‘അടുത്ത സിനിമ ചെയ്യാത്തതെന്തേ?’,കട്ടയ്ക്ക് കൂടെ നിന്ന വേലായുധന്‍ കീഴില്ലം

‘അടുത്ത സിനിമ ചെയ്യാത്തതെന്തേ?’,കട്ടയ്ക്ക് കൂടെ നിന്ന വേലായുധന്‍ കീഴില്ലം

വസ്ത്രാലങ്കാരം വേലായുധം കീഴില്ലം എന്നത് സാങ്കേതിക പ്രവര്‍ത്തകരുടെ പേരുകള്‍ ഇന്നത്തെ പോലെ ആഘോഷിക്കപ്പെടാത്ത കാലം മുതല്‍ മലയാളി മനപാഠമാക്കിയ ടൈറ്റിലുകളില്‍ ഒന്നാണ്. കൊവിഡ് ലോക്ക് ഡൗണില്‍ ചലച്ചിത്രലോകം സ്തംഭിച്ച ഘട്ടത്തിലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച വസ്ത്രാലങ്കാര കലാകാരന്‍ വേലായുധന്‍ കീഴില്ലത്തിന്റെ വിയോഗം. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം.ഹൃദയാഘാതമാണ് മരണകാരണം. പെരുമ്പാവൂരിനടുത്ത് കീഴില്ലമാണ് ഇദ്ദേഹത്തിന്റെ സ്വദേശം. സ്ഥലനാമമായ കീഴില്ലം ഇദ്ദേഹം സ്വന്തം പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. മലയാള സിനിമയിലെ ഒട്ടു മിക്ക സംവിധായകരുടെ കൂടെയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്‌കാരം മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ലഭിച്ചു. കട്ടക്ക് കൂടെ നില്‍ക്കും എന്ന ഭംഗിവാക്ക് കൃത്യമായി നടപ്പാക്കിയ കലാകാരനായിരുന്നു വേലായുധന്‍ കീഴില്ലമെന്ന് സംവിധായകന്‍ ദീപു അന്തിക്കാട് അനുസ്മരിക്കുന്നു.

ദീപു അന്തിക്കാടിന്റെ അനുസ്മരണകുറിപ്പ്

വസ്ത്രാലങ്കാരം വേലായുധന്‍ കീഴില്ലം.

കുട്ടിക്കാലത്ത് തീയ്യറ്ററില്‍ സിനിമ കാണുമ്പോള്‍ സ്ഥിരം കാണുന്ന പേര്.

ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ വസ്ത്രാലങ്കാരത്തിന് ആ പേരു കാരന്‍ വന്നപ്പോള്‍ ഒരു ആരാധകനെ പോലെ സന്തോഷിച്ചു.

പരസ്യ ചിത്രങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ഒരുക്കുന്ന ബോംബയിലെ പ്രശ്‌സ്ത ഡിസൈനര്‍മാരേക്കാള്‍, കഥാപാത്രത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് വസ്ത്രങ്ങള്‍ തയ്യാറാക്കുവാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.

ലക്കി സ്റ്റാര്‍ സിനിമയില്‍ ജയറാം സിനിമക്കാര്‍ക്ക് വേണ്ടി ഡ്രസ്സ് തുന്നുന്ന ആളാണ്. അതുകൊണ്ട് അയാള്‍ ധരിക്കുന്ന എല്ലാ വസ്ത്രത്തിലും എന്തെങ്കിലും പ്രത്യേകത കാണും,ഷര്‍ട്ടിന് രണ്ട് പോക്കറ്റ്, ചൈനീസ് കോളര്‍ , കടും നിറമുള്ള പാന്റുകള്‍ എല്ലാം വേലായുധേട്ടന്റെ ആശയമായിരുന്നു.

ചെറിയ ചിലവില്‍ കുറഞ്ഞ സമയത്ത് വസ്ത്രങ്ങള്‍ ഒരുക്കാനുള്ള അദേഹത്തിന്റെ പരിചയ സമ്പത്ത് മലയാള സിനിമയ്ക്ക് വലിയ സഹായം തന്നെ ആയിരുന്നു.

സൗഹൃദങ്ങള്‍ നീണ്ട് നില്‍ക്കാത്ത സിനിമാ ലോകത്തിന് വിരുദ്ധമായി അദ്ദേഹം ഇടയ്ക്കിടെ വിളിക്കും.

നമ്മുടെ സിനിമ വിജയിച്ചതല്ലെ? എന്നിട്ടും അടുത്ത സിനിമ ചെയ്യാത്തതെന്തേ?

പരസ്യ ചിതങ്ങളെ തിരക്കാണ്. എങ്കിലും വൈകില്ല വേലായുധേട്ടാ, നമുക്ക് ചെയ്യാം,എന്റെസ്ഥിരം മറുപടി.

സിനിമകള്‍ അനൗണ്‍സ് ചെയ്യുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ സിനിമക്കാര്‍ ചേര്‍ക്കുന്ന ഒരു വാക്കുണ്ട് 'കട്ടയ്ക് കൂടെ നില്‍ക്കണം '. അത് വായിച്ച് എല്ലാവരും ലൈക്കടിച്ച് അവരുടെ വഴിക്ക് പോകും. അങ്ങനെ പോകാത്ത ഒരാള്‍ ഇന്ന് ഈ ലോകത്ത് നിന്ന് പിരിഞ്ഞ് പോയി.

എങ്കിലും എനിയ്ക്കുപ്പുണ്ട് ,അടുത്ത സിനിമക്കും. ഒരു വെള്ളിനൂല്‍ വെളിച്ചമായി അദ്ദേഹം കട്ടയ്ക് കൂടെ ഉണ്ടാകും.

ദീപു അന്തിക്കാട്
ദീപു അന്തിക്കാട്

Related Stories

No stories found.
logo
The Cue
www.thecue.in