മനസ്സിൽ പടരുന്ന രക്തസിന്ദൂരം

മനസ്സിൽ പടരുന്ന രക്തസിന്ദൂരം
Summary

ദേവിയുടെ സ്വത്വാന്വേഷണങ്ങൾ.സേതുവിന്റെ 'പാണ്ഡവപുരം ' പുതിയ കാലത്ത് നമ്മോടു പറയുന്നത്,മിഥുന്‍ സുരേന്ദ്രന്‍ എഴുതുന്നു

"അസ്വസ്ഥമായ മനസ്സുകളിൽ പാണ്ഡവപുരം രൂപം കൊള്ളുന്നു" എന്ന് സേതു ഈ നോവലിൽ ഒരിടത്ത് പറയുന്നുണ്ട്.ഭർത്താവാൽ ഉപേക്ഷിക്കപ്പെട്ട ദേവി എന്ന കഥാപാത്രത്തിന്റെ മനസ്സിന്റെ സഞ്ചാരപഥങ്ങളാണ് ഈ നോവൽ. അവൾ സ്വപ്നങ്ങൾ കൊണ്ട് നെയ്തെടുക്കുന്ന ഒരു വലയാണ് 'പാണ്ഡവപുരം '. 'ദ്രൗപതി ' എന്ന, പല ഭർത്താക്കൻമാരാൽ പങ്കുവയ്ക്കപ്പെട്ട പുരാണ കഥാപാത്രവും 'ദുർഗ്ഗ ' എന്ന മറ്റൊരു പുരാണ സങ്കൽപ്പവും നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്.സ്ത്രീ ജീവിതത്തിന്റെ അവസ്ഥകളിലെ പല രൂപാന്തരങ്ങളായി നമുക്കിതിനെ കാണാം.

നോവൽ രചനകളിൽ ,അതുപോലെ തന്നെ സാഹിത്യത്തിന്റെ മറ്റു പല രൂപങ്ങളിലും (geners) ഒക്കെ പുരാണ കഥകളിലെ കഥാപാത്രങ്ങളുമായി എഴുത്തുകാരൻ തന്റെ കഥാപാത്രങ്ങളെ ബന്ധിപ്പിക്കാൻ (link) നടത്തുന്ന ശ്രമങ്ങൾ നമുക്ക് കാണാം; നേരിട്ടല്ലെങ്കിലും ഇവിടെയും അതു കാണാം. അത് ഒരു പക്ഷെ ചില സമാനതകളിലൂടെയാകാം അല്ലെങ്കിൽ ഒരു പേരിലൂടെയാകാം. ഇതൊക്കെ ചിലപ്പോൾ വായനക്കാർ വായിച്ചെടുക്കുന്നതും ആകാം;പ്രത്യക്ഷമായി ചിലപ്പോൾ ചില നോവലുകളിൽ ഇത് കാണാൻ കഴിയില്ലെങ്കിലും.ഇതിന് ഒരു കാരണം വായനക്കാരെപ്പോലെ തന്നെ എഴുത്തുകാരനെയും ഇത്തരം കഥാപാത്രങ്ങൾ ആവേശിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ ഇത്തരം കഥാപാത്രങ്ങൾക്കുള്ള സമൂഹത്തിലുള്ള സ്വീകാര്യതയാവാം അതിനുള്ള കാരണം. അതിലൂടെ കൂടുതൽ ക്രിയാത്മകമായി വായനക്കാരന് പ്ലോട്ടിലേയ്ക്ക് കടന്നു പോകാം എന്ന ചിന്തയാകാം. എന്തായാലും കടുത്ത ഏകാന്തതയും ഒറ്റപ്പെടലും (alienation) അനുഭവിക്കുന്ന ,കവി വാരിപൂശുന്ന കടുത്ത വർണ്ണങ്ങൾക്കിടയിലും അവഗണനയുടെ നരച്ച ഇടങ്ങൾ അവശേഷിപ്പിച്ച ചിലർ വായനക്കാരന്റെ മനസ്സിലേയ്ക്ക് കടന്നു വരുന്നുണ്ട്. രാമകഥാന്ത്യം വാല്മീകി കൈ പിടിച്ച് രാമസദസ്സിലേയ്ക്ക് കൊണ്ടുവരുന്ന സീതയെപ്പോലെ. സിംഹാസനത്തിൽ അതീവ ദു:ഖിതനായി തല കുനിച്ചിരിക്കുന്ന രാമന്റെ മുൻപിൽ താണ് കേണുകൊണ്ട് തന്റെ 'പരിശുദ്ധി' തെളിയിക്കാൻ നിൽക്കാതെ ആ നിൽപ്പിൽ തന്നെ ആത്മഹൂതി ചെയ്ത 'സീത' എന്ന പുരാണ കഥാപാത്രം നേരിട്ടല്ലെങ്കിലും ഈ നോവലിലെ ഒരദൃശ്യ സാന്നിധ്യമാണ്.സേതുവിന്റെ ദേവി തന്റെ എല്ലാ നിസ്സഹായതകളുടെ കയങ്ങളിലും പ്രതിസന്ധികളുടെ ചതുപ്പുകളിലും തലയുയർത്തിപ്പിടിച്ച് നിൽക്കുന്നതായി തന്നെ നമുക്ക് കാണാം; ആശാന്റെ സീതയെപ്പോലെ. കുമാരനാശാനാൽ മലയാളത്തിൽ എഴുതപ്പെട്ട ഏറ്റവും മികച്ച ശ്ലോകങ്ങളിലൊന്നു കൊണ്ട് ഈ സന്ദർഭം അദ്ദേഹം തന്റെ കവിതയിൽ വിശദീകരിക്കുന്നു. ദേവി അതൊക്കെ നമ്മെ ഓർമ്മപ്പെടുത്തുന്നു ഈ നോവലിൽ.

