരു മരണത്തെയും പോകാൻ വിട്ടിട്ടില്ല . ഇന്നലെവരെ .. കണ്ണീർ തടുക്കും. പുറത്തേക്കൊഴുക്കും. നീ പോയത് കണ്ണറിയാതെ ചങ്കു തുളച്ച്‌ . REST IN PEACE

Posted by Ratheesh U K on Tuesday, August 11, 2020

ജയപ്രകാശ് പയ്യന്നൂര്‍ എഴുതിയത്‌

പ്രിയപ്പെട്ട അനുജൻ പ്രസാദിന് വിട 🌹🌹🌹

ഇന്നലെ പ്രസാദിന്റെ വിവരം അറിഞ്ഞത് വളരെ വൈകിയാണ്.കേട്ടിട്ട് ഇപ്പോളും വിശ്വസിക്കാൻ കഴിയുന്നില്ല. കുറെ സിനിമകളിൽ ഒന്നിച്ചു വർക്ക്‌ ചെയ്തിട്ടുണ്ട്. ഞാനും പ്രസാദും ഒരേ നാട്ടുകാർ. മിക്കദിവസങ്ങളിലും രാവിലെ ലൊക്കേഷനിൽ വന്നാൽ ഒന്നിച്ചിരുന്നു കുറെ സംസാരിക്കും. നമ്മുടെ പയ്യന്നൂരിലെ ഒരുപാട് കാര്യങ്ങൾ, പയ്യന്നൂർ പെരുമാളിന്റെ ആരാധന, തെരുവത്തെ പൂരം,പൊറാട്ട്, മീനമൃത്, കലശം എല്ലാത്തിനെ കുറിച്ചും പ്രസാദ് ഒരുപാട് ഇഷ്ടത്തോടെ പറഞ്ഞിട്ടുണ്ട്.തെരുവത്തെ കലാശത്തിനു എപ്പോളും പ്രസാദ് വരുണ്ടായിരുന്നു. ഞാൻ പയ്യന്നൂരിൽ വരുമ്പോൾ പെരുമാളേ തൊഴാൻ പോകുമ്പോൾ പ്രസാദും ഉണ്ടാകും. കാണുമ്പോളുള്ള ആ ചിരി മറക്കാൻ പറ്റുന്നില്ല പ്രിയ അനിയാ. എന്നെ ഒരുപാട് ഇഷ്ട്ടായിരുന്നു.എന്റെ പ്രിയപ്പെട്ട അനിയാ നിന്റെ ചിരി മറക്കാൻ പറ്റുന്നില്ലടാ. നീ നമ്മുടെ കൂടെ ഇല്ലാന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.പ്രസാദിന്റെ ആത്മാവിന് നിത്യശാന്തിയുണ്ടാവാൻ നമുക്ക് പ്രാർത്ഥിക്കാം.ആ വിയോഗത്തിൽ വിഷമിക്കുന്ന കുടുംബത്തിന് ധൈര്യം നൽകട്ടെ ദൈവമേ ..

The Cue
www.thecue.in