തലകലക്കം

തലകലക്കം
തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്‌സിന്‍ പരാരി എഴുതിയ കഥ വായിക്കാം

ഈയിടെയായി കൊടും പ്രലോഭനശാലിയായ ദര്‍ശനങ്ങള്‍ ഇമവെട്ടലുകള്‍ക്കിടയിലെ നീണ്ട ഇരുള്‍ വേളകളില്‍ പടച്ചോന്‍ കനിഞ്ഞരുളിക്കൊണ്ടിരിക്കുന്നുണ്ട്. മുമ്പൊക്കെ ഇടക്കിടെ വരാറുള്ളത് ചീറിവന്ന് ഇടനെഞ്ചില്‍ തറക്കുന്ന സ്വര്‍ണ്ണപ്പിടിയുള്ള കഠാരയുടെ ദൃശ്യങ്ങളായിരുന്നു. പക്ഷെ, ഇപ്പോള്‍ അങ്ങനെയല്ല. അതിനേക്കാള്‍ ആശാവഹമായ സുന്ദര സങ്കല്‍പ്പലോകങ്ങളാണ്. ആലസ്യത്തിനും നിരുത്തരവാദിത്തത്തിനും അനന്തമായ അവസരങ്ങളുള്ള സുഖലോലുപരായ സ്വപ്നജീവികള്‍ക്ക് മാത്രമേ അത്തരത്തിലൊന്നു കാണാനുള്ള തൊഴിലില്ലായ്മ കാണൂ.

ഓകെ, ആ അനിതരസാധാരണമായ മഹാദര്‍ശനത്തിലേക്ക് വരാം.

ഇപ്പോള്‍, ഞാന്‍ കണ്ണടക്കുമ്പോളൊക്കെ എനിക്കും ഒട്ടും പരിചയമില്ലാത്ത എന്റെ ഒരു കിടപ്പുമുറിയിലേക്ക് വാതില്‍ തുറന്ന് പ്രവേശിക്കുകയാണ് ഞാന്‍. പുറം ലോകത്തെ, ശീലമായ കുഴമറിയില്‍ നിന്നും മടങ്ങി വന്ന ആ ഞാന്‍ കിടപ്പുമുറിയിലെത്തിയ ഉടനെ കഴുത്തില്‍ നിന്നും സ്വന്തം തലയൂരി ഒരു ഹാങ്ങറില്‍ തൂക്കി വച്ചു. തുലാസില്ലായ്മക്ക് അളക്കാനാവാത്തവിധം ഒരു ഭാരശൂന്യതയുടെ സ്വര്‍ഗീയ പ്രപഞ്ചത്തില്‍ ഞാനപ്പോള്‍ പ്രത്യക്ഷനായി. ഇവ്വിധം ഭാരരഹിതനായ എനിക്ക് പറക്കാന്‍ ഭൂമിതന്നെ മതിയായ ആകാശമായി തോന്നി. പകര്‍ന്നു നല്‍കപ്പെടാത്ത ഭാവനകളുടെ ധാര്‍മ്മികബാധ്യത ഒട്ടും എശാത്ത എന്നിലേക്ക് ഞാന്‍ പറന്നുകൊണ്ടിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പായി ശരിക്കുള്ള എന്റെ ഇമ വെട്ടല്‍ പ്രക്രിയ പൂര്‍ത്തിയാവുകയാണ്. അതാ ഹാങ്ങറില്‍ തൂക്കിയിട്ടിരുന്ന എന്റെ തല ആ ഞാന്‍ പുന:പ്രതിഷ്ഠിച്ചു കഴിഞ്ഞു. അതു വരെ ആ മുറിക്ക് ഉണ്ടായിരുന്നു എന്നു അയാള്‍ക്കും എനിക്കും അറിയാതിരുന്ന മറ്റൊരു വാതില്‍ തുറന്ന് പുറത്തിറങ്ങിയ അയാള്‍ ഒരു ബാല്‍ക്കണിയില്‍ പ്രത്യക്ഷനായി. പാതി കത്തിത്തീര്‍ന്ന ബീഡി അയാളുടെ ഇടതുകൈയിലെ വിരലുകള്‍ക്കിടയില്‍ ഞെരുങ്ങിയെരിയുന്നുണ്ട്. സ്വഭാവിക ലോകത്തിന്റെ അന്തസ്സാരശൂന്യതയുടെ പരപ്പിനെയും പെരുപ്പത്തിനെയും ഒന്ന് വിഹഗ വീക്ഷണം നടത്തി, അയാള്‍ ആഞ്ഞാഞ്ഞ് പുച്ഛത്തിന്റെ ബീഡിപ്പുക ഊതിക്കൊണ്ടിരിന്നു. ഫൂ.