ഗബ്രിയേൽ ഗാർസ്യ മാർക്കേസ് (Marquez) ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഒരു എഴുത്തുകാരൻ അവന്റെ ജീവിതത്തിൽ ശരിക്കും ഒരു കഥയേ എഴുതുന്നുള്ളൂ എന്നും മറ്റു കഥകളെല്ലാം ആദ്യമെഴുതിയ കഥകളുടെ അനുരണനങ്ങളാണ്(extension എന്ന് വേണമെങ്കിൽ പറയാം) എന്നും. ഇതിന്റെ വിശാലമായ അർത്ഥത്തിൽ ശരിക്കും മലയാളത്തിൽ ആശാന്റെ സീതയുടെ ഒരു extension ആണ് സേതുവിന്റെ ദേവി എന്നും പറയാം.

എഴുത്തുകാരൻ ഉപയോഗിക്കുന്ന ബിംബങ്ങൾ (symbols) കഥയുടെ ഗതിയിൽ നിർണ്ണായകമായ ഒരു പങ്ക് വഹിക്കാറുണ്ട് പലപ്പോഴും. ഈ നോവലിലും അത്തരം ബിംബങ്ങൾ അനവധിയാണ്. അവയിലൂടെ വായനക്കാരൻ കഥയുടെ സ്പന്ദനം തിരിച്ചറിയുകയും കഥാകൃത്ത് അനാവരണം ചെയ്യാൻ പോകുന്ന അത്യന്തം നാടകീയതയും വൈകാരികതയും നിറഞ്ഞ കഥാസന്ദർഭങ്ങൾ സ്വീകരിക്കാൻ വായനക്കാരന്റെ മനസ്സിനെ തയ്യാറാക്കുകയും അവനെ പ്രാപ്തനാക്കുകയും ചെയ്യുന്നു.പലപ്പോഴും ചില എഴുത്തുകാരുടെ കാര്യത്തിൽ ചില ബിംബവർണ്ണനകളിൽ ഇത്തരം ശ്രമങ്ങൾ അമ്പേ പാളിപ്പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. പക്ഷെ സേതു ഈ നോവലിൽ ഇക്കാര്യം വളരെ കൈയ്യടക്കത്തോടെയും അതീവ ചാരുതയോടെയും ചെയ്യുന്നു.നോവലിൽ തുടക്കത്തിലും ഒടുക്കത്തിലും ദേവി ആരെയോ കാത്തിരിക്കുന്ന, ഏറെക്കുറെ വിജനമായ റെയിൽവേ സ്‌റ്റേഷനും അവളുടെ വീടും ആ കഥാപാത്രം അനുഭവിക്കുന്ന മാസിക സംഘർഷങ്ങളുടേയും 'ഒറ്റപ്പെടൽ' (alienation) എന്ന അവസ്ഥയുടേയും നിശബ്ദതയുടേയും ഒക്കെ ഏകാന്തമായ തുരുത്തുകളാണ്.

