'യുവത്വം ഈ നാടിനെ മാറ്റുന്നതില്‍ ഭയപ്പെട്ടിട്ട് കാര്യമില്ല'; ആരാണ് ചിലിയുടെ അമരത്തെത്തിയ ഗബ്രിയേല്‍ ബോറിക്?

'യുവത്വം ഈ നാടിനെ മാറ്റുന്നതില്‍ ഭയപ്പെട്ടിട്ട് കാര്യമില്ല'; ആരാണ് ചിലിയുടെ അമരത്തെത്തിയ ഗബ്രിയേല്‍ ബോറിക്?
Summary

'നിയോ ലിബറിസത്തിന്റെ തൊട്ടില്‍ ചിലിയാണെങ്കില്‍ അതിന്റെ ശവകല്ലറയും ഇവിടെ തന്നെയായിരിക്കും'' ഗബ്രിയേല്‍ ബോറിക്

ചിലിയിലെ അസമത്വങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കുന്നതിനുമായി പത്തുവര്‍ഷത്തിലധികമായി നീളുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ അമരത്ത് ഗബ്രിയേല്‍ ബോറിക് എന്ന വിദ്യാര്‍ത്ഥി നേതാവ് ഉണ്ടായിരുന്നു. ഇന്ന് ചരിത്ര ഭൂരിപക്ഷവുമായി ആ നേതാവ് ചിലിയുടെ പ്രസിഡന്റായി വിജയിച്ചിരിക്കുകയാണ്.

സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുന്നതിനായി നടത്തിയ ലെഫ്റ്റിസ്റ്റ് ഗ്രൂപ്പിലെ പ്രാഥമിക തെരഞ്ഞെടുപ്പില്‍ 60 ശതമാനത്തോളം വോട്ടുകള്‍ക്ക് വിജയിച്ചതിന് ശേഷം ബോറിക് ഇങ്ങനെ പറഞ്ഞു; 'യുവത്വം രാജ്യത്തെ മാറ്റിമറിക്കുന്നത് കണ്ട് ഭയപ്പെട്ടിട്ട് കാര്യമില്ല, നിയോ ലിബറിസത്തിന്റെ തൊട്ടില്‍ ചിലിയാണെങ്കില്‍ അതിന്റെ ശവകല്ലറയും ഇവിടെ തന്നെയായിരിക്കും'.

1986 ഫെബ്രുവരി 11ന് ചിലിയുടെ തെക്ക് പൂന്റ അറീനാസിലാണ് ബോറികിന്റെ ജനനം. ചിലി യൂണിവേഴ്‌സിറ്റിയ്ക്ക് കീഴിലെ ലോ സ്‌കൂളിലെ നിയമ വിദ്യാര്‍ത്ഥിയായിരുന്നു ബോറിക്. 2012ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിലി സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രസിഡന്റും.

ചിലിയിലെ 2011-2013 വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളിലെ നേതൃമുഖങ്ങളിലൊരാള്‍ കൂടിയായിരുന്നു ഗബ്രിയേല്‍ ബോറിക് എന്ന വിദ്യാര്‍ത്ഥി നേതാവ്. നല്ല വിദ്യാഭ്യാസം നല്‍കുക എന്ന ആവശ്യമുയര്‍ത്തിയായിരുന്നു അന്ന് ചിലിയില്‍ പ്രക്ഷോഭം ആരംഭിച്ചത്. ചിലിയുടെ നിയോലിബറല്‍ കച്ചവട താത്പര്യ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭമായി അത് മാറുകയും ചെയ്തു. ചിലിയുടെ നിയോലിബറല്‍ കച്ചവട താത്പര്യ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭമായി അത് മാറുകയും ചെയ്തു.

2019ല്‍ പൊട്ടി പുറപ്പെട്ട പൗരപ്രക്ഷോഭങ്ങളിലും മുന്‍ നിരയിലുണ്ടായിരുന്നു ബോറിക്. ഭരണഘടന ഉടച്ചുവാര്‍ക്കുക, വിദ്യാഭ്യാസ കടം എഴുതിത്തള്ളുക, പെന്‍ഷന്‍ പുനഃസ്ഥാപിക്കുക തുടങ്ങി സുപ്രധാന ആവശ്യങ്ങളുന്നയിച്ചുകൊണ്ടായിരുന്നു ആ സമരം. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായാണ് അത് കണക്കാക്കപ്പെടുന്നത്.