എരിഞ്ഞൊടുങ്ങിയ കുറ്റി അയാളുടെ ഞൊടിയെറിയില്‍ തെറിച്ച് മലക്കം മറിഞ്ഞ് മറിഞ്ഞ് താഴേക്ക് പതിച്ചുകൊണ്ടിരുന്നു. അവസാനവട്ട കാഴ്ച്ചക്കായി അയാള്‍ തല നീട്ടിയപ്പോളേക്കും പുറകേന്ന് വന്ന ശൂ ശൂ വിളി അത് മുടക്കി. പാതിയടഞ്ഞും പാതി തുറന്നും ഇരിക്കുന്ന വാതില്‍ക്കല്‍ പാതിമറഞ്ഞ് നിക്കുന്ന ഒരു കസേരയാണ് ആ ശൂശുവിന്റെ മുതലാളിയെന്ന് തിരിഞ്ഞു. എവിടെയോ കണ്ട പരിചയം ഉണ്ടല്ലോ എന്ന തോന്നല്‍ ഉറപ്പ് വരുത്താനായി അയാള്‍ ജനല്‍ക്കമ്പികള്‍ക്കിടയിലൂടെ ഒരു ഏറുനോട്ടം പഠനമേശ ഉന്നം വച്ച് തൊടുത്തുവിട്ടു. ഏറെക്കാലമായി ചന്തി കൊടുക്കാതിരിന്നതില്‍ മനം മടുത്ത കസേര പരിഭവം പറയാന്‍ വേണ്ടി വരുന്നതായിരിക്കുമെന്ന സന്ദേശം പഠനമേശയില്‍ നിന്നും വാങ്ങി നോട്ടം തിരിച്ചെത്തി. കുറ്റബോധത്തെ ഒരു ഏങ്കോണിച്ച പഞ്ചാരച്ചിരികൊണ്ട് പൊതിഞ്ഞ് അയാള്‍ കസേരയോട് അടുത്തു വരാന്‍ പറഞ്ഞു. കാമുകനില്‍ നിന്നുമുള്ള ആദ്യ ആലിംഗനത്തിനുള്ള ക്ഷണം കിട്ടിയ ദാഹാര്‍ത്തയെ പോലെ കസേര നാലുകാലിലെ വിരലുകളിലൂന്നി കുതിച്ചു വന്നു. അയാള്‍ കസേരയുടെ കൈകള്‍ മുറുക്കെ പിടിച്ച് ചുമരിനോട് ചേര്‍ത്ത് വച്ചു. തന്റെ പുറംഭാഗത്തിന്റെ സ്പര്‍ശമേക്കാന്‍ കൊതിച്ചുകൊണ്ടുള്ള കസേരയുടെ കിതക്കുന്ന ശ്വാസത്തെ അയാള്‍ വാത്സല്യത്തോടെ നോക്കി. അയാളുടെ വിയര്‍പ്പുള്ള ഭാരം തന്റെ മേല്‍ അമര്‍ന്നതിന്റെ ആഹ്ലാദം നിലത്തോട് പങ്കുവച്ചത് ഇച്ചിരി ഉറക്കെയായിപ്പോയോ എന്ന ചമ്മല്‍ കസേരക്ക് വരാതിരിന്നില്ല. അയാള്‍ കാലുകള്‍ ബാല്‍ക്കണിയുടെ കൈക്കമ്പിയില്‍ നീട്ടിവച്ച് ക്രോസിലിരിപ്പായി. തലക്ക് താങ്ങായി ഇരുകൈകളും പിരടിയില്‍ കുറുകേ കോര്‍ത്ത് വച്ചു. അയാള്‍ക്ക് മുമ്പില്‍ തുറന്ന് നില്‍ക്കുന്ന പകലിന്റെ മുഴുവന്‍ അഹങ്കാരത്തിനുമെതിരെ അയാള്‍ തന്റെ കാഴ്ചയുടെ വാതിലുകള്‍ കൊട്ടിയടച്ചു.