സ്ത്രീകൾ അനുഭവിക്കുന്ന ഏകാന്തത എന്ന അവസ്ഥ പല കൃതികളിലും നമ്മൾ വായിച്ചിട്ടുണ്ട്; ഇപ്പോഴും വായിക്കുന്നുമുണ്ട്. വിഖ്യാത എഴുത്തുകാരിയായിരുന്ന മാർഗരറ്റ് ലോറൻസിന്റെ (Margaret Laurence) 'സ്റ്റോൺ ഏഞ്ചൽ' (Stone Angel - 1964) എന്ന കൃതിയിൽ നമ്മൾ ഇത് കണ്ടതാണ്.ഇതിൽ വളരെ പ്രായമേറിയ ഒരു സ്ത്രീ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങൾ മാർഗററ്റ് ലോറൻസ് വിവരിക്കുന്നു. ചുറ്റുമുള്ള ലോകത്ത് നിന്നും തന്നിൽ നിന്നും (ഈ രണ്ട് അവസ്ഥകളും 'ദേവി'യിൽ നമുക്ക് കാണാവുന്നതാണ്) ഒറ്റപ്പെട്ടു പോകുന്ന ഒരു സ്ത്രീയെ നമുക്ക് 'സ്റ്റോൺ ഏഞ്ചലിൽ ' കാണാം. ഈ കൃതിയിലെ സ്ത്രീയുടെ അവസ്ഥ വൈദ്യശാസ്ത്രം ആഴത്തിൽ ചർച്ച ചെയ്യുകയും അത് geriatrics കോഴ്സുകളിൽ കാനഡയിലെ ആശുപത്രികളിൽ പ്രായമേറിയ സ്ത്രീകളെ പരിചരിക്കുന്നതിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് അവിടുത്തെ യുവതികളായ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കാൻ ഉപയോഗിക്കുകയും ചെയ്തു.(മലയാള സാഹിത്യത്തിൽ പ്രായമുള്ള സ്ത്രീകളുടെ പ്രശ്നങ്ങൾ (ഉദാം - മെനപ്പോസ് എന്ന വൈകാരിക അവസ്ഥ) ചർച്ച ചെയ്ത കൃതികൾ കുറവാണ്. ഉണ്ണി.ആർ എഴുതിയ 'ആനന്ദമാർഗ്ഗം ' അത്തരം ഒരു കഥയാണ്.അതു പോലെ തന്നെ മലയാളത്തിൽ സ്ത്രീ ജീവിതത്തിന്റെ പല തരം വൈകാരികാനുഭവങ്ങൾ വായനക്കാരിലേയ്ക്ക് എത്തിച്ച എണ്ണപ്പെട്ട കൃതികളിൽ ഒന്നാണ് 'പാണ്ഡവപുരം '.

ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ 'ത്തിനു ശേഷം മലയാളനോവൽ രചനയുടെ ചരിത്രത്തെ രണ്ടായി പകുത്ത ഒരു നോവൽ എന്നു വേണമെങ്കിൽ 'പാണ്ഡവപുരത്തെ ' വിളിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ബംഗാളിയിൽ ഇത് ഒരു ചലച്ചിത്രമായി വന്നിട്ടുണ്ട്

സാഹിത്യം ജീവിതത്തിന്റെ ഒരു വ്യാഖ്യാനമെന്നോ ജീവിതത്തിൽ നിന്നും ഉണ്ടാകുന്നതോ എന്നു പറയാം. ഇവിടെ ചിലപ്പോ തിരിച്ചും സംഭവിക്കാം. സാഹിത്യത്തിലെ പലതും നേരിട്ട് തിരിച്ച് ജീവിതത്തിലേക്കിറങ്ങി വരികയോ അതിലിടപെടുകയോ ചെയ്യാം. സേതുവിന്റെ നോവലിലെ 'ദേവി' ആഴത്തിലുള്ള മനശാസ്ത്ര പഠനം അർഹിക്കുന്ന ഒരു കഥാപാത്രം ആണ്. മാർഗരറ്റ് ലോറൻസിന്റ 'ദി ഫയർ ഡ്വല്ലേഴ്സ്' (The Fire Dwellers) എന്ന കൃതിയും അനിതാ ദേശായിയുടെ 'വേർ ഷാൽ വീ ഗോ ദിസ് സമ്മർ' ( 'Where Shall We Go This Summer') എന്ന കൃതിയും ഒക്കെ സേതു 'പാണ്ഡവപുരത്തിൽ ' കൈകാര്യം ചെയ്യുന്ന വിഷയവുമായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ചേർത്തു വയ്ക്കാവുന്നതാണ്.സാഹിത്യത്തിൽ താരതമ്യ വായന വിജ്ഞാന മാർഗ്ഗത്തിന്റെ കാര്യത്തിൽ വലിയ ഒരു സാധ്യത തുറന്നിടുന്നുണ്ട്.ഇവയിലൊക്കെ സമൂഹവും വ്യക്തിയും തമ്മിലുള്ള ഒരു തരം സംഘർഷത്തിന്റെ പാത തെളിഞ്ഞു വരുന്നുണ്ട്.സമൂഹം എന്ന വാക്കിനേക്കാൾ ഇംഗ്ലീഷിലെ 'സിസ്റ്റം ' (System) എന്ന വാക്കാണ് കൂടുതൽ ചേരുക. System vs Individual എന്നു വേണമെങ്കിൽ പറയാം.ഇത്തരം സംഘർഷങ്ങൾ വ്യക്തിയെ ഒരു തരം ന്യൂറോസിസിലേക്ക് (Neurosis) തളളി വിടാം. (അൽബേർ കാമുവും(Albert Camus) കാഫ്കയും (Kafka)ഒക്കെ പണ്ടേയ്ക്ക് പണ്ടേ ഇത്തരം വിഷയങ്ങൾ സാഹിത്യത്തിലേയ്ക്ക് തുറന്ന് വിട്ടവരാണ്.സേതു ഈ alienation സ്ത്രീയുടെ കണ്ണിലൂടെ നോക്കിക്കണ്ടു എന്ന് പറയാം.) ഈ അവസ്ഥയിലുള്ള ഒരാൾ കാണുന്ന ഭ്രമ കല്പനകൾ അല്ലെങ്കിൽ മായക്കാഴ്ച്ചകൾ എന്ന രീതിയിൽ പാണ്ഡവപുരത്തിലെ ദേവിയുടെ അനുഭവങ്ങൾ വായിച്ചെടുക്കാം. നോവലിസ്റ്റ് പക്ഷെ അത് ആ രീതിയിൽ 'അവതരിപ്പിക്കുന്നില്ല'. സാധാരണ എഴുത്തിൽ കഥാകാരൻ അല്ലെങ്കിൽ നോവലിസ്റ്റ് മാറി നിന്ന് കഥ 'അവതരിപ്പിക്കുന്നു.' തിളപ്പിച്ച കൊഴുപ്പുള്ള പാല് തണുത്ത് കഴിയുമ്പോൾ മഞ്ഞ നിറത്തിലുള്ള നെയ്യിന്റെ പാട അതിന്റെ മേൽ അടിയും പോലെ നമുക്കത് കാണാം; കഥ വേറെ അവതരണം വേറെ എന്ന മട്ടിൽ.' പാണ്ഡവപുരത്തിൽ ' ആ ഒരു കാഴ്ചയില്ല. 'അവതരണം' 'കഥയിൽ' അലിഞ്ഞു ചേരുന്നു. ദേവിയുടെ കാഴ്ചകളിൽ അവതാരകൻ അദൃശ്യനായി മറയുന്നു.

