എന്താണ് ഹാഷ് വാല്യൂ; കേസ് അന്വേഷണത്തില്‍ എന്താണ് പ്രാധാന്യം

എന്താണ് ഹാഷ് വാല്യൂ; കേസ് അന്വേഷണത്തില്‍ എന്താണ് പ്രാധാന്യം

കഴിഞ്ഞ കുറച്ച് നാളുകളായി പല കേസുകളുടെയും അന്വേഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു വാക്കാണ് ഹാഷ് വാല്യൂ. എന്നാല്‍ ഈ ഹാഷ് വാല്യു എന്താണെന്നോ ഇതിന്റെ പ്രാധാന്യം എന്താണെന്നോ നമ്മളില്‍ പലര്‍ക്കും ഇപ്പോഴും വലിയ ധാരണ കാണില്ല.

ഒരു കേസുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെടുമ്പോള്‍ അതിന്റെ ആധികാരികത വളരെ പ്രധാനമാണ്. കാരണം ഇത്തരം തെളിവുകളില്‍ കൃത്രിമം നടത്താന്‍ സാധ്യത കൂടുതലാണ്. ഇവിടെയാണ് സൈബര്‍ ഫൊറന്‍സിക്കിന്റെയും ഹാഷ് വാല്യൂവിന്റെയും പ്രാധാന്യം. ഹാഷ് വാല്യൂ എന്താണെന്ന് അറിയുന്നതിന് മുമ്പ് ഹാഷിംഗ് എന്താണെന്ന് അറിയണം.

ഒരു കേസന്വേഷണത്തില്‍ സാധാരണ തെളിവുകള്‍ ശേഖരിക്കുന്നത് പോലെയല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതും അവ സൂക്ഷിക്കുന്നതും. ഉദാഹരണത്തിന് ഒരു ക്രൈം നടന്ന സ്പോട്ടില്‍ നിന്ന് ശേഖരിക്കുന്ന വിരലടയാളമോ തലമുടിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിധത്തിലുള്ള ഫിസിക്കല്‍ തെളുവുകളോ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുന്നത് അവ പ്രത്യക്ഷമായി വിശകലനംചെയ്തിട്ടാണ്. ഇവയിലൊക്കെ തന്നെ സാങ്കേതികമായി ഏതെങ്കിലും വിധത്തിലുള്ള കൃത്രിമം കാണിക്കാനുള്ള സാധ്യത വളരെ കുറവാണ്.

എന്നാല്‍ ഡിജിറ്റല്‍ തെളിവുകളുടെ കാര്യം അങ്ങനെയല്ല. അവ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ശേഖരിക്കപ്പെടുന്നവയാണ്. അതുകൊണ്ട് തന്നെ ഇവ ഏതുസമയത്തും പ്രത്യക്ഷമായല്ലാതെത്തന്നെ നശിപ്പിക്കാനോ കേടുവരുത്താനോ തിരുത്താനോ കൂട്ടിച്ചേര്‍ക്കാനോ കഴിയും. അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി സൈബര്‍ ഫൊറന്‍സിക് സംഘം ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഹാഷിങ്.

ഉദാഹരണം പറഞ്ഞാല്‍, ഒരു കൊലപാതക കേസില്‍ തെളിവ് സി.സി.ടി.വി ദൃശ്യങ്ങളാണെന്ന് കരുതുക. ആ ദൃശ്യങ്ങള്‍ നമുക്ക് കോടതിയില്‍ സമര്‍പ്പിക്കണം. ഈ ദൃശ്യങ്ങളില്‍ ആരെങ്കിലും പിന്നീട് ഏതെങ്കിലും വിധത്തിലുള്ള മാറ്റം വരുത്തിയാല്‍ അതിന്റെ ആധികാരികത നഷ്ടമാകും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് ഹാഷിംഗ് ചെയ്യുന്നത്.