വര/ അനുരാഗ് പുഷ്‌കരന്‍ 
വര/ അനുരാഗ് പുഷ്‌കരന്‍ 

പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നും റിവേഴ്‌സെടുക്കുകയായിരുന്ന എന്റെ കാറിന്റെ വിന്‍ഡ് ഷീല്‍ഡിലേക്ക് ചാടി ഒരു ബീഡിക്കുറ്റി ആത്മഹത്യ ചെയ്തു. ഔചിത്യബോധമില്ലാതെ ബീഡിയെ ചാടാന്‍ വിട്ടവനെ പരതുന്ന എന്റെ തലയെ മുകളിലേക്ക് ദിശകാണിച്ച് കഴുത്ത് സഹായിച്ചു. പത്താം നിലയിലെ ഒരു ബാല്‍ക്കണിയില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഒരു ജോഡി കാല്‍പാദത്തിന്റെ മുതലാളിയാണ് ഈ കൃത്യത്തിന്റെ ഉത്തരവാദി എന്ന് എനിക്ക് തിരിപാടുണ്ടായി. ആ കാലുകളോടുള്ള വിചിത്രമായ പരിചയത്തെ കുറിച്ചുള്ള ചിന്ത പത്താം നിലയിലെ ബാല്‍ക്കണിയോടുള്ള പരിചയത്തെ സ്മരിക്കുന്നതില്‍ നിന്നും എന്റെ സുബോധത്തെ വഴിതെറ്റിച്ചു. പത്താം നിലയിലെ ബാല്‍ക്കണി എന്നത് എന്റെ എണ്ണത്തില്‍ വന്ന പിഴവായേക്കാമെന്ന് ശാസിക്കുന്ന യുക്തിയോട് വായടക്കാന്‍ പറയുന്ന ഭാവനയെ, പേടി വഴക്ക് പറയാന്‍ തുടങ്ങിയപ്പോഴേക്കും കാറ് ഗേറ്റ് കടന്നു ദേശീയ പാതയിലെത്തി. ദേശീയപാതയിലെ ഭയാനകമായ ജനശൂന്യത ഒട്ടും അപ്രതീക്ഷിതമല്ലാതിരിന്നിട്ടും പേടിക്ക് കൂടുതല്‍ പേടിയായി. പുറത്തിറങ്ങാനുള്ള തീരുമാനത്തോട് കടുത്ത വിയോജിപ്പുണ്ടായിരുന്ന യുക്തി, പുച്ഛത്തോടെ ഭാവനയെയും പേടിയെയും നോക്കി കോക്രി കാണിച്ചു. അകാരണമായി കര്‍ഫ്യൂ ലംഘിച്ചേക്കാവുന്ന സാഹസികരെ തടയാനായി യൂണിഫോമിട്ട് കാവലിരിക്കുന്നവരെ കണ്ടപ്പോള്‍ മടുപ്പിന് ദേഷ്യം കലശലായി. ഇനിയൊരു വര്‍ത്താനത്തിനുള്ള ബാല്യം അവശേഷിക്കാത്തതിനാല്‍ പേശീബലങ്ങള്‍ കാറിന്റെ വളയത്തിലും ബ്രേക്കിലും ആക്‌സിലറേറ്ററിലും മാത്രം പ്രയോഗിക്കാനുള്ള മനശ്ശാന്തിയുടെ നിര്‍ദ്ദേശത്തെ ഞാന്‍ ആദരവോടെ അനുസരിച്ചു. യൂ ടേണെടുക്കുന്ന കാറിന്റെ താളത്തിനോടൊപ്പം നീങ്ങുന്ന ആത്മഹത്യ ചെയ്ത ബീഡിക്കുറ്റിയുടെ ശവം കണ്ണിറുക്കി കളിയാക്കിയോ എന്ന തോന്നല്‍ എനിക്കിഷ്ടപ്പെട്ടതു കൊണ്ട് മാത്രം തള്ളിക്കളയാന്‍ തോന്നിയില്ല.

മനംമറന്നുള്ള ചുംബനത്തില്‍ ലയിച്ചിരിക്കുകയായിരുന്ന തന്റെ രണ്ടു ജോഡി കണ്‍പോളകള്‍ പെട്ടെന്ന് ഞെട്ടിമാറിയതിന്റെ കാരണം തേടിയപ്പോളാണ് പത്താം നിലയിലെ ബാല്‍ക്കണിയിലുള്ളയാള്‍ക്ക് അകത്ത് ആള്‍പെരുമാറ്റം ഉള്ളത് അറിയാനായത്. അയാള്‍ കസേരയുടെ ലോലഹൃദയത്തെ വേദനിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് ചന്തിയുയര്‍ത്തി. തനിക്കുമേല്‍ ആ പൃഷ്ടം അവശേഷിപ്പിച്ച ചൂടിന്റെ സുഖത്തില്‍ കസേര സുസ്‌മേരവദനയായി തന്നെ അവിടെ നിലകൊണ്ടു. ബാല്‍ക്കണിയില്‍ നിന്നുള്ള വാതിലിലൂടെ കിടപ്പുമുറിയുടെ അകത്തേക്ക് കയറിയ അയാള്‍, ഹാളില്‍ നിന്നും കിടപ്പുമുറിയിലേക്കുള്ള വാതിലിലുടെ കയറിവന്ന അയാളെ തന്നെ കണ്ട് ഞെട്ടിത്തരിച്ചു. തന്റെ കണ്‍പോളകളെ ചുംബനത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയ ആ ആള്‍പ്പെരുമാറ്റത്തിന്റെ ആള്‍ അയാള്‍ തന്നെയായിരുന്നോ എന്നതിനെ പറ്റി ചിന്തിക്കാനാവുന്നതിനു മുന്നേ തന്നെ അയാളുടെ ക്രോധം ആള്‍പ്പെരുമാറ്റത്തിന്റെ ആളിലേക്ക് ചെന്ന് കൊണ്ടു.