മഞ്ഞപ്പുക തുപ്പുന്ന ഫാക്ടറികളുള്ള, മഞ്ഞ വെളിച്ചംചിതറുന്ന വിളക്കുകാലുകളുള്ള ,വിഷപ്പുക ശ്വസിച്ച് പഴുത്ത മുഖങ്ങളുള്ള ,കുടുംബങ്ങളിലെ സ്ത്രീകളെ നശിപ്പിക്കാൻ തക്കം പാർത്ത് നടക്കുന്ന ജാരൻമാരുള്ള, ജാരൻമാർ പുളയ്ക്കുന്ന 'പാണ്ഡവപുരം ' എന്ന സങ്കല്പ നഗരം (a fictitious city) ചിലപ്പോൾ ഒരു ദുഃശ്ശകുനമാണ്, മറ്റു ചിലപ്പോൾ ഒരാശ്വാസവും ഒരു സാധ്യതയുമാണ്..."stream of consciousness" എന്നൊക്കെ വിളിക്കപ്പെടുന്ന തരത്തിലുള്ള ക്രമരഹിതമായ മാനസ്സിക സഞ്ചാരങ്ങളുടെ പല വർണ്ണങ്ങളാൽ ചിതറിയ ഒരു സ്ഫടികപാത്രം പോലെ തോന്നും നമുക്ക് ഈ നോവൽ വായിക്കുമ്പോൾ. ലോക സാഹിത്യ ചരിത്രത്തിൽ ജെയിംസ് ജോയ്സും വിർജീനിയാ വൂൾഫും ഒക്കെ നമുക്ക് കാട്ടിത്തന്ന വിചിത്രമായ മാനസിക സഞ്ചാരങ്ങളുടെ ഒരു തുടർച്ച സേതുവിന്റെ 'പാണ്ഡവപുരം ' നമുക്ക് കാട്ടിത്തരുന്നുണ്ട്.ഒരു പക്ഷെ, ഒരു സ്ത്രീപക്ഷ രചന എന്ന നിലയിൽ അനേകം പരിഭാഷകളും പഠനങ്ങളും കൊണ്ട് പ്രസിദ്ധമായ ഇന്ത്യൻ നോവലുകളിൽ പ്രമുഖ സ്ഥാനം 'പാണ്ഡവപുര' ത്തിനുണ്ട്. ചിലപ്പോൾ ഒ.വി.വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ 'ത്തിനു ശേഷം മലയാളനോവൽ രചനയുടെ ചരിത്രത്തെ രണ്ടായി പകുത്ത ഒരു നോവൽ എന്നു വേണമെങ്കിൽ 'പാണ്ഡവപുരത്തെ ' വിളിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ബംഗാളിയിൽ ഇത് ഒരു ചലച്ചിത്രമായി വന്നിട്ടുണ്ട്.