തെളിവായി സമര്‍പ്പിക്കേണ്ട ദൃശ്യങ്ങള്‍ അടങ്ങിയ സി.സി.ടി.വി ഡിസ്‌ക് ഊരിയെടുത്ത് അത് ഫൊറന്‍സിക് സോഫ്‌റ്റ്വെയര്‍ സ്ഥാപിച്ചിരിക്കുന്ന ഒരു കംപ്യൂട്ടറിലേക്ക് കണക്ട് ചെയ്യും. ഈ കമ്പ്യൂട്ടറില്‍ നിര്‍ബന്ധമായും റൈറ്റ് ബ്ലോക്കര്‍ ഉണ്ടായിരിക്കണം. ഇല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് പിന്നീട് പറയാം. അപ്പോള്‍ ഈ കംപ്യൂട്ടറില്‍ സ്ഥാപിച്ചിരിക്കുന്ന ഫൊറന്‍സിക് സോഫ്‌റ്റ്വേര്‍ സി.സി.ടി.വി. ഡിസ്‌കിലെ വീഡിയോ മുഴുവന്‍ വായിച്ചുമനസ്സിലാക്കുകയും ആ വീഡിയോക്ക് ഒരു യുണീക്ക് ഐഡന്റിഫിക്കേഷന്‍ കോഡ് നല്‍കുകയും ചെയ്യും. ഇംഗ്ലീഷ് അക്ഷരങ്ങളും നമ്പറുകളും ചേര്‍ന്നതായിരിക്കും ഈ കോഡ്. ഈ കോഡിനെയാണ് ഹാഷ് വാല്യൂ എന്ന് പറയുന്നത്.

ഇനി നേരത്തെ പറഞ്ഞ റൈറ്റ് ബ്ലോക്കറിലേക്ക് വരാം. നമ്മള്‍ ഈ സി.സി.ടി.വി ഡിസ്‌ക് കൊണ്ടുപോയി കണക്ട് ചെയ്യുന്ന കമ്പ്യൂട്ടറില്‍ റൈറ്റ് ബ്ലോക്കര്‍ ഇല്ലെങ്കില്‍, നമ്മള്‍ കണക്ട് ചെയ്യുന്ന ഈ എക്സ്റ്റേര്‍ണല്‍ ഡിവൈസും കമ്പ്യൂട്ടറും തമ്മില്‍ കമ്മ്യൂണിക്കേഷന്‍ നടക്കുകയും അതുവഴി പുതിയ ഡാറ്റ എഴുതപ്പെടാനും സാധ്യതയുണ്ട്.

ഉദാഹരണത്തിന്, തെളിവായി സമര്‍പ്പിക്കേണ്ട ദൃശ്യങ്ങളുള്ള സി.സി.ടി.വി ഡിസ്‌കിലെ ഒരു ഫയല്‍ റൈറ്റ് ബ്ലോക്കര്‍ ഇല്ലാത്ത കമ്പ്യൂട്ടറില്‍ തുറന്നുനോക്കുകയാണെങ്കില്‍ അതിലെ, അവസാനം ഫയല്‍ തുറന്നുകണ്ട സമയം പുതിയ സമയമായി ഡിസ്‌കില്‍ രേഖപ്പെടുത്തപ്പെടും. അതോടെ ഡിസ്‌കിലെ ഡാറ്റയില്‍ മാറ്റം വരും. അങ്ങനെ മാറ്റം വന്നാല്‍ ഫൊറന്‍സിക് അനാലിസിസിലൂടെ ആ ഡിസ്‌കിന്റെ ഹാഷ് വാല്യൂവില്‍ വന്ന മാറ്റം മനസിലാക്കാന്‍ കഴിയും. ഇങ്ങനെയാണ് നിലവില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അടക്കം പ്രധാനപ്പെട്ട രേഖകള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വീണ്ടും ആക്സസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

ഈ സി.സി.ടി.വി ഡിസ്‌കിന്റെ കാര്യം പറഞ്ഞത് പോലെ തന്നെയാണ് ഒരു പെന്‍ഡ്രൈവോ കാര്‍ഡോ ആയാലും. റൈറ്റ് ബ്ലോക്കര്‍ ഇല്ലാത്ത ഒരു കമ്പ്യൂട്ടറില്‍ കൊണ്ടുപോയി ഒരു പെന്‍ഡ്രൈവ് കണക്ട് ചെയ്താല്‍ തീര്‍ച്ചയായും അതിലെ ഡാറ്റയില്‍ മാറ്റം വരും. അതുകൊണ്ടാണ് തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള ആധികാരിക മാര്‍ഗമായി സൈബര്‍ ഫൊറന്‍സിക് സയന്‍സ് ഹാഷിങ്ങിനെ കാണുന്നത്.

Related Stories

No stories found.
The Cue
www.thecue.in