ഹാളില്‍ നിന്നും കിടപ്പുമുറിയിലേക്ക് കയറിയ ഞാന്‍ ബാല്‍ക്കണിയില്‍ നിന്നും കിടപ്പുമുറിയിലേക്ക് വരുന്ന എന്നെ കണ്ട് സ്തബ്ധനായി നില്‍ക്കുകയാണപ്പോള്‍. അഭിമുഖം നില്‍ക്കുന്ന എന്റെ പ്രതിരൂപത്തിന്റെ കോപം എന്റെ കോപത്തെ തോല്‍പ്പിക്കുന്നത് ഞാന്‍ ഭയപ്പാടോടെ അറിഞ്ഞു. ഈ അധിനിവേശകനെ തുരത്താന്‍ എന്നോടൊപ്പം നില്‍ക്കണമേ എന്ന് ഞാന്‍ കിടപ്പുമുറിയോട് അപേക്ഷിച്ചപ്പോള്‍ മറുപടിയായി ലഭിച്ച മൗനം എന്നെ ദുര്‍ബലനാക്കി. ഒരുക്കപ്പെടാത്ത കിടക്കവിരികളും വിടര്‍ത്തപ്പെടാത്ത ജനാലവിരികളും വായിക്കപ്പെടാത്ത പുസ്തങ്ങളും എഴുതപ്പെടാത്ത വെള്ളക്കടലാസുകളും അക്ഷരങ്ങളും പേനകളും മഷിക്കുപ്പിയും എല്ലാം അയാളോട് കൂറുള്ള മൗനത്തോടെ എന്നെ നോക്കി നിപ്പായി. അയാളുടെ തൊട്ടുപിറകിലേക്ക് പ്രണയച്ചുവടുകളോട് വന്ന് ചേര്‍ന്ന് എന്നെ കുറ്റബോധമില്ലാതെ നോക്കിനില്‍ക്കുന്ന കസേരയെ കണ്ട് എന്റെ ഹൃദയം പൊട്ടി. പുറകില്‍ വന്ന് എന്നെ പെട്ടെന്ന് കെട്ടിപ്പിടിച്ച അന്യതാബോധം എന്നോട് സ്‌നേഹത്തോടെ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. അനുസരണയുള്ള കിടാവിനെ പോലെ ധൃതിയില്‍ ഞാന്‍ അവിടം വിട്ടിറങ്ങി. പുറത്തെ കര്‍ഫ്യൂ, പരക്കുന്ന മഹാമാരി എന്നൊക്കെ കാറിക്കൊണ്ടിരിക്കുന്ന കാറിന്റെ കീയെ എന്റെ ചെവികള്‍ നിഷ്‌കരുണം അവഗണിച്ചുകൊണ്ടേയിരുന്നു. യുക്തിയും ഭാവനയും പേടിയും മനശാന്തിയും ഒന്നും ഇപ്രവാശ്യം സംവാദത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. ഡ്രൈവിംഹ് സീറ്റില്‍ കയറിയിരിക്കും വരെ എന്നെ ആനയിച്ച അന്യതാബോധത്തോട് ഗ്ലാസ് താഴ്ത്തി യാത്ര പറഞ്ഞ് ഞാന്‍ കാര്‍ സ്റ്റാര്‍ട്ടാക്കി.

പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നും റിവേഴ്‌സെടുക്കുകയായിരുന്ന എന്റെ കാറിന്റെ വിന്റ്ഷീല്‍ഡിലേക്ക് ചാടി മറ്റൊരു ബീഡിക്കുറ്റി ആത്മഹത്യ ചെയ്തു.

Muhsin Parai
Muhsin Parai

വര: അനുരാഗ് പുഷ്‌കരന്‍

Related Stories

No stories found.
logo
The Cue
www.thecue.in