ഈ നോവൽ നമ്മൾ വായിക്കുമ്പോൾ സംഭവിക്കുന്നത്, നമ്മൾ ചില സ്ഥലങ്ങളിൽ 'പാലംമുറിഞ്ഞ് ' താഴെ വീഴുന്നു എന്നതാണ്. അവിടെ ഭ്രമകല്പനകളുടെ പുതിയൊരു പാലം സേതു നമുക്കായി തീർത്തു വച്ചിട്ടുണ്ട്.. പിന്നീട് അതിലൂടെ നമുക്ക് നടക്കാം, ആ പാലവും പൊടന്നനെ മുറിഞ്ഞ് വീഴുംവരെ.. അങ്ങനെ അനേകം പാലങ്ങളിൽ വീണ് വായനക്കാരൻ പ്രയാണം തുടരുന്നു.. റെയിൽവേ സ്‌റ്റേഷനിൽ 'ജാരനെ ' കാത്തിരിക്കുന്ന ദേവിയിൽ തുടങ്ങുന്ന നോവൽ അങ്ങനെ തന്നെ അവസാനിക്കുന്നു.

'സദാചാരം' എന്ന് നമ്മൾ പൊതുവെ വിളിക്കുന്ന മാനസിക വൈകൃതം നോവലിൽ ഒരു അടരായി വായനക്കാരന് അനുഭവപ്പെടുന്നുണ്ട്. നമ്മുടെ നാട്ടിൽ നമ്മൾ കാണുന്ന 'സദാചാരം' ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്താൽ അത് 'sexual frustration' എന്നാവും. തനിക്ക് കിട്ടാത്തത് മറ്റൊരുവൻ അനുഭവിക്കുന്നതിലുള്ള വേദന എന്നു വേണമെങ്കിൽ അതിനെ വിളിക്കാം. പാണ്ഡവപുരത്തിലെ ദേവിയുടെ വീട്ടിൽ ഇടയ്ക്കിടെ വരുന്ന കാരണവര് ഈ അവസ്ഥയുടെ ഒരു പ്രതിഫലനമായി നോവലിൽ അലയുന്നു.പുരുഷാധിപത്യത്താൽ തകർന്ന ഒരു നാട്ടിൻപുറവും കൂട്ടുകുടുംബ വ്യവസ്ഥയും ഈ നോവലിലെ മറ്റൊരു വിഷയമാണ്. ഇത്തരം സമൂഹം സ്ത്രീയെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നത് വളരെ പ്രധാനമാണ്.

സദാചാരത്താലും പുരുഷാധിപത്യത്താലും മലിനമാക്കപ്പെട്ട ഒരു കേരളീയ നാട്ടിൻ പുറത്തിന്റെ ഒരു ചിത്രം കൂടിയാണ് ഈ നോവൽ.അടങ്ങാത്ത മനുഷ്യകാമനകളുടെ ഒരു തീനാമ്പ് ഈ നോവലിൽ എവിടേയും നമുക്ക് കാണാം." പാണ്ഡവപുരത്തെ തെരുവുകളിൽ ജാരൻമാർ പുളച്ചു നടക്കുന്നു" എന്ന വരികൾ ഒരു സൂചികയാണ്.. ദേവി തന്റെ ജാരനെ " ആവാഹിച്ച് " വരുത്തുന്നു എന്ന് നോവലിൽ പറയുന്നുണ്ട്.. എന്നിട്ട് ചുവന്ന തീജ്വാല പോലെയുളള ചേല ചുറ്റി ചുവന്ന സിന്ദൂരം തൂകി വന്ന് അവൾ അയാളെ തന്റെ കിടപ്പ്മുറിയിൽ വച്ച് തന്റെ വികാരാഗ്നിയാൽ ദഹിപ്പിക്കുന്നു.. ഇതിലെ ചില വർണ്ണനകൾ തീ പിടിപ്പിക്കുന്നവയാണ്.

ദേവി ജാരനോട് പറയുന്നു: "ഞാൻ പലപ്പോഴും തുറന്നിട്ട എന്റെ പിൻവാതിലിൽക്കൂടി ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞുകയറാനും പുരുഷന്റെ അഗ്നി എന്റെ ഞരമ്പുകളിലേക്കു പടർത്താനും ഭീരുവായ നിങ്ങൾക്കു കഴിവില്ലായിരുന്നു "..