2021ല്‍ ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ഗബ്രിയേലിനെ പ്രഖ്യാപിച്ചു. ഡിസംബര്‍ 19ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ നേതാവായ ജോസ് അന്റോണിയോ കാസ്റ്റിനെ 12 ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബോറിക് പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പില്‍ ആകെ 99.95 ശതമാനമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 55.87 ശതമാനം വോട്ടാണ് ബോറിക് നേടിയത്. കാസ്റ്റിന് 44.13 ശതമാനം മാത്രമാണ് നേടാനായത്. ചിലിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് ബോറികിന്റെ വിജയമെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ചരിത്രം നമ്മില്‍ നിന്നല്ല തുടങ്ങുന്നതെന്ന് എനിക്കറിയാം,' എന്നായിരുന്നു ബോറിക് വിജയ പ്രഖ്യാപന വേളയില്‍ പറഞ്ഞത്. പക്ഷെ ചരിത്രം കുറിച്ചുകൊണ്ടാണ് ബോറിക് ചിലിയുടെ പ്രസിഡന്റാകാനൊരുങ്ങുന്നത്.

ലാറ്റിന്‍ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്, ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ നേതാവ് എന്നിങ്ങനെയുള്ള പ്രത്യേകതകളുണ്ട് ബോറികിന്.

ഒരുകാലത്ത് ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും സ്ഥിരതയുള്ള രാജ്യമായിരുന്നു ചിലിയെങ്കില്‍ ഇപ്പോള്‍ വലിയ തോതില്‍ സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന രാജ്യമാണിത്.

രാജ്യത്തെ സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ ചിലിയുടെ പെന്‍ഷനും ആരോഗ്യ സംവിധാനവും തിരിച്ചു കൊണ്ടുവരുമെന്നും ജോലി സമയം ആഴ്ചയില്‍ 45 എന്നത് 40 മണിക്കൂറാക്കി ചുരുക്കുമെന്നും ബോറിക് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ചിലിയുടെ അസമത്വത്തിന്റെ ഭാരം ഇനിയും പാവപ്പെട്ടവന്റെ ചുമലില്‍ ചാര്‍ത്താന്‍ അനുവദിക്കില്ലെന്നാണ് ബോറികിന്റെ വാക്കുകള്‍.

ലിബറല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായ നാഷണല്‍ റിന്യൂവല്‍ പാര്‍ട്ടി അംഗമായ സെബാസ്റ്റ്യന്‍ പിനേരയാണ് നിലവില്‍ ചിലിയുടെ പ്രസിഡന്റ്. 2018 മുതല്‍ ചിലിയുടെ പ്രസിഡന്റാണ്. പിനേരയുടെ സര്‍ക്കാരിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെയുള്ള പ്രക്ഷോഭങ്ങളുടെ നേതൃത്വമാണ് ഗബ്രിയേലിനെ കൂടൂതല്‍ ജനകീയനാക്കിയത്.

നിങ്ങളെനിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും, ഞാന്‍ എല്ലാവരുടെയും പ്രസിഡന്റ് ആയിരിക്കും. മുന്നിലുള്ള എല്ലാ വെല്ലുവിളികളെയും എന്നെക്കൊണ്ടാവുന്നത് പോലെ ഞാന്‍ നേരിടും,' എന്നാണ് നിലവിലെ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേരയുമൊത്തുള്ള സംഭാഷണത്തില്‍ ബോറിക് പറഞ്ഞത്.

'അവകാശങ്ങളെ അവകാശങ്ങളായി തന്നെ കാണണമെന്ന് ആവശ്യപ്പെടുന്ന ഒരു പുതു തലമുറയാണ് നമ്മുടേത്,' എന്ന് ബോറിക് പറയുമ്പോള്‍ അതില്‍ ഒരു മുന്‍ വിദ്യാര്‍ത്ഥി നേതാവിന്റെ നീണ്ട പോരാട്ടങ്ങളുടെ ചരിത്രമുണ്ട്. ഒപ്പം ഗബ്രിയേലിന് ചിലിയില്‍ നടപ്പാക്കി കാണിക്കാനുള്ള വെല്ലുവിളികളുടെ നീണ്ട പട്ടികയും.

Related Stories

No stories found.
logo
The Cue
www.thecue.in