മറ്റൊരിടത്ത് :"എനിക്ക് നിങ്ങളെ തോൽപ്പിക്കണം. കാല്ക്കീഴിലിട്ട് ചവിട്ടിയരയ്ക്കണം. നിങ്ങളുടെ നഗ്നശരീരത്തിൽ ദുർഗ്ഗയേപ്പോലെ നൃത്തമാടണം. നിങ്ങളുടെ ചോരയെടുത്ത് പൊട്ടു തൊടണം. നിങ്ങളുടെ കുടലുമാല കഴുത്തിലണിയണം.. നിങ്ങളുടേത് മാത്രമല്ല. നിങ്ങളേപ്പോലുള്ള ഓരോ പുരഷന്റേയും.. "... ഇതിൽ ദേവി ജാരനെ കീഴ്പ്പെടുത്തുന്ന രംഗം Sex ന്റെ മനോഹരമായ ഒരു തീക്കാഴ്ചയാണ്..

" അവളുടെ കണ്ണുകളിൽ തീ നാമ്പുകൾ പുളയുന്നുണ്ടായിരുന്നു. അയാളുടെ കൺമുമ്പിൽ ആ ചുവന്ന ജ്വാല ഉലഞ്ഞു. വിറച്ചു. നെറുകയിലെ സിന്ദൂരം പടർന്നു മുഖമാകെ ചുവന്നു.അവൾ മുടിക്കെട്ടഴിച്ചപ്പോൾ തെച്ചിപ്പൂക്കൾ കിടക്കയിൽ ചിതറി വീണു.അവളുടെ അപൂർവ്വമായ സുഗന്ധം മുറിയിലാകെ പരന്ന് ഒരാവരണമായി അയാളെ പൊതിഞ്ഞു.ആ കണ്ണുകളിൽ നിന്ന്, ചുണ്ടുകളിൽ നിന്ന്, ചിതറിയ ആസക്തിയുടെ തീപ്പൊരികൾ അയാൾക്ക് ചുറ്റും ഒരു ചിതയായി എരിഞ്ഞു.. "

ഇതിലെ ഉണ്ണി മേനോൻ എന്ന കഥാപാത്രം തികഞ്ഞ ഒരു ടിപ്പിക്കൽ ബോറൻ കാരണവരാണ്.. അസൂയയും, ആസക്തിയും, ബലഹീനതയും, ആഗ്രഹവുമൊക്കെ ' തറവാടിത്തം' എന്ന മറക്കുട കൊണ്ട് മറയ്ക്കുന്ന ഒരു പച്ച മനുഷ്യൻ.. നാട്ടിൻ പുറത്ത്കാരൻ..

പുരുഷാധിപത്യത്താൽ വലിഞ്ഞു മുറുകിയ, വറ്റിവരണ്ട ഇന്ത്യൻ സമൂഹത്തിന്റെ വെളിച്ചത്തിന്റെ മറുപുറമാണ് 'പാണ്ഡവപുരം '.അവിടെ സങ്കല്പങ്ങളുടെയും ആസക്തിയുടേയും സ്വാതന്ത്ര്യത്തിന്റെയും തീനാമ്പുകൾ വിടരാൻ വെമ്പി നിൽക്കുന്നു.

നോവൽ വായനയ്ക്കൊടുവിൽ എല്ലാ കഥാപാത്രങ്ങളും ജലരേഖകൾ പോലെ മാഞ്ഞു പോകുന്നു,റെയിൽവേ സ്‌റ്റേഷനിൽ ആരെയോ കാത്തിരിക്കുന്ന ദേവിയൊഴിച്ച്.. നമ്മുടെ മനസ്സുകളിൽ നീറുന്ന ദീർഘവിഷാദത്തിന്റെ ഒരു കണ്ണുനീർത്തുള്ളി അവശേഷിപ്പിച്ചു കൊണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in